നിതീഷ് കുമാര്‍
നിതീഷ് കുമാര്‍

കുര്‍ഹാനിയിലെ പരാജയത്തെ ചൊല്ലി മഹാസഖ്യത്തില്‍ ഉലച്ചില്‍; നിതീഷ് രാജിവെയ്ക്കണമെന്ന് ഒരു വിഭാഗം ആര്‍ജെഡി നേതാക്കള്‍

നിതീഷ് കുമാറിനെതിരെ ബിജെപിയും രംഗത്ത്
Updated on
1 min read

ബിഹാറിലെ കുര്‍ഹാനി ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെയ്ക്കണമെന്ന ആവശ്യവുമായി ആര്‍ജെഡി നേതാക്കള്‍. നിതീഷിനും പാര്‍ട്ടിക്കുമെതിരെ കടുത്ത വിമര്‍ശനമാണ് കുര്‍ഹാനി പരാജയത്തിന്റെ പേരില്‍ ആര്‍ജെഡിയ്ക്കുള്ളില്‍ നിന്ന് ഉയരുന്നത്. ആര്‍ജെഡിയുടെ മുന്‍ എംഎല്‍എ അനില്‍ കുമാര്‍ സാഹ്നിയുടെ നേതൃത്വത്തിലാണ് ജെഡിയുവിനെതിരായ നീക്കങ്ങള്‍. ധാര്‍മികതയുടെ പേരില്‍ നിതീഷ് കുമാര്‍ രാജിവെയ്ക്കണമെന്നും മുഖ്യമന്ത്രി സ്ഥാനം തേജസ്വിനി യാദവിന് കൈമാറണമെന്നുമാണ് ആര്‍ജെഡിയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്.

നിതീഷ് കുമാര്‍ രാജിവെയ്ക്കണമെന്നും മുഖ്യമന്ത്രി സ്ഥാനം തേജസ്വിനി യാദവിന് കൈമാറണമെന്നുമാണ് ആവശ്യം

കുര്‍ഹാനിയിലേത് മഹാസഖ്യത്തിന്റെ തോല്‍വിയല്ലെന്നും നിതീഷ്കുമാറിന്റെ മാത്രം തോല്‍വിയാണെന്നും ആര്‍ജെഡി നേതാവ് അനില്‍ കുമാര്‍ സാഹ്നി കുറ്റപ്പെടുത്തുന്നു. ജെഡിയുഅധ്യക്ഷന്‍ രാജീവ് രഞ്ജനെതിരെയും ആര്‍ജെഡി നേതാക്കള്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്.

2020തില്‍ കുര്‍ഹാനി മണ്ഡലത്തിൽ വിജയിച്ചയാളാണ് ആര്‍ജെഡിയുടെ അനില്‍ കുമാര്‍ സാഹ്നി. ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയായിരുന്നു മണ്ഡലത്തില്‍ ആര്‍ജെഡിയുടെ വിജയം. എന്നാല്‍ അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ നിയമസഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി. ഇതേ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമുണ്ടായത്.

അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സീറ്റ് സംരക്ഷിക്കുക എന്നതായിരുന്നു മഹാസഖ്യത്തിന് മുന്നിലുള്ള വെല്ലുവിളി. ഇക്കാര്യത്തില്‍ ജെഡിയുവില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്നാണ് ഇപ്പോള്‍ സഖ്യത്തിലുയരുന്ന ആരോപണത്തിന് പിന്നില്‍. എന്നാല്‍ പരാജയകാരണം അനില്‍ കുമാര്‍ സാഹ്നിക്കെതിരായ അഴിമതി ആരോപണമാണെന്നും അക്കാര്യത്തില്‍ പാര്‍ട്ടിക്കോ നിതീഷ് കുമാറിനോ പങ്കില്ലെന്നുമാണ് ജെഡിയു നേതൃത്വത്തിന്റെ വിശദീകരണം.

അതിനിടെ, ഉപതിരഞ്ഞെടുപ്പ് പരാജയത്തില്‍ നിതീഷ് കുമാറിനെ പരിഹസിച്ച് ബിജെപിയും രംഗത്തെത്തി. കുര്‍ഹാനിയിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ശിവാനന്ദ് തിവാരിയുടെ ആശ്രമത്തിലേയ്ക്ക് പോകണമെന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി പരിഹസിച്ചു.

logo
The Fourth
www.thefourthnews.in