'തൊഴിലാളികളെ ഉപയോഗിച്ച് തടസങ്ങള്‍ നീക്കും'; സിൽക്യാര തുരങ്കത്തിൽ രക്ഷാപ്രവർത്തനം നീളും
ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള നടപടികൾ പതിനഞ്ചാം ദിവസവും തുടരുന്നു. യന്ത്ര തകരാറിനെത്തുടര്‍ന്ന് പാതിവഴിയില്‍ പ്രതിസന്ധിയിലായ രക്ഷാപ്രവര്‍ത്തനം തൊഴിലാളികളെ ഉപയോഗിച്ച് പൂര്‍ത്തിക്കാനാണ് പുതിയ നീക്കം.
തൊഴിലാളികളെ രക്ഷിക്കാനുള്ള വഴി തുരക്കുന്നതിനിടെ പൊട്ടിയ ഡ്രില്ലിങ് യന്ത്രം നീക്കും. രക്ഷാപ്രവർത്തനത്തിനുള്ള തുരങ്കത്തിനായുള്ള ഡ്രില്ലിങ് നടക്കുന്നതിനിടെ യന്ത്രത്തിന്റെ ബ്ലേഡ് ഇരുമ്പ് പൈപ്പിൽ കുടുങ്ങി പൊട്ടുകയായിരുന്നു. തുരങ്കത്തിലകപ്പെട്ട തൊഴിലാളികൾക്ക് അടുത്തെത്താൻ തുരങ്കത്തിലെ പാറകളും കോൺക്രീറ്റും തുരക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ഓഗർ എന്നറിയപ്പെടുന്ന ഡ്രില്ലിങ് ഉപകരണം കേടായത്.
ഡ്രില്ലിങ് മെഷിന്റെ ഭാഗം മുറിച്ച് മാറ്റുന്നതിനായി കഴിഞ്ഞ ദിവസം ഹൈദരാബാദിൽനിന്ന് പ്ലാസ്മ കട്ടർ കൊണ്ടുവന്നു. 86 മീറ്റർ ദുരം തുരന്നാലാണ് തൊഴിലാളികളെ രക്ഷപ്പെടുത്താൻ സാധിക്കുക ഇതിൽ 20 മീറ്റർ ദൂരം തുരന്നതായാണ് റിപ്പോർട്ട്. അതേസമയം തുരങ്കത്തിന്റെ വശത്തുനിന്നും തൊഴിലാളികള്‍ക്ക് അടുത്തേക്ക് എത്താനുള്ള ശ്രമങ്ങളും നടത്തും. ഡ്രില്ലിങ് പൂർത്തിയാക്കാൻ ഇനിയും 100 മണിക്കൂർ വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.
തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾ ആരോഗ്യവാന്മാരാണെന്നും ഭക്ഷണവും മരുന്നുകളും ഇവർക്ക് ലഭ്യമാക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ദേശീയ ദുരന്തനിവാരണ സേനയിലെ സയ്യിദ് അത ഹസ്നൈൻ പറഞ്ഞു. തൊഴിലാളികളെ പുറത്തുകൊണ്ടുവരാനുള്ള സാധ്യമായ എല്ലാ മാർഗങ്ങളും പരിശോധിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയും പ്രതികരിച്ചു.
15 സെന്റീമീറ്റർ വ്യാസമുള്ള പൈപ്പിലൂടെയാണ് തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കുന്നത്. മറ്റൊരു പൈപ്പിലൂടെ ഓക്സിജനും ലഭ്യമാക്കുന്നു. തൊഴിലാളികളുടെ ആരോഗ്യം വിശകലനം ചെയ്യുന്നതിനായി മാനസികാരോഗ്യ വിദഗ്ധരടക്കമുള്ള ഡോക്ടർമാർ തുരങ്കത്തിന് പുറത്തുണ്ട്.
ഈ മാസം 12 നാണ് ജോലിക്കിടെ തുരങ്കത്തിൽ മണ്ണിടിച്ചിലുണ്ടായി തൊഴിലാളികൾ കുടുങ്ങിയത്. പുറത്തെത്തിക്കുന്ന തൊഴിലാളികൾക്കായി ആംബുലൻസുകളും മെഡിക്കൽ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പുറത്തെത്തിച്ചശേഷം ആരോഗ്യനില പരിശോധിച്ച് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റും.
അപകടം നടന്ന സിൽക്യാര ടണലിന് 4.5 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. അപകടം സംഭവച്ചാൽ തുരങ്കത്തിൽ രക്ഷാപ്രവർത്തനത്തിനുള്ള റൂട്ട് നിർദ്ദേശിച്ചിരുന്നെങ്കിലും പ്ലാനുകൾ പ്രകാരം തീരുമാനം നടപ്പാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുരങ്കത്തിന് തകർച്ചയോ മണ്ണിടിച്ചിലോ മറ്റെന്തെങ്കിലും ദുരന്തമോ ഉണ്ടായാൽ വാഹനങ്ങളിൽ കടന്നുപോകുന്ന ആളുകളെ രക്ഷപ്പെടുത്താനാണ് തുരങ്കങ്ങൾക്കുള്ളിൽ ഇത്തരം രക്ഷപ്പെടാനുള്ള റൂട്ടുകൾ ഉപയോഗിക്കുന്നത്. ഓരോ മൂന്ന് കിലോ മീറ്റർ ദുരത്തിലും ഇത്തരത്തിൽ രക്ഷാപ്രവർത്തനത്തിനുള്ള പാത ഉണ്ടാക്കണമെന്നാണ് നിർദ്ദേശങ്ങൾ.