കർഷകരുടെ ദേശസ്നേഹത്തെ ചോദ്യം ചെയ്യാൻ സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച ആർഎസ്എസിന് അവകാശമില്ല: അഖിലേന്ത്യാ കിസാൻ സഭ
കര്‍ഷകസമരങ്ങൾ ദേശവിരുദ്ധമാണെന്ന ആർഎസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശവുമായി അഖിലേന്ത്യാ കിസാൻ സഭ (എ ഐ കെ എസ്). സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച ആർഎസ്എസിന് കർഷകരുടെ ദേശസ്നേഹത്തെ ചോദ്യം ചെയ്യാൻ അവകാശമില്ലെന്ന് എ ഐ കെ എസ് തിരിച്ചടിച്ചു.
കോര്‍പറേറ്റ് അനുകൂല കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയ സംയുക്ത കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള കര്‍ഷക ഐക്യ പ്രസ്ഥാനത്തോടുള്ള പ്രതികാരമാണ്, സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ചവര്‍ നടത്തുന്ന പ്രതികരണമെന്ന് കിസാൻ സഭ കുറ്റപ്പെടുത്തി. കർഷകർ നടത്തുന്ന സമരത്തെ പൈശാചികവൽക്കരിക്കുന്നത് ആർഎസ്എസ് അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ആര്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് ദത്താത്രേയ, പഞ്ചാബിലും ഹരിയാനയിലും നടന്നുകൊണ്ടിരിക്കുന്ന കര്‍ഷകസമരങ്ങളെ ദേശവിരുദ്ധമെന്ന് വിശേഷിപ്പിച്ചത്. കർഷകപ്രക്ഷോഭങ്ങൾക്ക് പിന്നിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ ലക്ഷ്യമിടുന്ന ശക്തികളാണെന്നും കർഷകസമരമെന്ന വ്യാജേനെ പഞ്ചാബിൽ 'വിഘടനവാദ ഭീകരവാദം' പ്രചരിപ്പിക്കുന്നതിനായി ചില ആസൂത്രണങ്ങൾ നടക്കുന്നതായും ഹൊസബാളെ വിമർശിച്ചിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് പഞ്ചാബിലെ വിഘടനവാദ ഭീകരത കര്‍ഷക പ്രക്ഷോഭത്തിന്റെ മറവില്‍ വീണ്ടും ഉയര്‍ന്നുവന്നിട്ടുണ്ടെന്നുവെന്നും ഭരണഘടനയില്‍ നിലനില്‍ക്കുന്ന ന്യൂനപക്ഷ ആശയത്തെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യേണ്ടതുണ്ടെന്നും ഹൊസബാളെ പറഞ്ഞു.
ഭഗത് സിങ്ങിനെപ്പോലുള്ള മഹാന്മാരായ സാമ്രാജ്യത്വവിരുദ്ധ രക്തസാക്ഷികളെ അപകീര്‍ത്തിപ്പെടുത്തുന്ന ആര്‍എസ്എസ് നിലപാടിന്റെ തുടര്‍ച്ചയാണ് ഹൊസബളയുടെ പ്രതികരണമെന്നും എഐകെഎസ് കുറ്റപ്പെടുത്തി. ഭഗത് സിങ്, രാജ്‌ഗുരു, സുഖ്‌ദേവ് എന്നിവരെ തൂക്കിലേറ്റിയതിനെ അപലപിച്ച് രാജ്യം മുഴുവന്‍ തെരുവിലിറങ്ങിയപ്പോള്‍ ആര്‍എസ്എസും മറ്റ് ഹിന്ദുത്വ സംഘടനകളും അവരെ അപലപിക്കുന്ന തിരക്കിലായിരുന്നു. പേരിന് പോലും ഒരു സ്വാതന്ത്ര്യസമര സേനാനിയെ സൃഷ്ടിക്കാന്‍ കഴിയാത്ത ആര്‍എസ്എസ് ഈ വിപ്ലവകാരികളുടെ അപാരമായ ത്യാഗങ്ങളെ 'പരാജയം' എന്ന് ഇകഴ്ത്തുകയാണ് ചെയ്തത്. ഗോള്‍വാള്‍ക്കറുടെ വിചാരധാരയില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും അഖിലേന്ത്യാ കിസാന്‍ സഭ വാർത്താക്കുറിപ്പിലൂടെ പറയുന്നു.
വര്‍ഗീയകലാപമുണ്ടാക്കുന്നതില്‍ ആര്‍എസ്എസിന്റെ നികൃഷ്ടമായ പങ്ക് വിവിധ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേ കാരണം കൊണ്ടാണ് 1948ല്‍ മഹാത്മാഗാന്ധിയുടെ വധത്തിനുശേഷവും 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിനുശേഷവും ആര്‍എസ്എസിനെതിരെ നിരോധനം ഏർപ്പെടുത്തുന്നത്. സാമ്രാജ്യത്വ ശക്തികളുമായും സിഐഎ പോലുള്ള സാമ്രാജ്യത്വ ഏജൻസികളുമായും ഒത്തുകളിച്ച ചരിത്രം ആർഎസ്എസ് മറക്കരുത്.
1984ലെ സിഖ് വിരുദ്ധ വംശഹത്യയിലും 2002ലെ ഗുജറാത്ത് വംശഹത്യയിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വഹിച്ച പങ്ക് വളരെ വ്യക്തമായി രേഘപ്പെടുത്തിയിട്ടുള്ളവയാണ്. കര്‍ഷക പ്രസ്ഥാനത്തിനെതിരെ കള്ളത്തരം പ്രചരിപ്പിക്കുന്ന ആര്‍എസ്എസിന്റെ ഫാസിസ്റ്റ് നിലപാടുകളെ ഒറ്റപ്പെടുത്താനും സമൂഹത്തിന് മുൻപിൽ തുറന്നുകാട്ടാനും രാജ്യത്തെ എല്ലാ ദേശസ്‌നേഹികളോടും ആഹ്വാനം ചെയ്യുന്നതായും കിസാന്‍ സഭ ആരോപിച്ചു.