കോണ്‍ഗ്രസിന് തള്ളാനും കൊള്ളാനുമാകാത്ത രാമക്ഷേത്രം; 1949 മുതല്‍ 2024 വരെ
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ടാ ചടങ്ങിലേക്കില്ലെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഔദ്യോഗികമായി തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ പല സംസ്ഥാന നേതൃത്വങ്ങള്‍ക്കും ഇതിനൊപ്പം നില്‍ക്കാന്‍ കഴിയുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. മകര സംക്രാന്തി ദിനത്തില്‍ ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് മേധാവി അജയ് റായിയും എംപി ദീപേന്ദ്ര ഹൂഡയും സംഘവും അയോധ്യയിലെത്തി. സരയൂ നദിയില്‍ സ്നാനം ചെയ്ത് ആഭിമുഖ്യം പ്രഖ്യാപിച്ചു. കര്‍ണാടക കോണ്‍ഗ്രസിനും രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തിന്റെ നിലപാടിന് പുര്‍ണമായും ഒപ്പം നില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.
രാമക്ഷേത്രം സംബന്ധിച്ച വിഷയത്തില്‍ കോൺഗ്രസ് പാർട്ടിക്ക് എക്കാലവും ഏകഅഭിപ്രായം കൈക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അത് ഇന്നും തുടരുന്നു എന്നാതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചെങ്കിലും രാമക്ഷേത്രത്തിന്റെ നിർമാണത്തിന് കാരണക്കാരായവർ തങ്ങളാണെന്ന് കോൺഗ്രസിലെ തന്നെ നേതാക്കൾ പ്രഖ്യാപിക്കുന്നതും നമ്മൾ കണ്ടതാണ്.
1947ലെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന് ശേഷം 1949ലാണ് അയോധ്യയിലെ ബാബരി മസ്ജിദിനുള്ളിൽ രാമവിഗ്രഹം അഭിരാം ദാസ് എന്ന വ്യക്തി സ്ഥാപിക്കുന്നത്. വിവരമറിഞ്ഞ ജില്ല മജിസ്‌ട്രേറ്റ് കൂടിയായിരുന്ന മലയാളിയായ കെ കെ നായർ അന്നത്തെ യുപി ചീഫ് സെക്രട്ടറിയെ വിവരമറിയിച്ചു. എന്നാൽ പ്രദേശത്ത് തൽസ്ഥിതി തുടരാനും വിഗ്രഹം മസ്ജിദിൽ നിന്ന് നീക്കം ചെയ്യരുതെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം.
മസ്ജിദിൽ രാമവിഗ്രഹം സ്ഥാപിച്ച സംഭവം മുതൽ തന്നെ കോൺഗ്രസിന് അകത്ത് രണ്ട് അഭിപ്രായങ്ങൾ സജീവമായിരുന്നു. 1950കളിലാണ് ഇന്നത്തെ ഉത്തർപ്രദേശ് രൂപീകൃതമാവുന്നത്. 1950ൽ ഗോവിന്ദ് ബല്ലഭ് പന്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനോട് മസ്ജിദിന് അകത്തുള്ള വിഗ്രഹം നീക്കം ചെയ്യാൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആവശ്യപ്പെട്ടു. എന്നാൽ വിഗ്രഹം മാറ്റിയാൽ നിയമസഭയിൽ നിന്നും പാർട്ടിയിൽ നിന്നും രാജിവെക്കുമെന്ന് ഫൈസാബാദ് കോൺഗ്രസ് എംഎൽഎയും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന ബാബ രാഘവ് ദാസ് പറഞ്ഞു.
