തീരശോഷണ ഭീഷണിയില്‍ തമിഴ്‌നാട് ; കടല്‍ കയറിയത് 423 കിലോമീറ്ററില്‍

തീരശോഷണ ഭീഷണിയില്‍ തമിഴ്‌നാട് ; കടല്‍ കയറിയത് 423 കിലോമീറ്ററില്‍

1990 മുതല്‍ 2018 വരെ തീരശോഷണം കാരണം തമിഴ്നാടിന് 1,802 ഹെക്ടര്‍ ഭൂമി നഷ്ടപ്പെട്ടു
Updated on
1 min read

തീരം സംരക്ഷിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ രണ്ട് ദശാബ്ദക്കാലത്തെ ശ്രമങ്ങള്‍ ഫലം കാണാതെ തുടരുകയാണ്. 991.47 കിലോമീറ്റര്‍ തീരപ്രദേശമുള്ള തമിഴ്നാട്ടില്‍ 422.94 കിലോമീറ്ററോളം തീരശോഷണം നേരിടുകയാണ്. തീരസംരക്ഷണത്തിനായി കടല്‍ ഭിത്തികളും, പുലിമുട്ടും സംരക്ഷണമതിലുകളുമൊക്കെ നിര്‍മിച്ചെങ്കിലും പരിഹാരമായിട്ടില്ല. കൂടുതല്‍ പ്രകൃതി സൗഹാര്‍ദമായ സംരക്ഷണവഴികള്‍ക്കായി പോരാടുകയാണ് സംസ്ഥാന തീര നയ രൂപികരണ സമിതി.

നാഷണല്‍ ഷോര്‍ലൈന്‍ അസസ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് (എന്‍സിസിആര്‍) ആണ് തമിഴ്നാട് തീരത്തെ മാറ്റങ്ങളുടെ വിലയിരുത്തല്‍ നടത്തിയത്. തമിഴ്നാടിനായുള്ള മറൈന്‍ സ്‌പേഷ്യല്‍ പ്ലാനിങ് എന്ന വിഷയത്തില്‍ നടന്ന ശില്‍പശാലയില്‍ പൊതുമരാമത്ത്, ഹൈവേ, മൈനര്‍ തുറമുഖ വകുപ്പ് മന്ത്രി ഇ വി വേലു ആണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. റിപ്പോര്‍ട്ട് അനുസരിച്ച്, പശ്ചിമ ബംഗാളാണ് തീരശോഷണം ഏറ്റവുമധികം നേരിടുന്നത്. 60.5 ശതമാനം, പുതുച്ചേരിയാണ് രണ്ടാമത് (56.2%), മൂന്നാമതായി സമാന പ്രതിസന്ധി നേരിടുന്നത് കേരളമാണ്(46.4%). നാലാമതാണ് തമിഴ്നാട്. 1990 മുതല്‍ 2018 വരെ തീരശോഷണം കാരണം തമിഴ്നാടിന് 1,802 ഹെക്ടര്‍ ഭൂമി നഷ്ടപ്പെട്ടു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് 413.37 ഹെക്ടറില്‍ കടല്‍ കയറിയ രാമനാഥപുരത്താണ്. നാഗപട്ടണത്ത് 283.69 ഹെക്ടറും കാഞ്ചീപുരത്ത് 186.06 ഹെക്ടറും നഷ്ടപ്പെട്ടു. എന്നാല്‍ ചെന്നൈയ്ക്ക് നഷ്ടമായത് 5.03 ഹെക്ടര്‍ മാത്രം.

കടല്‍ഭിത്തികള്‍ പോലെയുള്ള നിര്‍മിതികള്‍ സമീപ വര്‍ഷങ്ങളില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കിയെന്നും അതിനാല്‍ അത്തരം നിര്‍മിതികള്‍ നിരുത്സാഹപ്പെടുത്തുന്നുവെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ മൂല്യനിര്‍ണയ സമിതി അംഗം കൂടിയായ എന്‍സിസിആര്‍ ഡയറക്ടര്‍ എംവി രമണ മൂര്‍ത്തി പറഞ്ഞു. പകരം ബീച്ച് പരിപാലിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് അനുകൂല ഘടകമാകുന്നത്. പുതുച്ചേരി ബീച്ച് സംരക്ഷണത്തിന് നിർണായകമായ കൃത്രിമ പവിഴപ്പുറ്റുകളുടെ പദ്ധതി ഇതിനുള്ള മികച്ച ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍സിസിആര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത് തമിഴ്നാട് ഇതിനകം 134 കിലോമീറ്ററില്‍ 251 തീരസംരക്ഷണ ഭിത്തികള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നാണ്. ഇത് മൊത്തം തീരപ്രദേശത്തിന്റെ 13.5% ആണ്.

logo
The Fourth
www.thefourthnews.in