സവര്‍ക്കറെ വാഴ്ത്തുന്ന പാഠഭാഗം: ഭാവാര്‍ത്ഥം എടുത്താല്‍ മതിയെന്ന് പാഠപുസ്തക സമിതി
കന്നഡ രണ്ടാംഭാഷാ പാഠപുസ്തകത്തിലെ സവര്‍ക്കര്‍ വാഴ്ത്തലില്‍ വിശദീകരണവുമായി പാഠപുസ്തക പരിഷ്‌ക്കരണ സമിതി. സവര്‍ക്കര്‍ ബുള്‍ബുള്‍ പക്ഷികളുടെ ചിറകിലേറി പറന്നു എന്നത് ആലങ്കരിക പ്രയോഗം മാത്രമാണെന്നും അതിന്റെ ഭാവാര്‍ത്ഥം മാത്രം ഉള്‍ക്കൊള്ളുകയാണ് വേണ്ടതെന്നും സമിതിയുടെ ചെയര്‍മാനായിരുന്ന രോഹിത് ചക്ര തീര്‍ത്ഥ വ്യക്തമാക്കി.
'ഒരു താക്കോല്‍ ദ്വാരം പോലുമില്ലാതിരുന്ന ആന്‍ഡമാനിലെ ജയില്‍ മുറിയില്‍ വരുമായിരുന്ന ബുള്‍ബുള്‍ പക്ഷികളുടെ ചിറകിലേറി സവര്‍ക്കര്‍ ദിവസവും തന്റെ മാതൃരാജ്യം സന്ദര്‍ശിക്കാറുണ്ടായിരുന്നു'' എന്നായിരുന്നു പാഠപുസ്തകത്തില്‍ പറഞ്ഞിരുന്നത്. ഇതു വിവാദമായതോടെയാണ് വിശദീകരണവുമായി സമിതി അധ്യക്ഷന്‍ തന്നെ രംഗത്തുവന്നത്.
പദ്യ-ഗദ്യങ്ങളുടെ ഭാവാര്‍ത്ഥം പോലും മനസിലാകാതിരിക്കാന്‍ മാത്രം ആളുകള്‍ക്ക് ബുദ്ധിയില്ലാതായോ എന്ന് ആശ്ചര്യപ്പെടുന്നുവെന്നും ചക്രതീര്‍ത്ഥ പറഞ്ഞു. കന്നഡ എഴുത്തുകാരന്‍ കെ. റ്റി ഗട്ടിയുടെ യാത്രാവിവരണത്തില്‍ നിന്നുള്ള ഭാഗമാണ് വിവാദമായത്.
സ്വാതന്ത്ര്യ സമരകാലത്തു ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ അടക്കപ്പെട്ട ഹിന്ദു മഹാസഭാ നേതാവ് വി ഡി സവര്‍ക്കര്‍ ജയിലില്‍ അനുഭവിച്ച യാതനകള്‍ വിവരിക്കുന്നതാണ് എട്ടാം തരത്തിലെ കന്നഡ രണ്ടാം ഭാഷാ പാഠ പുസ്തകത്തില്‍ കാലവന്നു ഗെഡ്ഡവരു '(കാലത്തെ ജയിച്ചവര്‍ )എന്ന അധ്യായം.
1911 മുതല്‍ 1924 കാലഘട്ടത്തില്‍ സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിച്ച അനുഭവത്തില്‍ നിന്നാണ് ഗട്ടി യാത്രാ വിവരണം എഴുതിയത്. സവര്‍ക്കറുടെ മാത്രമല്ല അക്കാലത്തെ ഹിന്ദുത്വവാദി നേതാക്കളുടെയെല്ലാം ജയില്‍ ജീവിത അനുഭവങ്ങള്‍ കോര്‍ത്തിണക്കിയതായിരുന്നു യാത്രാ വിവരണം.
നിരവധി തവണ ബ്രിട്ടീഷുകാരോട് മാപ്പ് അപേക്ഷിച്ച് ജയില്‍ മോചനം നേടിയ സവര്‍ക്കറെ വീര പുരുഷനായി ചിത്രീകരിച്ചു പാഠ പുസ്തകത്തില്‍ ഉള്‍പെടുത്തുന്നതിനെതിരെ നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. പാഠ പുസ്തക സമിതിക്ക് നിരവധി പേര്‍ വാക്കാല്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഒട്ടും യുക്തി ഭദ്രമല്ലാത്ത പാഠ ഭാഗം വിദ്യാര്‍ഥികളെ പഠിപ്പിക്കാനാവില്ലെന്നു ചില അധ്യാപകരും ചൂണ്ടികാട്ടിയിരുന്നു.
ചെറിയ ദ്വാരം പോലും ഇല്ലാത്ത ജയിലറയില്‍ എങ്ങനെ പക്ഷികള്‍ എത്തിയെന്ന കുട്ടികളുടെ ചോദ്യത്തിന് ഉത്തരമില്ല. ജയിലില്‍ നിന്ന് സവര്‍ക്കര്‍ എങ്ങനെ പുറത്തിറങ്ങി സഞ്ചരിച്ചു എന്നതും വിശദീകരിക്കാനാവുന്നില്ലെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
വസ്തുതകളാണ് പാഠ പുസ്തകങ്ങളിലൂടെ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കേണ്ടതെന്നും അധ്യാപകര്‍ പറഞ്ഞു. നേരത്തെ സാമൂഹ്യ പരിഷ്‌കാര്‍ത്താവ് ശ്രീ നാരായണ ഗുരുവിനെ കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കി പാഠ പുസ്തക പരിഷ്‌ക്കരണ സമിതി വിവാദത്തിലായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും ഉള്‍പ്പെടുത്തി. ടിപ്പു സുല്‍ത്താനെ മഹത്വവല്‍ക്കരിക്കുന്ന പാഠ ഭാഗങ്ങള്‍ നീക്കം ചെയ്തും ആര്‍ എസ് എസ് സ്ഥാപകനേതാവ് ഹെഡ്‌ഗെവാറുടെ പ്രസംഗം ഉള്‍പ്പെടുത്തിയുമൊക്കെ നേരത്തെയും വിവാദത്തിലായിട്ടുണ്ട് സമിതി.