'പാർട്ടിയോഗങ്ങൾക്കും വിവാഹങ്ങൾക്കും ചാർട്ടേഡ് വിമാനം, ചെലവ് സർക്കാർ വക'; അസം മുഖ്യമന്ത്രി ഹിമന്ത ശർമക്കെതിരെ ആരോപണം
അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ പൊതുപണം ദുരുപയോഗം ചെയ്തതായി ആരോപണം. ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്കും പാർട്ടിയോഗങ്ങൾക്കും വ്യക്തിപരമായ ആവശ്യങ്ങൾക്കുമായി ചാര്‍ട്ടേഡ് വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചതിന് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചു എന്നാണ് കണക്കുകള്‍. വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകള്‍ പ്രകാരമാണ് റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ 'ദ വയറും' ഗുവാഹത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമ പോർട്ടലായ 'ദ ക്രോസ് കറൻ്റും' ചേർന്നാണ് ഹിമന്ത ബിശ്വ ശർമയ്ക്കെതിരായ റിപോർട്ടുകൾ പുറത്തുവിട്ടത്. ഹെലികോപ്റ്ററുകളും ചാർട്ടേഡ് വിമാനങ്ങളും വാടകയ്ക്ക് എടുത്ത വകയില്‍ കോടിക്കണക്കിന് രൂപയുടെ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചതിന്‍റെ തെളിവുകളാണ് പുറത്തുവന്നത്. സംസ്ഥാനത്തിനകത്തും പുറത്തും പാര്‍ട്ടി പ്രചാരണത്തിനായി ഹിമന്ത ശർമ പൊതുപണം ചെലവഴിച്ചതായി അസം സർക്കാരിന്‍റെ വിവരാവകാശ മറുപടികൾ വ്യക്തമാക്കുന്നുണ്ട്.
ഗുവാഹത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമ പോർട്ടൽ 'ദ ക്രോസ് കറന്‍റ്' 2022 ആഗസ്റ്റ് 26ന് സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ പാർട്ടി യോഗങ്ങൾക്ക് പുറമെ നിരവധി വിവാഹങ്ങളിൽ പങ്കെടുക്കാൻ നികുതിദായകരുടെ പണം ഉപയോഗിച്ച് ചാർട്ടേഡ് വിമാനങ്ങൾ വാടകക്കെടുത്തതായും വ്യക്തമാക്കുന്നുണ്ട്. അതേസമയം, സർക്കാർ പരിപാടികൾക്ക് മാത്രമാണ് പൊതുപണം ചെലവഴിച്ചതെന്നാണ് സെപ്റ്റംബറിൽ ഹിമന്ത ശർമ സർക്കാർ സംസ്ഥാന നിയമസഭയിൽ അവകാശപ്പെട്ടത്.
സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിവരങ്ങൾ തേടി 2022 ഓഗസ്റ്റിൽ സമർപ്പിച്ച വിവരാവകാശ അപേക്ഷയോട് സംസ്ഥാന പൊതുഭരണ വകുപ്പ് പ്രതികരിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ചാർട്ടേഡ് വിമാനങ്ങൾ വാടകക്കെടുക്കുന്നതുമായി ബന്ധപ്പെട്ട് അസം ടൂറിസം ഡെവലപ്‌മെന്‍റ് കോർപ്പറേഷനിൽ (എടിഡിസി) ദ ക്രോസ് കറന്‍റ് സമർപ്പിച്ച പ്രത്യേക വിവരാവകാശ അപേക്ഷയില്‍ മൂന്ന് മാസം പിന്നിട്ടിട്ടും മറുപടി നൽകിയിട്ടില്ലെന്ന് 'ദ വയർ' റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങളും അപൂര്‍ണമാണെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടത്തിലെ ഏഴ് (എ) വകുപ്പ് അനുസരിച്ച് മന്ത്രിമാർ അവരുടെ ഔദ്യോഗിക സന്ദർശനത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി യോജിപ്പിക്കരുതെന്നും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഔദ്യോഗിക വാഹനങ്ങളോ ഉദ്യോഗസ്ഥരെയോ ഉപയോഗിക്കാൻ പാടില്ലെന്നും പറയുന്നുണ്ട്. 'ഔദ്യോഗിക വിമാനങ്ങൾ, വാഹനങ്ങൾ, യന്ത്രസാമഗ്രികൾ, ഉദ്യോഗസ്ഥർ എന്നിവയുൾപ്പെടെയുള്ള സർക്കാർ ഗതാഗതം അധികാരത്തിലുള്ള പാർട്ടിയുടെ താല്പര്യങ്ങൾക്കും വ്യക്തിപരമായ ആവശ്യങ്ങൾക്കും ഉപയോഗിക്കരുത്', പെരുമാറ്റച്ചട്ടത്തിലെ ഏഴ് (എ) വകുപ്പ് വ്യക്തമാക്കുന്നു.