1948ൽ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായിരുന്ന 13 എംഎൽഎമാർ കോൺഗ്രസിൽ നിന്ന് രാജിവെച്ചതോടെ വന്ന ഉപതിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് നേതാവ് നരേന്ദ്ര ദേവിനെ പരാജയപ്പെടുത്താൻ കോൺഗ്രസ് കൊണ്ടുവന്ന തുറുപ്പ് ചീട്ടായിരുന്നു ബാബ രാഘവ് ദാസ്. കെ കെ നായരും ബാബരി മസ്ജിദിൽ നിന്ന് വിഗ്രഹം എടുത്തുമാറ്റുന്നതിനെതിരെ രംഗത്ത് വന്നു. വിഗ്രഹം എടുത്ത് മാറ്റണമെന്നാണ് സർക്കാർ തീരുമാനമെങ്കിൽ പകരം മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നായിരുന്നു നായർ പറഞ്ഞത്. തുടർന്ന് കെ കെ നായരുടെ അഭിപ്രായം കൂടി മുൻനിർത്തി മസ്ജിദ് അറ്റാച്ച് ചെയ്യുകയും അയോധ്യ മുനിസിപ്പൽ ബോർഡിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. പിന്നീട് കെ കെ നായരെ ജില്ലാ മജിസ്‌ട്രേറ്റ് സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ശകുന്തള നായർ 1952ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിലെ ഗോണ്ടയിൽ നിന്ന് ഹിന്ദു മഹാസഭ ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു.
1975ലെ അടിയന്തരാവസ്ഥയ്ക്ക് ശേഷം ആർഎസ്എസ് ഇന്ത്യയിൽ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. 1980കളോടെയാണ് രാമക്ഷേത്രവും ബാബരി മസ്ജിദും വീണ്ടും ചർച്ചകളിൽ സജീവമായി. പക്ഷേ ഇതിന് തുടക്കം കുറിച്ചത് ഒരു കോൺഗ്രസ് നേതാവായിരുന്നു. അയോധ്യ, കാശി, മഥുര എന്നിവിടങ്ങളിൽ ഹിന്ദുക്കൾക്കാണ് അവകാശമെന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് കോൺഗ്രസ് നേതാവും യുപി മന്ത്രിയുമായി ദൗ ദയാൽ ഖന്നയാണ് ആദ്യമായി കത്തെഴുതിയത്.
ഖന്നയുടെ നിലപാടിനെതിരെ കോൺഗ്രസിൽ നിന്ന് തന്നെ വിമർശനം ഉയർന്നു. ദൗ ദയാൽ ഖന്ന വെടിമരുന്ന് ഉപയോഗിച്ചാണ് കളിക്കുകയാണെന്നും ഹിന്ദു-മുസ്ലിം ഐക്യത്തിനുള്ള കോൺഗ്രസിന്റെ നയം തകർക്കുകയാണെന്നും യുപിയിൽ നിന്നുള്ള കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന കമലപതി ത്രിപാഠി പറഞ്ഞു. അതേസമയം മുതിർന്ന കോൺഗ്രസുകാരനും മുൻ ഇടക്കാല പ്രധാനമന്ത്രിയുമായ ഗുൽസാരിലാൽ നന്ദ 1983ൽ രാമനവമി ദിനത്തിൽ ശ്രീരാമ ജന്മോത്സവ സമിതി സ്ഥാപിച്ചു. അന്ന് നന്ദ നടത്തിയ വിരുന്നിൽ ആർഎസ്എസ് നേതാക്കളും പങ്കെടുത്തിരുന്നു.
അതേവർഷം മുസഫർനഗറിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഹിന്ദു സമ്മേളനത്തിൽ ഖന്നയായിരുന്നു മുഖ്യ പ്രഭാഷകൻ. യോഗത്തിൽ ഗുൽസാരിലാൽ നന്ദയും ആർഎസ്എസ് നേതാക്കളും പങ്കെടുത്തിരുന്നു. ഇതേസമയത്ത് തന്നെ ആർഎസ്എസുകാരെ കൂടി ഉൾപ്പെടുത്തി കരൺ സിങ് വിരാട് ഹിന്ദു സഭ രൂപീകരിച്ചു. 1984ൽ രാമജന്മഭൂമി മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിശ്വത്ത് മഹന്ത് അവൈദ്യനാഥ് പ്രസിഡന്റും ദൗ ദയാൽ ഖന്ന ജനറൽ സെക്രട്ടറിയുമായി ഒരു കമ്മറ്റി രൂപീകരിച്ചു. ബിഹാറിലെ സീതാമർഹിയിൽ നിന്ന് അയോധ്യയിലേക്ക് രാമന്റെയും സീതയുടെയും വിഗ്രഹങ്ങളുമായി ഉള്ള യാത്രയും സമിതി നടത്തി.
