പൊട്ടുകുത്തി.. സാരിയുടുത്ത്, വാർപ്പുമാതൃകകളെ പൊളിച്ചെഴുതിയ കുറ്റാന്വേഷക; രുക്മിണി കൃഷ്ണമൂര്‍ത്തി

പൊട്ടുകുത്തി.. സാരിയുടുത്ത്, വാർപ്പുമാതൃകകളെ പൊളിച്ചെഴുതിയ കുറ്റാന്വേഷക; രുക്മിണി കൃഷ്ണമൂര്‍ത്തി

ഇന്ത്യന്‍ ക്രിമിനല്‍ ഫോറന്‍സിക് വിഭാഗത്തില്‍ ശ്രദ്ധേയമായ പേരാണ് രുക്മിണി കൃഷ്ണമൂര്‍ത്തി
Updated on
3 min read

കുറ്റാന്വേഷകരെക്കുറിച്ച് എഴുത്തുകളിലൂടെയും സിനിമകളിലൂടെയും പതിഞ്ഞ ഒരു ചിത്രം നമ്മുടെയുള്ളിലുണ്ടാകും. പൊട്ടുകുത്തി, ആഭരണങ്ങളുമണിഞ്ഞ് സാരിയുടുത്തൊരു സ്ത്രീ ആ ചിത്രങ്ങളിലെവിടെയെങ്കിലുമുണ്ടാകുമോ? മനസില്‍ പതിഞ്ഞുപോയ പതിവുരീതികളെ തകര്‍ത്തെറിഞ്ഞ കുറ്റാന്വേഷകയാണ് 72 കാരിയായ രുക്മിണി കൃഷ്ണമൂര്‍ത്തി.

സാരിയുടുത്ത്, നല്ലവണ്ണം ചീകിയൊതുക്കിയ നരച്ച മുടിയ്ക്ക് നടുവില്‍ നെറ്റിയില്‍ സിന്ദൂരം, മുത്തുമാലയും സ്വര്‍ണ വളകളും അണിഞ്ഞ് രുക്മിണി തല ഉയര്‍ത്തി നില്‍ക്കുകയാണ്. എന്നാല്‍, ആ ശാന്തമായ പെരുമാറ്റത്തിനും പരമ്പരാഗത രൂപത്തിനും പുറകിലുള്ളത് അത്ര എളുപ്പമേറിയ ജോലിയല്ല.

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഫോറന്‍സിക് ലാബിന്റെ സ്ഥാപകയും ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫോറന്‍സിക് ശാസ്ത്രജ്ഞയുമാണ് രുക്മിണി

ഇന്ത്യന്‍ ക്രിമിനല്‍ ഫോറന്‍സിക് വിഭാഗത്തില്‍ ശ്രദ്ധേയമായ പേരാണ് രുക്മിണി കൃഷ്ണമൂര്‍ത്തി. മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച കുറ്റാന്വേഷകരില്‍ ഒരാളാണ് അവര്‍. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഫോറന്‍സിക് ലാബിന്റെ സ്ഥാപകയും ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫോറന്‍സിക് ശാസ്ത്രജ്ഞയുമാണ് രുക്മിണി. 1993-ലെ മുംബൈ ബോംബ് സ്ഫോടനം, തെല്‍ഗി സ്റ്റാമ്പ് അഴിമതി, 26/11 ഭീകരാക്രമണം, നാഗ്പൂര്‍ നക്സലൈറ്റ് കൊലപാതക കേസ്, കിംഗ്ഫിഷര്‍ എയര്‍ലൈന്‍ അഴിമതി, വിഎസ്എന്‍എല്‍ കോര്‍പ്പറേറ്റ് ചാരക്കേസ്, സ്ത്രീധന മരണങ്ങള്‍, ബലാത്സംഗങ്ങള്‍, കൊലപാതകങ്ങള്‍ തുടങ്ങി രാജ്യത്തെ വന്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് അവര്‍.

രുക്മിണി കൃഷ്ണമൂര്‍ത്തി
രുക്മിണി കൃഷ്ണമൂര്‍ത്തി

50 വര്‍ഷം മുമ്പാണ് രുക്മിണി ഫോറന്‍സിക്സില്‍ തന്റെ കരിയര്‍ ആരംഭിച്ചത്. അനലിറ്റിക്കല്‍ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയ അവര്‍ പിന്നീട് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ ഡയറക്ടറായി ഉയര്‍ന്നു. മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്ന് വിരമിച്ച ശേഷം 2012-ല്‍ ഹെലിക് അഡൈ്വസറി എന്ന പേരില്‍ അവർ സ്വകാര്യ ഫോറന്‍സിക് ലാബ് ആരംഭിച്ചു. സര്‍ക്കാര്‍ ഫോറന്‍സിക് ലബോറട്ടറികള്‍ പോലീസില്‍ നിന്നും മറ്റ് അന്വേഷണ ഏജന്‍സികളില്‍ നിന്നും മാത്രമേ കേസുകള്‍ എടുക്കുകയുള്ളൂ, കമ്പനികള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും പോലീസിനെ സമീപിക്കാതെ തന്നെ ഫോറന്‍സിക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് അത് സ്ഥാപിച്ചതെന്ന് രുക്മിണി പറയുന്നു.

മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്ന് വിരമിച്ച ശേഷം 2012-ല്‍ ഹെലിക് അഡൈ്വസറി എന്ന പേരില്‍ അവർ സ്വകാര്യ ഫോറന്‍സിക് ലാബ് ആരംഭിച്ചു

നുണ പരിശോധനകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വലിയ ഭീഷണിയാകുന്നു എന്നാണ് രുക്മിണിയുടെ അഭിപ്രായം. ഒരു വലിയ ഫാര്‍മ കമ്പനിയുടെ മാനേജ്മെന്റ് അവരുടെ കമ്പനിയില്‍ നടന്ന മോഷണത്തിന് പിന്നില്‍ കമ്പനിക്കുള്ളില്‍ തന്നെയുള്ളവരാണെന്ന് സംശയിച്ച് പോലീസിന്റെ ഉപദേശപ്രകാരം ഹെലിക് അഡൈ്വസറിയെ സമീപിച്ചു. ഫാര്‍മ കമ്പനിയിലെ 100 ജീവനക്കാരെ നുണപരിശോധനയ്ക്ക് വിധേയരാക്കി. അവസാനം അതില്‍ ആറ് പേര്‍ കുറ്റം ചെയ്തതതായി കണ്ടെത്തുകയായിരുന്നു.

കുറ്റകൃത്യങ്ങള്‍ ഓണ്‍ലൈനായി മാറുന്നതിനാല്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, ബാങ്ക് തട്ടിപ്പുകള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനായി ഡിജിറ്റല്‍ ഫോറന്‍സിക് സേവനങ്ങളും ഹെലിക് അഡൈ്വസറി ലഭ്യമാക്കുന്നുണ്ട്. ഇന്ന് രാജ്യത്ത് ഫോറന്‍സിക് അന്വേഷണത്തിന്റെ ഏറ്റവും വേഗത്തില്‍ വളരുന്ന ശാഖകളിലൊന്നാണ് ഇത്.

ഡയറക്ടറേറ്റ് ഓഫ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറീസ് ഡയറക്ടറായിരുന്ന കാലയളവില്‍, 2002-നും 2008-നും ഇടയില്‍ മുംബൈ, നാഗ്പൂര്‍, പൂനെ, ഔറംഗബാദ്, നാസിക്, അമരാവതി എന്നിവിടങ്ങളില്‍ ആറ് ലോകോത്തര ഫോറന്‍സിക് ലാബുകള്‍ ആരംഭിച്ചു. അവിടെ ഡിഎന്‍എ, സൈബര്‍ ഫോറന്‍സിക്, സ്പീക്കര്‍ ഐഡന്റിഫിക്കേഷന്‍, ടേപ്പ് ഓതന്റിക്കേഷന്‍, നുണപരിശോധന, നാര്‍ക്കോ-അനാലിസിസ്, ഹൈടെക് കുറ്റകൃത്യങ്ങള്‍ക്കായി ബ്രെയിന്‍ സിഗ്‌നേച്ചര്‍ പ്രൊഫൈലിംഗ് തുടങ്ങിയ പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തിയതും രുക്മിണിയാണ്.

മികച്ച ഫോറന്‍സിക് ഡയറക്ടർ എന്ന ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന് ലഭിച്ച ഫോറന്‍സിക് രംഗത്തെ നേട്ടം ഉള്‍പ്പെടെ 12 ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകളും നേടിയിട്ടുണ്ട്

110 ഗവേഷണ ഗ്രന്ഥങ്ങള്‍ രുക്മിണി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ സെന്‍ട്രല്‍ ഫോറന്‍സിക് കമ്മിറ്റികളിലും അംഗമായിരുന്നു, മികച്ച ഫോറന്‍സിക് ഡയറക്ടർ എന്ന ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന് ലഭിച്ച ഫോറന്‍സിക് രംഗത്തെ നേട്ടം ഉള്‍പ്പെടെ 12 ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകളും അവര്‍ നേടിയിട്ടുണ്ട്. കോര്‍പ്പറേറ്റ് ഓര്‍ഗനൈസേഷനുകളെയും എസ് എം ഇകളെയും ആഭ്യന്തര ഭീഷണികളും ആഭ്യന്തര തര്‍ക്കങ്ങളും ഫോറന്‍സിക് രീതിയില്‍ നേരിട്ട് സഹായിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് അവര്‍ മുംബൈയില്‍ ഒരു കോര്‍പ്പറേറ്റ് ഫോറന്‍സിക് പരിശീലന കേന്ദ്രം സ്ഥാപിച്ചു.

ഒടിടി ഷോ ആയ സേക്രഡ് ഗെയിംസ് അവരുടെ ഫോറന്‍സിക് ഉപദേശകയായി കൃഷ്ണമൂര്‍ത്തിയെ നിയമിച്ചിരിക്കുകയാണ്. നടനും നിര്‍മാതാവുമായ ഹര്‍മന്‍ ബവേജയുടെ ബവേജ സ്റ്റുഡിയോസ് രുക്മിണിയുടെ ജീവിതകഥ ആസ്പദമാക്കി ബയോപിക് നിര്‍മ്മിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. 2023 അവസാനത്തോടെ അതിന്റെ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനമെന്ന് ബവേജ പറയുന്നു.

logo
The Fourth
www.thefourthnews.in