തമിഴ്നാട്ടില്‍ എടിഎമ്മുകള്‍ തകര്‍ത്ത് കവര്‍ച്ച; നഷ്ടമായത് 86 ലക്ഷം രൂപ
തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ എടിഎം തകര്‍ത്ത് കവര്‍ച്ച. നാല് എടിഎമ്മുകളില്‍ നിന്ന് കവര്‍ന്നത് 86 ലക്ഷം രൂപ. ശനിയാഴ്ച രാത്രിയാണ് തിരുവണ്ണാമലൈയിലെ നാല് എടിഎമ്മുകള്‍ മോഷണസംഘം തകര്‍ത്തത്. മാരിയമ്മന്‍ കോവില്‍, തേനി മലൈ, കലശപക്കം, പോലൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ എന്നീ പരിസരങ്ങളിലെ എടിമ്മുകളിലെ പണമിടുന്ന ഭാഗം തകര്‍ത്താണ് സംഘം കവർച്ച നടത്തിയത്.
കവര്‍ച്ച നടന്ന നാല് എടിഎമ്മുകളില്‍ ഒരെണ്ണം ഇന്ത്യാ വണ്ണിന്റേതും മൂന്നെണ്ണം എസ്ബിഐയുടേതുമാണെന്ന് പോലീസ് അറിയിച്ചു. ഗ്യാസ് വെല്‍ഡിങ് മെഷിന്‍ ഉപയോഗിച്ചാണ് എടിഎമ്മുകളിലെ ക്യാഷ് ബോക്‌സുകള്‍ തകര്‍ത്തത്. ഇത്തരത്തില്‍ ഉപയോഗിച്ച മെഷീനുകളില്‍ ഒന്ന് മോഷണശ്രമത്തിനിടെ കത്തിപ്പോകുകയും ചെയ്തു.
കവര്‍ച്ചാ സംഘത്തില്‍ എത്രപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല
പോലീസ് സംഭവസ്ഥലം പരിശോധിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പരിസരത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ധര്‍ സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത്. എന്നാല്‍ കവര്‍ച്ചാ സംഘത്തില്‍ എത്രപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല.
മോഷ്ടാക്കളെ പിടികൂടാനായി പോലീസ് സൂപ്രണ്ട് കെ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. വെല്ലൂര്‍ ഡിഐജി എംഎസ് മുത്തുസ്വാമിയും മറ്റ് സീനിയര്‍ പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന്റെ ഭാഗമാകും.