മണിപ്പൂർ വംശീയ കലാപം: കേന്ദ്ര മന്ത്രിയുടെ വീടിന് ആൾക്കൂട്ടം തീയിട്ടു
മണിപ്പൂരിൽ കത്തിപ്പടരുന്ന വംശീയ കലാപത്തിൽ കേന്ദ്ര സഹമന്ത്രിയുടെ വീട് അഗ്നിക്കിരയാക്കി കലാപകാരികൾ. ആയിരത്തിലധികം പേരടങ്ങിയ ആൾകൂട്ടമാണ് കഴിഞ്ഞ ദിവസം രാത്രി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആർ കെ രഞ്ജൻ സിങ്ങിന്റെ വീടിന് തീവച്ചത്. അക്രമം നടന്ന സമയത്ത് മന്ത്രി വീട്ടിലുണ്ടായിരുന്നില്ല.
ഇംഫാലിൽ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ലംഘിച്ചാണ് കോങ്ബയിലുള്ള കേന്ദ്രമന്ത്രിയുടെ വസതിയിലേക്ക് ആൾകൂട്ടം ഇരച്ചെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെങ്കിലും ആൾക്കൂട്ടത്തെ തടുക്കാനായില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പല ദിശകളിൽ നിന്നായി ആൾകൂട്ടം പെട്രോൾ ബോംബുകൾ എറിയുകയായിരുന്നു. അവർ ഏകദേശം 12,00ഓളം പേരുണ്ടായിരുന്നുവെന്നും എസ്കോർട്ട് കമാൻഡിങ് ഓഫീസർ പറഞ്ഞു.
രണ്ടാം തവണയാണ് രഞ്ജൻ സിങ്ങിന്റെ വീടിന് നേരെ അക്രമമുണ്ടാകുന്നത്. മെയ് മാസം അവസാനം ഉണ്ടായ ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിവയ്ച്ചാണ് ആൾക്കൂട്ടത്തെ നിയന്ത്രിച്ചത്. മേയ് മൂന്നിന് ഗോത്ര വിഭാഗമായ കുകികൾ സംഘടിപ്പിച്ച 'ട്രൈബൽ സോളിഡാരിറ്റി മാർച്ചി'ന് പിന്നാലെയാണ് മണിപ്പുർ കലാപഭൂമിയാകുന്നത്. സംസ്ഥാനത്തെ ഭൂരിപക്ഷമായ മേയ്തി വിഭാഗം, പട്ടികവർഗ പദവി ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
മേയ്തികൾക്ക് ഗോത്ര പദവി ലഭിച്ചാൽ തങ്ങളുടെ ഗ്രാമങ്ങൾ അവർ കൈയേറുമെന്ന ഭയം കൂടിയാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. കൂടാതെ വനമേഖലയിൽ വസിക്കുന്ന കുകികളെ അവരുടെ റിസർവ് ഫോറസ്റ്റ് ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കുന്നതിനെ ചൊല്ലിയുള്ള പിരിമുറുക്കങ്ങളും അക്രമങ്ങൾക്ക് ആക്കം കൂട്ടി.
വംശീയ കലാപഭൂമിയായ വടക്കുകിഴക്കൻ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി ഇരു വിഭാഗങ്ങളിലെയും ബുദ്ധിജീവികളുമായി കഴിഞ്ഞമാസം രഞ്ജൻ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. വിഭജനം സൃഷ്ടിക്കുന്ന നേതാക്കളെ കണ്ടെത്താനും അപലപിക്കാനും അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. കലാപത്തിൽ 115 ലധികം ആളുകൾക്ക് ഇതുവരെ ജീവൻ നഷ്ടമായെന്നാണ് കണക്കുകൾ. 47,000 ത്തോളം ആളുകളെ വിവിധയിടങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. കൂടാതെ നൂറുകണക്കിന് വീടുകളും പള്ളികളുമാണ് ഇതുവരെ നശിപ്പിക്കപ്പെട്ടത്.
അടുത്തിടെ എൻ ബിരേൻ സിങ് സർക്കാരിലെ ഏക വനിതയും വ്യവസായ മന്ത്രിയുമായ നെംച കിപ്‌ജിന്റെ പടിഞ്ഞാറൻ ഇംഫാലിലുള്ള വീടിനും കലാപകാരികൾ തീവയ്ച്ചിരുന്നു. അക്രമം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ വിന്യസിച്ച അർദ്ധസൈനിക സേനയുടെ സാന്നിധ്യവും മണിപ്പൂരിലുണ്ട്.
സംസ്ഥാനത്തെ സമാധാനം പുനഃസ്ഥാപിക്കാനായി കേന്ദ്രം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഗവർണറുടെ മേൽനോട്ടത്തിലുള്ള സമിതിയിൽ മേയ്തി, കുകി സമുദായങ്ങളിൽ നിന്നടക്കം 51 അംഗങ്ങളാണുള്ളത്. എന്നാൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി സമാധാന ശ്രമങ്ങളോട് സഹകരിക്കില്ലെന്ന് കുകി വിഭാഗവും മേയ്തി വിഭാഗവും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെ സമിതിയിൽ അംഗമാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് സമാധാന ചർച്ചകളുടെ ഭാഗമാകില്ലെന്ന് കുകി വിഭാഗം കഴിഞ്ഞ ദിവസം അറിയിച്ചത്.