1984 ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിനെ തുടർന്ന് മകൻ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. രാം ജന്മഭൂമി തർക്കത്തിൽ ഒരു നിലപാട് എടുക്കുന്നതിൽ കോൺഗ്രസിന് അന്നും വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. ഹിന്ദുമതവിശ്വാസികളെയും മുസ്‌ളിം മതവിശ്വസികളെയും ഒരേപോലെ പ്രീണിപ്പിക്കാനുള്ള നടപടികളായിരുന്നു കോൺഗ്രസ് സ്വീകരിച്ചത്. രാമജന്മഭൂമിയുമായി ബന്ധപ്പെട്ട് രാജീവ് ഗാന്ധി സർക്കാരിലെ ഉദ്യോഗസ്ഥരുമായി വിഎച്ച്പി പലതവണ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ബാബറി മസ്ജിദിന്റെ പൂട്ട് തുറക്കണമെന്ന ആവശ്യത്തിൽ വിഎച്ച്പി ഉറച്ചുനിന്നു.
1985 സെപ്തംബർ 24-ന്, കോൺഗ്രസ്, എൻ ഡി തിവാരിയെ മാറ്റി വീർ ബഹാദൂർ സിങ്ങിനെ ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായി നിയമിച്ചു. ഇതിനിടെ യാഥാസ്ഥിതിക മുസ്ലീം അഭിപ്രായത്തിന്റെ സമ്മർദം മൂലം വിവാഹമോചിതയായ സ്ത്രീക്ക് ജീവനാംശം ഉറപ്പാക്കിയ ഷാ ബാനോ വിധി റദ്ദാക്കാൻ കോൺഗ്രസിന്റെ പാർലമെന്ററി ഭൂരിപക്ഷം ഉപയോഗിച്ചു. ഇതിന് തൊട്ടുപിന്നാലെ, 1986 ഫെബ്രുവരി ഒന്നിന് ഫൈസാബാദിലെ ഒരു പ്രാദേശിക കോടതി രാമജന്മഭൂമിയുടെ പൂട്ട് തുറക്കാൻ ഉത്തരവിട്ടു. തുടർന്ന് ബാബറി മസ്ജിദിന്റെ പൂട്ട് തുറന്നു. മുസ്ലിങ്ങൾക്ക് അനുകൂലമായി മാത്രമേ സർക്കാർ നിൽക്കുവെന്ന പ്രചാരണത്തിന് തടയിടാനായിരുന്നു കോൺഗ്രസിന്റെ ഈ നടപടി. തൊട്ടുപിന്നാലെ സൽമാൻ റൂഷ്ദിയുടെ സാത്താനിക് വേഴ്‌സും രാജീവ് ഗാന്ധി നിരോധിച്ചു.
1986ൽ,ആർഎസ്എസ് പ്രതിനിധി സഭ 'രാമ ജന്മസ്ഥലവും അതിനോട് ചേർന്നുള്ള ഭൂമിയും രാമജന്മഭൂമി ട്രസ്റ്റിന് കൈമാറാൻ' സർക്കാരിനോട് ആവശ്യപ്പെട്ടു, ഗുജറാത്തിലെ സോമനാഥ ക്ഷേത്രം പോലെ, 'പുരാതനവും എന്നാൽ ജീർണിച്ച രാമജന്മഭൂമി ക്ഷേത്രവും പഴയ പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കേണ്ടതുണ്ട്' എന്നും അവർ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ 1987 ദൂരദർശനിൽ രാമാനന്ദ് സാഗറിന്റെ രാമായണം സീരിയൽ രാജീവ് ഗാന്ധി സർക്കാർ ആരംഭിച്ചു. 1989 ലാണ് ബിജെപി യഥാർത്ഥത്തിൽ രാമജന്മഭൂമി പ്രസ്ഥാനത്തെ പാലമ്പൂർ പ്രമേയത്തിലൂടെ ഔദ്യോഗികമായി പിന്തുണച്ചത്.
രാമജന്മഭൂമിയുമായി ബന്ധപ്പെട്ട തർക്കം കോടതിയുടെ അധികാര പരിധിക്ക് പുറത്താണെന്നായിരുന്നു ബിജെപി വാദം. 'രണ്ട് സമുദായങ്ങൾ തമ്മിലുള്ള പരസ്പര സംവാദത്തിലൂടെയോ ഇത് സാധ്യമല്ലെങ്കിൽ പ്രാപ്തമാക്കുന്ന നിയമനിർമ്മാണത്തിലൂടെയോ തർക്കം പരിഹരിക്കണം. ഈ വിഷയത്തിൽ കോടതി വ്യവഹാരം ഒരു തരത്തിലും പരിഹാരമല്ല' എന്നായിരുന്നു ബിജെപി പറഞ്ഞത്.
