മോഹന്‍ ഭാഗവത് ത്രിവര്‍ണ പതാക ഉയര്‍ത്തുന്നു
മോഹന്‍ ഭാഗവത് ത്രിവര്‍ണ പതാക ഉയര്‍ത്തുന്നു

കോണ്‍ഗ്രസിന് മറുപടി; ആര്‍എസ്എസ് ആസ്ഥാനത്ത് ത്രിവര്‍ണ പതാക, സാമൂഹ്യമാധ്യമ പ്രൊഫൈലുകളും ത്രിവര്‍ണം

ആര്‍എസ്എസ് ആസ്ഥാനത്ത് 52 വര്‍ഷമായി ത്രിവര്‍ണപതാക ഉയര്‍ത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു
Updated on
2 min read

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷമായ ' ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായുള്ള 'ഹര്‍ ഘര്‍ തിരംഗ'യില്‍ പങ്കെടുത്ത് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍എസ്എസ്). സംഘടനാ ആസ്ഥാനത്ത് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തി. കൂടാതെ, സാമൂഹ്യമാധ്യമ പ്രൊഫൈലുകള്‍ ഉള്‍പ്പെടെ ത്രിവര്‍ണമാക്കി. ഓഗസ്റ്റ് 2 മുതല്‍ 15 വരെ സാമൂഹ്യ മാധ്യമങ്ങളിലെ പ്രൊഫൈലുകള്‍ ത്രിവര്‍ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, ഇന്നലെയോടെയാണ് ആഹ്വാനം ആര്‍എസ്എസ് ഏറ്റെടുത്തത്. അതേസമയം, ആര്‍എസ്എസ് ആസ്ഥാനത്ത് 52 വര്‍ഷമായി ത്രിവര്‍ണപതാക ഉയര്‍ത്തിയിട്ടില്ലെന്നും, ഇപ്പോള്‍ കാണിക്കുന്നത് കപടരാജ്യ സ്നേഹമാണെന്നും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. അതിനുള്ള മറുപടിയെന്നോണമാണ് ആര്‍എസ്എസിന്റെ നടപടിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആര്‍എസ്എസിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ത്രിവര്‍ണമാക്കി
ആര്‍എസ്എസിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ത്രിവര്‍ണമാക്കി

ഓഗസ്റ്റ് 2 മുതല്‍ 15 വരെ സാമൂഹ്യ മാധ്യമങ്ങളിലെ പ്രൊഫൈലുകള്‍ ത്രിവര്‍ണമാക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, ഇന്നലെയാണ് ആഹ്വാനം ആര്‍എസ്എസ് ഏറ്റെടുത്തത്.

ആര്‍എസ്എസ് ആസ്ഥാനത്ത് ത്രിവര്‍ണ പതാക ഉയര്‍ത്താറില്ലേ?

1947 ഓഗസ്റ്റ് 15നും 1950 ജനുവരി 26നും ആര്‍എസ്എസ് ആസ്ഥാനത്ത് ത്രിവര്‍ണ പതാക ഉയര്‍ത്തിയിരുന്നു. പിന്നീട് അഞ്ച് ദശാബ്ദകാലം ആര്‍എസ്എസ് ത്രിവര്‍ണ പതാക ഉയര്‍ത്തിയിട്ടേയില്ല. 2002ലെ റിപ്പബ്ലിക് ദിനത്തിലാണ് പിന്നീട് ആര്‍എസ്എസ് ദേശീയ പതാക ഉയര്‍ത്തിയത്. 2001 ജനുവരി 26ന് നാഗ്പൂരിലെ ആര്‍എസ്എസ് സ്മൃതി ഭവനില്‍ 'രാഷ്ട്രപ്രേമി യുവദള്‍ സംഘടന'യുടെ അംഗങ്ങള്‍ ബലമായി ത്രിവര്‍ണ പതാക ഉയര്‍ത്തി.

ത്രിവര്‍ണപതാകയും ആര്‍എസ്എസ് നേതൃത്വവും

2018ല്‍ ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് ത്രിവര്‍ണ പതാകയെ പറ്റി പറഞ്ഞത് ഇങ്ങനെയാണ് -

'' എന്തുകൊണ്ടാണ് ഭഗ്വ ധ്വജ് (കാവിക്കൊടി) ശാഖയില്‍ ഒതുങ്ങുന്നത്, എന്തുകൊണ്ടത് ദേശീയപതാക ആകുന്നില്ല?''