സർക്കാർ നൽകിയ വിവരങ്ങൾ ഭാഗികമാണെങ്കിലും മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്നുള്ള പോസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത് പാർട്ടി സഖ്യകക്ഷികളുടെ സ്ഥാനാർഥികൾക്കായി പ്രചാരണത്തിന് അസം സർക്കാർ ഫണ്ട് ചെയ്ത ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് മുഖ്യമന്ത്രി അഞ്ച് തവണയെങ്കിലും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു എന്നാണ്. ആരോപണങ്ങളിലെ പ്രധാന തെളിവുകളും ഇത് തന്നെയാണ്.
വിവരാവകാശ മറുപടി പ്രകാരം, 2021 ഒക്ടോബർ 17ന് ഗുവാഹത്തിയിൽ നിന്ന് താമുൽപൂരിലേക്കും തിരിച്ചും സഞ്ചരിക്കാൻ ശർമ്മ സംസ്ഥാന ഫണ്ടിൽ നിന്നുള്ള ഹെലികോപ്റ്റർ ഉപയോഗിച്ചതായും ബിജെപി സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന്റെ സ്ഥാനാർത്ഥിക്ക് വേണ്ടി ശർമ്മ പ്രചാരണം നടത്തിയതായും പറയുന്നു. അടുത്ത ദിവസം, 2021 ഒക്‌ടോബർ 18ന്, ഗുവാഹത്തിയിൽ നിന്ന് ഗോസൈഗാവിലേക്ക് യാത്ര ചെയ്യാൻ ശർമ്മ വീണ്ടും ഹെലികോപ്റ്റർ ഉപയോഗിച്ചു. ശേഷം, മറ്റൊരു യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ സ്ഥാനാർഥിയായ ജിറോൺ ബസുമാറ്ററിക്ക് വേണ്ടി ഗോസൈഗാവിൽ പ്രചാരണം നടത്തിയതായാണ് മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ പോസ്റ്റുകളിൽ നിന്നും വ്യക്തമാകുന്നത്.
2021 ഒക്ടോബർ 30ന് ഗോസൈഗാവ്, താമുൽപൂർ എന്നിവയ്ക്ക് പുറമെ അസമിലെ തൗറ, മരിയാനി, ഭബാനിപൂർ എന്നി നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു, ഈ നിയോജക മണ്ഡലങ്ങളിലും ബിജെപി പ്രചാരണത്തിനായി ശർമ്മ എത്തിയത് ഹെലികോപ്റ്റിെലാണ്. എന്നാൽ, ആ യാത്രാ തീയതികളെക്കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാന പൊതുഭരണ വകുപ്പ് നൽകിയിട്ടില്ലാത്തതിനാൽ ആരാണ് പണം ചെലവഴിച്ചത് എന്നതില്‍ വ്യക്തയില്ലെന്നാണ് 'ദ വയർ' റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
2021 സെപ്റ്റംബർ 22നും 2023 ജനുവരി 24നും ഇടയിൽ, 2022 ജനുവരി 9ന് ഹൈദരാബാദിൽ നടന്ന ബിജെപി യോഗങ്ങളിൽ പങ്കെടുക്കാൻ ശർമ്മ ഏഴ് തവണയെങ്കിലും സംസ്ഥാന ഖജനാവിൽ നിന്നുള്ള പണമുപയോഗിച്ച് ചാർട്ടേഡ് വിമാനങ്ങൾ വാടകയ്ക്ക് എടുത്തതായി രേഖകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ സംസ്ഥാനത്തിന് പുറത്ത് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്താൻ ശർമ്മ പൊതുപണം ഉപയോഗിച്ചതായും വിവരാവകാശ മറുപടിയിൽ നിന്നും ലഭിച്ച തീയതികളിൽ ഇന്നും വ്യക്തമാണ്. ഇതോടൊപ്പം, അഞ്ച് വിവാഹങ്ങളിൽ പങ്കെടുക്കാനായി അസം മുഖ്യമന്ത്രി സംസ്ഥാന ഖജനാവിൽ നിന്നും പണം ഉപയോഗിച്ചതായും പറയുന്നുണ്ട്.