ഇതിനിടെ യുപിയിലെ ബരാബങ്കിയിലും അലഹബാദിലും (ഇപ്പോൾ പ്രയാഗ്രാജ്) ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വർഗീയ കലാപങ്ങൾ ഉണ്ടായി. രാമജന്മഭൂമി - ബാബറി മസ്ജിദ് തർക്കത്തിൽ വീർ ബഹാദൂർ സിംഗ് സർക്കാർ ഹിന്ദു അനുകൂല നിലപാട് അനുവദിച്ചതായി കോൺഗ്രസിൽ നിന്നുതന്നെ വിമർശനങ്ങൾ ഉയർന്നു.
1988 ജൂണിൽ, അലഹബാദിൽ നിന്ന് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ വി പി സിംഗ് വിജയിച്ചു. ഇതിന് പിന്നാലെ വീർ ബഹാദൂറിനെ കേന്ദ്രമന്ത്രിയാക്കുകയും എൻ ഡി തിവാരി വീണ്ടും മുഖ്യമന്ത്രിയായി എത്തുകയും ചെയ്തു. 1989ൽ കേന്ദ്രത്തിലും യുപിയിലും കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടു. മുലായം സിംഗ് യാദവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുമായും വിഎച്ച്പിയുമായും പ്രധാനമന്ത്രി വിപി സിംഗിന്റെ സർക്കാർ നിരവധി ചർച്ചകൾ നടത്തി.
1991 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിലൂടെ ബിജെപി ഉത്തർപ്രദേശിൽ അധികാരത്തിൽ വന്നു. കല്ല്യാൺ സിങ് യുപി മുഖ്യമന്ത്രിയായി. തുടർന്ന് രാമജന്മഭൂമി തർക്കം പരിഹരിക്കാൻ അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹ റാവു ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. ഇതിനിടെ 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കപ്പെട്ടു. കല്യാൺ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ കീഴിലുള്ള സംസ്ഥാന പോലീസിനോ കേന്ദ്രത്തിലെ പിവി നരസിംഹ റാവു സർക്കാരിന് റിപ്പോർട്ട് ചെയ്ത സിആർപിഎഫിനോ മസ്ജിദ് തകർക്കുന്നത് തടയാൻ കഴിഞ്ഞില്ല.
വർഷങ്ങൾക്ക് ശേഷം നീണ്ട നിയമവ്യവഹാരങ്ങളെല്ലാം കഴിഞ്ഞ് കോടതി ഉത്തരവിനെ തുടർന്ന് അയോധ്യയിൽ രാമക്ഷേത്രം ഉയരുമ്പോഴും ഏത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ കോൺഗ്രസിൽ യോജിപ്പില്ല. 2019-ൽ അയോധ്യ തർക്ക വിഷയത്തിൽ സുപ്രീംകോടതി ഹിന്ദു പക്ഷത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചപ്പോൾ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു കോൺഗ്രസ് ചെയ്തത്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ കാരണം തങ്ങളാണെന്ന് കോൺഗ്രസ് നേതാക്കളിൽ ചിലർ തന്നെ പ്രചരിപ്പിച്ചിരുന്നു. ഒടുവിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് കോൺഗ്രസ് തീരുമാനം എടുത്തു. രാഷ്ട്രീയ ലാഭം മുന്നിൽക്കണ്ടുള്ള ബിജെപി-ആർഎസ്എസ് പരിപാടിയാണ് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങെന്നും കോൺഗ്രസ് പറഞ്ഞു.
സോണിയ ഗാന്ധി, ഖാർഗെ, അധിർ രഞ്ജൻ ചൗധരി തുടങ്ങിയ നേതാക്കൾക്കായിരുന്നു പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. രാമനെ എതിർക്കുന്നത് കോൺഗ്രസിന്റെ പാരമ്പര്യമാണെന്ന് ആരോപിച്ച് ബിജെപിയും രംഗത്ത് എത്തി. ഇതിന് പിന്നാലെ താൽപ്പര്യമുള്ളവർക്ക് രാമക്ഷേത്രത്തിൽ പോകാമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിക്കുകയും ചെയ്തു.