2015ല്‍ ചെന്നൈയില്‍ നടന്ന സെമിനാറില്‍ ആര്‍എസ്എസ് ആഹ്വാനം ചെയ്തു.''കാവി നിറം മാത്രമാകണം ദേശീയപതാകയിലുണ്ടാകേണ്ടതുണ്ട്. മറ്റ് നിറങ്ങളെല്ലാം വര്‍ഗീയതയെ പ്രതിനിധീകരിക്കുന്നതാണ്''

ഗോള്‍വാള്‍ക്കറിന്റെ പുസ്തകമായ 'വിചാരധാര'യില്‍ ത്രിവര്‍ണ പതാകയ്‌ക്കെതിരായ പരാമര്‍ശങ്ങളുണ്ട്. ''നമ്മുടെ നേതാക്കള്‍ രാജ്യത്തിനായി പുതിയ ദേശീയ പതാക രൂപകല്‍പന ചെയ്തു. എന്തുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്തത്? ഇത് വെറും അനുകരണമാണ്. ഫ്രഞ്ച് വിപ്ലവകാലത്ത് സ്വാതന്ത്ര്യം , സമത്വം, സാഹോദര്യം എന്ന ആശയങ്ങള്‍ പ്രകടിപ്പിക്കുന്നതിനായി അവര്‍ മൂന്ന് വരകള്‍ സ്ഥാപിച്ചു. അമേരിക്കന്‍ വിപ്ലവവും ചില മാറ്റങ്ങളോടെ ഇതേറ്റെടുത്തു. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും ഈ മൂന്ന് വരകളോട് വലിയ ആകര്‍ഷണമായിരുന്നു. അതുകൊണ്ട് കോണ്‍ഗ്രസും അതേറ്റെടുത്തു''.

ദേശീയ പതാകയിലെ മൂന്ന് നിറങ്ങള്‍ വര്‍ഗീയമാണെന്നും ഗോള്‍വാള്‍ക്കര്‍ സ്ഥാപിക്കുന്നുണ്ട്. '' പിന്നീട് ത്രിവര്‍ണം വിവിധ സമുദായങ്ങളുടെ ഐക്യമായി ചിത്രീകരിക്കപ്പെട്ടു. ഹിന്ദുവിന് കാവി നിറം, മുസ്ലീമിന് പച്ചനിറം, ഇതര സമുദായക്കാര്‍ക്കായി വെളുപ്പ് നിറം. ഹിന്ദു ഇതര സമുദായങ്ങളില്‍ മുസ്ലീങ്ങളെ മാത്രം പ്രത്യേകമായി പരിഗണിച്ചത് അവര്‍ പ്രബലരാണെന്ന ധാരണ നമ്മുടെ നേതാക്കള്‍ക്ക് ഉണ്ടായിരുന്നതിനാലാണ്. മുസ്ലീങ്ങളെ എടുത്തുപറയാതെ നമ്മുടെ ദേശീയത പൂര്‍ണമാകുമായിരുന്നില്ല. ഈ വര്‍ഗീയ നിറം ചിലര്‍ പുറത്തുകാണിച്ചതോടെ പുതിയ വിശദീകരണം നല്‍കി, കുങ്കുമം ത്യാഗത്തേയും വെളുപ്പ് ശുദ്ധിയേയും പച്ച സമാധാനത്തേയും സൂചിപ്പിക്കുകയാണെന്നായിരുന്നു അത്. ''

1947ല്‍ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ത്രിവര്‍ണത്തില്‍ മറ്റൊരു പ്രശ്‌നം കണ്ടെത്തി. '' ഇന്ത്യന്‍ നേതാക്കള്‍ നമ്മുടെ കൈകളില്‍ ത്രിവര്‍ണ പതാക നല്‍കാം, പക്ഷെ അതൊരിക്കലും ഹിന്ദുക്കളെ ബഹുമാനിക്കുന്നതാകുന്നില്ല. മൂന്ന് വാക്ക് എന്നത് തന്നെ തിന്മയാണ്, മൂന്ന് നിറങ്ങളുള്ള ദേശീയപതാക തീര്‍ച്ചയായും മോശം മാനസികാഘാതത്തിന് വഴിയൊരുക്കുകയും രാജ്യത്തിന് അപകടകരമാകുകയും ചെയ്യും '' .

ത്രിവര്‍ണ പതാക സംബന്ധിച്ച് ആര്‍എസ്എസിന് പ്രശ്‌നങ്ങളുണ്ടെങ്കിലും ഒരിക്കലും അത് അനാദരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആര്‍എസ്എസ് വിശദീകരണം. 2000 അവസാനം വരെ സ്വകാര്യ സ്ഥലങ്ങളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ അനുമതി ഇല്ലായിരുന്നുവെന്നും ആര്‍എസ്എസ് വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in