കാലാവസ്ഥാ വ്യതിയാനം: ചൂട് കാരണം ഇന്ത്യയില്‍ മരണങ്ങള്‍ വര്‍ധിക്കുന്നു
അന്തരീക്ഷ താപനില കൂടിയതിനെത്തുടർന്ന് ഇന്ത്യയില്‍ മരണങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ചൂട് മൂലം 2000-2004 കാലയളവില്‍ 20,000 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്, എന്നാല്‍ 2017-2021 ആയപ്പോഴേക്കും അത് 31,000 ആയി വര്‍ധിച്ചെന്നാണ് ലാന്‍സെറ്റ് കൗണ്ട്ഡൗണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 65 വയസ്സിന് മുകളിലുളളവരാണ് മരിച്ചവരിലേറെയും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതം നേരിടുന്നതിലേറെയും സാധാരണക്കാരായ ജനങ്ങളാണ്.
1951 മുതല്‍ ഓരോ മാസവും 5.6 ശതമാനം എന്ന നിരക്കിലാണ് ചൂട് കൂടുന്നത്. കാലാവസ്ഥാ വ്യതിയാനം ലോകത്തെ ജനങ്ങളുടെ ജീവിതത്തില്‍ പല പ്രത്യക്ഷമായ മാറ്റങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഇതാണ് ആരോഗ്യാവസ്ഥയെയും മോശമാക്കുന്നത്.
പല രാജ്യങ്ങളിലും സബ്‌സിഡികള്‍ വഴി ഫോസില്‍ ഇന്ധന ഉപഭോഗത്തിന് സര്‍ക്കാരുകള്‍ പിന്തുണ നല്‍കുന്നുണ്ട്. ഇത് വലിയ പ്രത്യാഘാതങ്ങളാണ് ആഗോളതലത്തില്‍ സൃഷ്ടിക്കുക.
അതാത് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. ലോകത്തെ പല രാജ്യങ്ങളും ഫോസില്‍ ഇന്ധനത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നവരാണ്. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പല രാജ്യങ്ങളിലും സബ്‌സിഡി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അന്തരീക്ഷത്തില്‍ വലിയ തോതിലുള്ള മലിനീകരണം ഉണ്ടാക്കുന്നു. 80 ശതമാനം രാജ്യങ്ങളില്‍ നിന്നായി 400 ബില്യണ്‍ ഡോളര്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്കായി സബ്‌സിഡി നല്‍കിയിട്ടുണ്ടെന്ന് കണ്ടെത്തി. പകര്‍ച്ചവ്യാധികള്‍, ഉഷ്ണരോഗങ്ങള്‍, വായു മലിനീകരണം എന്നിവയെല്ലാം ഇതേത്തുടര്‍ന്ന് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളാണ്.ഫോസില്‍ ഇന്ധന മലിനീകരണം മൂലം 2020 ല്‍ ഇന്ത്യയില്‍ 3,30,000 ത്തിലധികം ആളുകള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ലോകത്തെ പല രാജ്യങ്ങളും ഫോസില്‍ ഇന്ധനത്തിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്
ഇന്ത്യയില്‍ 34 ബില്യണ്‍ ഡോളര്‍ സബ്‌സിഡിയാണ് ഫോസില്‍ ഇന്ധനങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം നല്‍കിയത്. റിപ്പോര്‍ട്ടിലെ കണക്കുകളോട് പ്രതികരിച്ച് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് രംഗത്തെത്തി. തീവ്രമായ വരള്‍ച്ചയും വെള്ളപ്പൊക്കവും പകര്‍ച്ചവ്യാധികളടക്കം നിരവധി പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത മാസം ആദ്യം ഈജിപ്തില്‍ യുഎന്‍ കാലാവസ്ഥ സമ്മേളനത്തിന്റെ 27ാം സെഷന്‍ നടക്കുകയാണ്. ആഗോളതലത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരമെന്ന രീതിയില്‍ ഓരോ രാജ്യങ്ങളോടും നിര്‍ദേശം നല്‍കാനും യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.