മഹാരാഷ്ട്രയിൽ 5 മാസത്തിനിടെ നടന്നത് അൻപതോളം മുസ്ലിം വിരുദ്ധ റാലികൾ; സാമ്പത്തിക ബഹിഷ്‌കരണത്തിന് ആഹ്വാനം
മഹാരാഷ്ട്രയിൽ, മുസ്ലിം വിഭാഗങ്ങൾക്കെതിരായ റാലികളും വിദ്വേഷ പ്രസംഗങ്ങളും വർധിക്കുന്നതായി റിപ്പോർട്ട്. 2022 നവംബർ മുതൽ മാർച്ച് വരെ മഹാരാഷ്ട്രയിലെ 36 ജില്ലകളിലായി അൻപതോളം മുസ്ലിം വിരുദ്ധ റാലികൾ സംഘടിപ്പിക്കപ്പെട്ടു എന്നാണ് കണക്ക്. തീവ്ര ഹിന്ദുത്വ സംഘടനയായ 'ഹിന്ദു ജന ആക്രോശ് മോർച്ച' യാണ് ഇവയ്ക്ക് നേതൃത്വം വഹിച്ചത്. റാലികൾക്കൊടുവിൽ നടക്കുന്ന പ്രസംഗങ്ങളിൽ 'ലവ് ജിഹാദ്', 'നിർബന്ധിത മത പരിവർത്തനം' തുടങ്ങിയ ആരോപണങ്ങളാണ് ന്യൂനപക്ഷങ്ങൾക്കെതിരെ സംഘടനയുടെ നേതാക്കൾ ഉന്നയിക്കുന്നത്. അടുത്തിടെ നടന്ന പരിപാടിയിൽ മുസ്ലിം വിഭാഗങ്ങളെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്ന ആഹ്വാനമുണ്ടായതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.
പ്രവാചക നിന്ദ കേസിലാണ് ബിജെപി സസ്പെൻഡ് ചെയ്ത ടി രാജാ സിങ് എംഎൽഎ റാലികളിലെ സ്ഥിരം സാന്നിധ്യമാണ്
ഇത്തരം റാലികളുമായി ബന്ധമില്ലെന്ന് ബിജെപി വാദിക്കുമ്പോഴും മിക്ക പരിപാടികളിലും ബിജെപി എംഎൽഎമാരും എംപിമാരും സജീവ സാന്നിധ്യമാണ്. പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവും തെലങ്കാന എംഎൽഎയുമായ ടി രാജ സിങ്, കാളീചരൺ മഹാരാജ്, കാജൽ ഹിന്ദുസ്ഥാനി എന്നിവരുൾപ്പെടെയുള്ള തീവ്ര വലതുപക്ഷ നേതാക്കൾ വലിയ തോതിലുള്ള വിദ്വേഷമാണ് പ്രസംഗ വേദികളിലൂടെ പ്രചരിപ്പിക്കുന്നത്. മാർച്ച് 12ന് മുംബൈയിലെ മീര റോഡിൽ നടന്ന റാലിയിലാണ് ചിലർ മുസ്ലീങ്ങളെ സാമ്പത്തിക ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തത്. "സുപ്രീംകോടതിക്കോ മാധ്യമങ്ങൾക്കോ രാഷ്ട്രീയ നേതാക്കൾക്കോ സാമ്പത്തികമായി ബഹിഷ്കരിക്കുന്നതിൽ നിന്ന് തടയാനാകില്ല. ലവ് ജിഹാദും ഭൂമി ജിഹാദും നിർബന്ധിത മത പരിവർത്തനവും നടത്തുന്ന മുസ്ലിം വിഭാഗത്തിനെ നേരിടാനുള്ള ഏറ്റവും നല്ല മാർഗമാണിത്" കാജൽ ഹിന്ദുസ്ഥാനി പറഞ്ഞു. ബിജെപി എംഎൽഎ നിതേഷ് റാണെയും മറ്റ് പ്രാദേശിക ബിജെപി നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സുപ്രീംകോടതിയുടെ നിർണ്ണായകമായ നിരവധി വിധികളുണ്ടെന്നിരിക്കെയാണ് പൊതുസ്ഥലങ്ങളിൽ ഇത്തരം പ്രസംഗങ്ങൾ നിത്യസംഭവമാകുന്നത്. പ്രസംഗങ്ങളുടെയെല്ലാം ദൃശ്യങ്ങൾ പോലീസ് പകർത്താറുണ്ടെങ്കിലും ഇതുവരെയും കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. ദൃശ്യങ്ങളിലെ പ്രസംഗങ്ങൾ കൃത്യമായി കേൾക്കുകയും ആവശ്യമുള്ളവരിൽ നിന്ന് നിയമോപദേശം തേടുകയും ചെയ്യുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര പോലീസ് വ്യക്തമാക്കി.
ഇതിനോടകം തന്നെ സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി വിദ്വേഷ പ്രസംഗ കേസുകളിൽ പ്രതികളാണ് ടി രാജ സിങ്ങും കാളീചരൺ മഹാരാജും. പ്രവാചക നിന്ദ കേസിൽ കഴിഞ്ഞ ഓഗസ്റ്റിലാണ് ടി രാജയെ ബിജെപി പാർട്ടിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തത്. കൂടാതെ ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയെ പ്രശംസിച്ച കേസിൽ 2021 ഡിസംബറിൽ കാളീ മഹാരാജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹിന്ദു രാഷ്ട്രത്തിന് വേണ്ടി നിത്യം വാദിക്കുന്നയാൾ കൂടിയാണ് കാളീരാജ്.