മാതൃ-ശിശു മരണം കൂടുതൽ ഇന്ത്യയിൽ; കണക്കുകള്‍ പുറത്തുവിട്ട് ഐക്യരാഷ്ട്ര സഭ
മാതൃ ശിശു മരണങ്ങളും, ചാപിള്ള ജനനങ്ങളും ഏറ്റവും കൂടുതല്‍ നടക്കുന്നത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ടുകള്‍. ലോകത്ത് 60 ശതമാനം മാതൃ ശിശു മരണങ്ങള്‍ സംഭവിക്കുന്ന പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനത്താണ് ഇന്ത്യ. ഐക്യരാഷ്ട്രസസഭ, ലോകാരോഗ്യ സംഘടന, യൂനിസെഫ് എന്നീ സംഘടനകള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ള കണക്കുകളാണ് പുറത്ത് വന്നത്.
ആഫ്രിക്കയിലും ദക്ഷിണേഷ്യയിലുമാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020-21 വര്‍ഷത്തില്‍ ലോകത്ത് ആകെ 45 ലക്ഷം മാതൃ ശിശു മരണങ്ങളാണ് നടന്നത്. ഇന്ത്യയില്‍ ഈ സമയത്ത് 7.88 ലക്ഷം മാതൃ ശിശു മരണങ്ങള്‍ സംഭവിച്ചു. 2.3 ലക്ഷം ശിശുമരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ചാപിള്ളകളുടെ എണ്ണം പത്ത് ലക്ഷത്തിലധികമാണ്. ഇന്റര്‍നാഷണല്‍ മെറ്റേണല്‍ ന്യൂബോണ്‍ ഹെല്‍ത്ത് സമ്മേളനത്തിലാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്.
ലോകത്തെ ജനനങ്ങളില്‍ 17 ശതമാനം നടക്കുന്നത് ഇന്ത്യയിലായതിനാലാണ് ഇവിടെ മരണനിരക്ക് കൂടുന്നത്. നൈജീരിയ, പാകിസ്താന്‍, കോംഗോ, ഏതോപ്യ, ബംഗ്ലാദേശ്, ചൈന എന്നിവയാണ് ഇതിന് തൊട്ടുപിന്നില്‍. സബ് സഹാറന്‍ ആഫ്രിക്കയും മധ്യ ദക്ഷിണേഷ്യയുമാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നേരിടുന്ന പ്രദേശങ്ങള്‍.
2000 മുതല്‍ മാതൃ ശിശു മരണനിരക്കിലും കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ 2015 മുതലാണ് ഇതില്‍ ക്രമാതീതമായ വര്‍ധനവുണ്ടായത്. ഇതിന് പുറമേ കോവിഡിന്റെ വ്യാപനവും കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചു. പ്രശ്‌നബാധിത പ്രദേശമായ സ്ഥലത്തേയ്ക്ക് കൂടുതല്‍ ആരോഗ്യ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ പുരോഗതിയുണ്ടാവുകയുള്ളൂ എന്നും ഐക്യരാഷ്ട്ര സഭ നിരീക്ഷിച്ചു.
പ്രസവസമയത്തും പ്രസാവനന്തരവും അമ്മയ്ക്കും കുഞ്ഞിനും വേണ്ട രീതിയിലുള്ള പരിചരണം ലഭിക്കാത്തതിന്റെ ഫലമായാണ് മരണനിരക്കിലെ വർധന. അടിയന്തരമായി ജീവന്‍ രക്ഷാ ഇടപെടലുകള്‍ നടപ്പിലാക്കിയാല്‍ മാത്രമേ ഈ കണക്കുകളില്‍ കുറവ് വരുത്താനാകൂ എന്നും സമ്മേളനത്തില്‍ അഭിപ്രായമുയർന്നു.ആഫ്രിക്കയിലും ദക്ഷിണേഷ്യയിലും എട്ടില്‍ നാല് സ്ത്രീ പോലും ഗര്‍ഭകാല പരിശോധനകള്‍ നടത്തുന്നില്ല.