ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണം : സുരക്ഷാവീഴ്ചയെന്ന് ആരോപണം, വാഹനം കടന്നുപോകുന്ന വഴി പരിശോധിച്ചിരുന്നില്ല
ഛത്തീസ്ഗഢിലെ ബസ്തറിൽ സൈന്യത്തിന് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിന് കാരണമായത് വലിയ സുരക്ഷാവീഴ്ചയെന്ന് ആരോപണം. സ്റ്റാൻഡേർഡ് ഓപ്പറേഷൻ നടപടിക്രമങ്ങളുടെ ലംഘനങ്ങളെക്കുറിച്ചാണ് ആരോപണം ഉയരുന്നത്.
75 കിലോമീറ്റർ അകലെ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന സുരക്ഷാസേനയുടെ വാഹനമാണ് കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ടത്. അരൻപൂർ പോലീസ് സ്റ്റേഷനിൽ നിന്ന് 700 മീറ്റർ മാത്രം അകലെ സുരക്ഷാസേനാംഗങ്ങള്‍ സഞ്ചരിച്ച മിനിവാൻ പൊട്ടിത്തെറിക്കുകയായിരുന്നു. സൈനിക ഉദ്യോഗസ്ഥരും ഡ്രൈവറുമടക്കം 11 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സ്ഫോടവസ്തുക്കൾ ഒളിപ്പിക്കാനായി രാത്രിയിൽ മാവോയിസ്റ്റുകൾ റോഡില്‍ കുഴി ഉണ്ടാക്കിയെന്നാണ് പോലീസ് നിഗമനം. എന്നാൽ അരന്‍പൂര്‍ ക്യാമ്പിന് തൊട്ടടുത്ത് എങ്ങനെ ഇത്തരത്തിലൊരു നീക്കം സാധ്യമായെന്നാണ് ഇപ്പോഴും അജ്ഞാതമാണ്.
തുറന്ന വാനില്‍ സൈനികരെ കൊണ്ടുപോയതും പ്രോട്ടോകോൾ ലംഘനമാണ്. മേഖലയില്‍ സുരക്ഷാ സേനയുടെ നീക്കം തുറന്ന വാഹനങ്ങളിൽ പാടില്ല എന്നതാണ് പ്രോട്ടോകോൾ. കാൽനടയായോ ബൈക്കിലോ ആകണം യാത്ര. സേനാംഗങ്ങള്‍ റോഡിലൂടെ പോകുന്നതിന് മുന്‍പായി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കാൻ ഒരു റോഡ് ഓപ്പണിംഗ് പാർട്ടി (ആർഒപി) നടത്തണം. ഈ രണ്ട് നിയമങ്ങളും ലംഘിക്കപ്പെട്ടു. സുരക്ഷയുടെ കാര്യത്തിൽ കാണിച്ച അശ്രദ്ധയാണ് അപകടത്തിന്റെ ആക്കം കൂട്ടിയതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
അപകടം നടന്ന മാവോയിസ്റ്റ് മേഖലയില്‍ പ്രാദേശിക ഉത്സവം നടന്നിരുന്നതിനാലാണ് വഴിയിലെ പരിശോധനകള്‍ നടത്താതിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ മേഖലയിൽ വഴിയില്‍ കുട്ടികളുള്‍പ്പെടെ ഉണ്ടായിരുന്നതിനാല്‍ സൈനിക വാഹനങ്ങൾ വേഗം കുറച്ചിരുന്നു. അക്രമം ലക്ഷ്യമിട്ട് മാവോയിസ്റ്റുകളുടെ നിർബന്ധത്തിന് വഴങ്ങിയതാണോ പ്രദേശവാസികള്‍ ഉത്സവം നടത്തിയതെന്നും പരിശോധിച്ച് വരുന്നുണ്ട്.