മാളിനകത്ത് നമസ്‌കാരത്തിന് സൗകര്യം; യോഗി ഉദ്ഘാടനം ചെയ്ത ലുലു മാളിനെതിരെ സംഘപരിവാര്‍ പ്രചാരണം

മാളിനകത്ത് നമസ്‌കാരത്തിന് സൗകര്യം; യോഗി ഉദ്ഘാടനം ചെയ്ത ലുലു മാളിനെതിരെ സംഘപരിവാര്‍ പ്രചാരണം

മാളിനകത്ത് മുസ്ലിം മതവിശ്വാസികള്‍ക്ക് നമസ്കാരത്തിനുള്ള സൗകര്യമൊരുക്കിയതിനെതിരെയാണ് പ്രചാരണം
Updated on
1 min read

ലക്‌നൗവിലെ ലുലു മാളിനെതിരെ സംഘപരിവാറിന്‍റെ പ്രചാരണം. മാളിനകത്ത് മുസ്ലിം മതവിശ്വാസികള്‍ക്ക് നമസ്കാരത്തിനുള്ള സൗകര്യമൊരുക്കിയതിനെതിരെയാണ് പ്രചാരണം. ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച പോലും തികയും മുന്‍പേ മാള്‍ ബഹിഷ്കരിക്കണമെന്നാണ് ആവശ്യം. മാളിനുള്ളില്‍ നമസ്കാരത്തിന് സൗകര്യമൊരുക്കിയത് മറ്റു മതവിശ്വാസികളെ അപമാനിക്കാനാണെന്ന വാദമാണ് സംഘപരിവാർ ഉയര്‍ത്തുന്നത്. മാള്‍ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ട്വീറ്റുകള്‍ ലുലു ലക്‌നൗ എന്ന ഹാഷ് ടാഗില്‍ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ 10നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാള്‍ ഉദ്ഘാടനം ചെയ്തത്. ആദിത്യനാഥും മന്ത്രിമാരും ആഘോഷമായി ഉദ്ഘാടനത്തിനെത്തിയത് വാര്‍ത്തകളിലിടം പിടിച്ചിരുന്നു. ലുലു ഗ്രൂപ്പിന്‍റെ ഉത്തരേന്ത്യയിലെ ആദ്യത്തെ ഷോപ്പിങ് മാള്‍ ഉത്തര്‍പ്രദേശില്‍ തുറന്നപ്പോള്‍ സംഘപരിവാര്‍ സംഘടനകള്‍ വലിയ വരവേല്‍പ്പ് തന്നെ ഒരുക്കിയിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ആദ്യ ദിവസം തന്നെ വമ്പന്‍ തിരക്കായിരുന്നു മാളില്‍. പിന്നാലെയാണ് മാളിനെതിരായ വിദ്വേഷ പ്രചാരണം.

മാളിലെ ജീവനക്കാരായ 80 ശതമാനം പുരുഷന്മാർ മുസ്ലീങ്ങളാണെന്നും 20 ശതമാനം വരുന്ന സ്ത്രീകള്‍ ഹിന്ദുക്കളാണെന്നും പ്രചാരണമുണ്ട്. മലയാളികളും വിഷയം ഏറ്റെടുത്ത് ട്വീറ്റ് ചെയ്യുന്നുണ്ട്. കേരളത്തിലെ ലുലു മാളിനെക്കുറിച്ചുള്ള പി.സി ജോര്‍ജിന്‍റെ വിദ്വേഷ പരാമര്‍ശമുന്നയിച്ചാണ് ട്വീറ്റുകള്‍.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്‍റ് മന്ദിരത്തിന് പുറത്ത് പൂജ നടത്തുന്നതിന്‍റെ ചിത്രമെടുത്ത് പാര്‍ലമെന്‍റില്‍ പൂജ നടത്തുന്ന പ്രധാനമന്ത്രിയെ വിമര്‍ശിക്കാതെ സ്വകാര്യസ്ഥാപനത്തില്‍ നമസ്കാരം പാടില്ലെന്ന് പറയുന്നതിലെ സാംഗത്യത്തെ ചോദ്യം ചെയ്യുന്നവരുമുണ്ട്.

logo
The Fourth
www.thefourthnews.in