ബലാത്സംഗക്കൊല: ആർജി കർ മെഡിക്കല്‍ കോളജിലെ 51 ഡോക്ടർമാർക്കെതിരെ നടപടി; മുൻ പ്രിൻസിപ്പലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
DIBYANGSHU SARKAR

ബലാത്സംഗക്കൊല: ആർജി കർ മെഡിക്കല്‍ കോളജിലെ 51 ഡോക്ടർമാർക്കെതിരെ നടപടി; മുൻ പ്രിൻസിപ്പലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ജൂനിയർ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ പ്രതിഷേധം ഒരുമാസമായിട്ടും അണയാതെ തുടരുകയാണ്
Updated on
1 min read

ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലയ്ക്ക് ഇരയായ കൊല്‍ക്കത്തയിലെ ആർജി കർ മെഡിക്കല്‍ കോളജിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആശുപത്രി അധികൃതർ. സ്ഥാപനത്തില്‍ ഭീഷണിസംസ്കാരം അനുവദിച്ചതിനും ജനാധിപത്യ അന്തരീക്ഷം അപകടത്തിലാക്കിയതും ആരോപിച്ച് 51 ഡോക്ടർമാർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സെപ്റ്റംബർ 11ന് ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരാകാനും ഡോക്ടർമാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

സമിതിക്ക് മുന്നില്‍ നിരപരാധിത്വം ഡോക്ടർമാർ തെളിയിക്കേണ്ടതുണ്ടെന്നും നോട്ടീസില്‍ പറയുന്നു. ഹാജരായില്ലെങ്കില്‍ ഡോക്ടർമാരെ ക്യാമ്പസിനുള്ളില്‍ വിലക്കുമെന്നും അധികൃതർ വ്യക്തമാക്കി. കോളജിലെ പ്രവർത്തനങ്ങളില്‍ പങ്കെടുക്കരുതെന്നും നിർദേശമുണ്ട്. സീനിയർ ഡോക്ടർമാർ, ഹൗസ് സ്റ്റാഫ്, ഇന്റേണ്‍സ്, പ്രൊഫസർമാർ തുടങ്ങിയവരാണ് പട്ടികയിലുള്ളത്.

ആർജി കർ മെഡിക്കല്‍ കോളേജിലെ മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിനെ സെപ്റ്റംബർ 23 വരെ സിബിഐ പ്രത്യേക കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. സന്ദീപിന്റെ സുരക്ഷ ഉദ്യോഗസ്ഥനായ അഫ്സർ അലി, സഹായികളെന്ന് കരുതപ്പെടുന്ന ബിപ്ലബ് സിൻഹ, സുമൻ ഹസ്‌‍റ എന്നിവരേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ആവശ്യമെങ്കില്‍ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും കോടതിയില്‍ സിബിഐ പറഞ്ഞു. സെപ്റ്റംബർ രണ്ടിനാണ് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ സന്ദീപിനെ അറസ്റ്റ് ചെയ്യുന്നത്. ജൂനിയർ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകവെയായിരുന്നു അറസ്റ്റ്.

ബലാത്സംഗക്കൊല: ആർജി കർ മെഡിക്കല്‍ കോളജിലെ 51 ഡോക്ടർമാർക്കെതിരെ നടപടി; മുൻ പ്രിൻസിപ്പലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ശ്വാസകോശ അണുബാധ: സീതാറാം യെച്ചൂരിയുടെ നില അതീവഗുരുതരം, വെന്റിലേറ്ററില്‍

അതേസമയം, ജൂനിയർ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ പ്രതിഷേധം ഒരുമാസമായിട്ടും അണയാതെ തുടരുകയാണ്. നൂറിലധികം ജൂനിയർ ഡോക്ടർമാർ സംസ്ഥാന ആരോഗ്യ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഹെല്‍ത്ത് സെക്രട്ടറിയുടെ രാജിയും മറ്റ് അഞ്ച് ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ടായിരുന്നു മാർച്ച്.

തലച്ചോറിന്റേയും കണ്ണുകളുടേയും ചൂലിന്റേയും മാതൃകകള്‍ വഹിച്ചായിരുന്നു പ്രതിഷേധം. ആരോഗ്യസംവിധാനം ഉടച്ചുവാർക്കുന്നതിന് ഹെല്‍ത്ത് സെക്രട്ടറിക്ക് തലച്ചോറ് സമ്മാനിക്കുക എന്നതായിരുന്നു പ്രതിഷേധക്കാരുടെ പദ്ധതി. നേരത്തെ നട്ടെല്ലിന്റെ മാതൃകയുമായും ജൂനിയർ ഡോക്ടർമാർ പ്രതിഷേധം നടത്തിയിരുന്നു.

ജൂനിയർ ഡോക്ടറിന്റെ ബലാത്സംഗക്കൊലയില്‍ അതിവേഗനടപടിയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. കുറ്റവാളികളെ കണ്ടെത്തുകയും ശക്തമായ ശിക്ഷ ഉറപ്പാക്കണമെന്നും ജൂനിയർ ഡോക്ടർമാർ പറയുന്നു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ച കൊല്‍ക്കത്ത പോലീസ് കമ്മിഷണർ വിനീത് ഗോയലിന്റെ രാജിയും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

സംസ്ഥാനത്തുടനീളം ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവർക്ക് സുരക്ഷിതമായ തൊഴിലിടം സർക്കാർ ഉറപ്പാക്കണമെന്നാണ് മറ്റൊരു ആവശ്യം. ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ഭയപ്പെടാതെ ജോലി ചെയ്യാനും ജനാധിപത്യപരമായ അന്തരീക്ഷം സൃഷ്ടിക്കാനും സാധിക്കണമെന്നും ജൂനിയർ ഡോക്ടർമാർ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in