വീടകങ്ങളില്‍ സുരക്ഷിതരല്ലാത്ത സ്ത്രീകള്‍; കുറ്റകൃത്യങ്ങളില്‍ മൂന്നിലൊന്നിലും പ്രതികള്‍ ഭർത്താവും ബന്ധുക്കളും
ഇന്ത്യയിലെ സ്ത്രീസുരക്ഷ സംബന്ധിക്കുന്ന ചർച്ചകള്‍ പ്രധാനമായും പൊതു ഇടങ്ങളിലെ ലൈംഗികാതിക്രമങ്ങളെ കേന്ദ്രീകരിച്ചാണ്. ഡല്‍ഹിയില്‍ ശ്രദ്ധ വാള്‍ക്കർ, നിക്കി യാദവ് എന്നീ യുവതികള്‍ ലിവ് ഇൻ പങ്കാളികളാല്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ടപ്പോള്‍ ചർച്ചകള്‍ ആ വഴിക്കും തിരിഞ്ഞു. എന്നാല്‍, ഇന്ത്യയിലെ ക്രൈം ഡാറ്റ അനുസരിച്ച് യഥാർഥ്യം മറ്റൊന്നാണ്. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന പീഡനങ്ങളിൽ അധികവും ഗാർഹിക പീഡനമാണെന്നാണ് റിപ്പോർട്ട്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (എംഒഎസ്പിഐ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി)വിവരങ്ങൾ വിശകലനം ചെയ്ത് എംഒഎസ്പിഐയാണ് റിപ്പോർട്ട് തയാറാക്കിയത്. ഇതനുസരിച്ച് 2016 മുതൽ 2021 വരെ റിപ്പോർട്ട് ചെയ്ത സ്ത്രീക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ മൂന്നിൽ ഒന്ന്, ഭർത്താവിന്റെയോ ബന്ധുക്കളുടെയോ ഭാഗത്തുനിന്നുള്ള പീഡനമാണ്.
രാജ്യത്ത് വളരെ സാധാരണമായി കാണുന്ന ഗാർഹിക പീഡനമാണ് സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് റിപ്പോർട്ടിൽ പറയുന്നു
എംഒഎസ്പിഐ ഈ മാസം ആദ്യം പുറത്തിറക്കിയ 'വുമൺ ആൻഡ് മെൻ ഇൻ ഇന്ത്യ 2022' റിപ്പോർട്ടിൽ വിവാഹേതര ബന്ധങ്ങളിലും ലിവ് ഇൻ പങ്കാളിയുടെ ഭാഗത്തുനിന്നും ഇത്തരം കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നതായും വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, ഇന്ത്യയിൽ വളരെ സാധാരണമായി മാറിയ ഗാർഹിക പീഡനമാണ് സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും റിപ്പോർട്ടിൽ പറയുന്നു. 2016 മുതൽ 2021 വരെയുള്ള ആറ് വർഷത്തിനിടെ സ്ത്രീകൾക്കെതിരായി 22.8 ലക്ഷം കുറ്റകൃത്യങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 7 ലക്ഷം കേസുകളിലും പ്രതികൾ ഭർത്താവോ ലിവ് ഇൻ പങ്കാളിയോ അവരുടെ ബന്ധുക്കളോ ആണ്. ഇതുപ്രകാരം മനഃപ്പൂർവം സ്ത്രീകൾക്ക് നേരെ നടത്തുന്ന ശാരീരികമായോ മാനസികമായോ ഉള്ള അക്രമം വിവരിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 എ വകുപ്പ് പ്രകാരമാണ് കേസുകൾ ഫയൽ ചെയ്തിരിക്കുന്നത്. ഇത്തരം കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ, മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാം.
2016 മുതൽ 2021 വരെയുള്ള കാലയളവിൽ, സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന മനഃപ്പൂർവം ചെയ്യുന്ന കുറ്റകൃത്യം അടയാളപ്പെടുത്തുന്ന 354 -ാം വകുപ്പ് പ്രകാരം അഞ്ച് ലക്ഷത്തില്‍പരം കേസുകളാണ് ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്തത്. ഇതിൽ തട്ടിക്കൊണ്ടുപോകലും വളരെ സാധാരണമായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. 1.96 ലക്ഷം ബലാത്സംഗ കേസുകളും ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക്. അസമിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 2021ൽ മാത്രം 498 എ വകുപ്പ് പ്രകാരം 13,000 കേസുകളാണ് അസമിലുണ്ടായത്. രണ്ടാം സ്ഥാനത്ത് തെലങ്കാനയും പിന്നാലെ ഡൽഹിയും രാജസ്ഥാനും പശ്ചിമ ബംഗാളും ഹരിയാനയുമാണുള്ളത്. കുറ്റകൃത്യങ്ങൾ ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്തത് ഗോവയിലും.
സമീപകാലത്തായി സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തലസ്ഥാനത്തും രാജ്യത്തും വർധിച്ചുവരുന്നതായി റിപ്പോർട്ടുകളുണ്ട്. ഡൽഹിയിലും മറ്റിടങ്ങളിലും ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത വാർത്തകൾ ഏറെ ചർച്ചയായിരുന്നു. ശ്രദ്ധ വാൾക്കർ കൊലപാതകവും നിക്കി യാദവ് കൊലപാതകവും ഇവയിൽ ചിലത് മാത്രമാണ്. അനുദിനം വർധിച്ചുവരുന്ന ഇത്തരം കൊലപാതകങ്ങളിൽ കൂടുതൽ പങ്കും പങ്കാളിക്കാണെന്നും എംഒഎസ്പിഐയുടെ റിപ്പോർട്ടിൽ വ്യക്തമാണ്.