'2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൃത്രിമം കാണിച്ചു'; ചർച്ചയായി സബ്യസാചി ദാസിന്റെ പ്രബന്ധം, വിവാദത്തിനുപിന്നാലെ രാജി

'2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൃത്രിമം കാണിച്ചു'; ചർച്ചയായി സബ്യസാചി ദാസിന്റെ പ്രബന്ധം, വിവാദത്തിനുപിന്നാലെ രാജി

പ്രബന്ധം വൻ വിവാദം സൃഷ്ടിച്ചതിന് പിന്നാലെയാണ് ഹരിയാന അശോക സർവകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ പദവിയിൽനിന്ന് സബ്യസാചി ദാസ് രാജിവച്ചത്
Updated on
2 min read

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ചില സീറ്റുകൾ സ്വന്തമാക്കിയത് കൃത്രിമത്വം നടത്തിയെന്ന് ആരോപണം. ഹരിയാന അശോക സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരുന്ന സബ്യസാചി ദാസ് തയാറാക്കിയ പ്രബന്ധത്തിലാണ് ഇക്കാര്യം പറയുന്നത്. 'ഡെമോക്രാറ്റിക് ബാക്സ്ലൈഡിങ് ഇൻ ദ വേൾഡ്സ്‌ ലാർജസ്റ്റ് ഡെമോക്രസി' എന്ന പേരിൽ പ്രസിദ്ധീകരിച്ച പ്രബന്ധം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

2014 നെ അപേക്ഷിച്ച് വലിയ ഭൂരിപക്ഷത്തോടെ 2019ൽ അധികാരത്തിൽ തിരിച്ചെത്തിയ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയതായി ജൂലൈ 25ന് പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. പ്രബന്ധം സമൂഹമാധ്യമങ്ങളിൽ വിവാദമായതോടെ സബ്യസാചി ദാസ് സർവകലാശാലയിൽനിന്ന് രാജിവച്ചു.

മക് ക്രാരി ടെസ്റ്റ് എന്ന സ്റ്റാറ്റിസ്റ്റിക്കൽ ടെസ്റ്റാണ് പഠനത്തിനായി സബ്യസാചി ഉപയോ​ഗിച്ചത്. ബിജെപിയും എതിർ കക്ഷിയിലെ സ്ഥാനാർത്ഥിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലങ്ങളിൽ ആനുപാതമില്ലാത്ത രീതിയിൽ ബിജെപി സ്ഥാനാർഥി വിജയിച്ചതായി പഠനം പറയുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത് കൂടുതലായി സംഭവിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. തിരഞ്ഞെടുപ്പ് നീതിയുക്തമാണെങ്കിൽ, എ പാർട്ടിയും എതിർ പാർട്ടിയും തമ്മിലുള്ള നേരിട്ടുള്ള മത്സരത്തിൽ എയുടെ പാർട്ടിക്ക് വിജയസാധ്യത 50 ശതമാനമായിരിക്കുമെന്നും പ്രബന്ധം പറയുന്നു.

'2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൃത്രിമം കാണിച്ചു'; ചർച്ചയായി സബ്യസാചി ദാസിന്റെ പ്രബന്ധം, വിവാദത്തിനുപിന്നാലെ രാജി
യുപിയിൽ മുസ്ലീം യുവാവിന് ക്രൂരമർദനം, നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു; പിന്നാലെ അറസ്റ്റും ജയിലിലടയ്ക്കലും

രണ്ട് കാരണങ്ങൾ കൊണ്ട് മക് ക്രാരി പരിശോധന പരാജയപ്പെടാം. ഒന്ന് തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുന്നത്. മറ്റൊന്ന്, തിരഞ്ഞെടുപ്പിൽ അട്ടിമറിയൊന്നുമില്ല, എന്നാൽ കടുത്ത മത്സരങ്ങൾ മനസിലാക്കുന്നതിലും ആ മണ്ഡലങ്ങളിൽ വിജയം നേടാൻ കഠിനമായ പ്രചാരണങ്ങൾ നടത്തുന്നതിലും ബിജെപിയുടെ മികവ്.

കടുത്ത മത്സരമുള്ള സീറ്റുകളിൽ ബിജെപി മികച്ച രീതിയിലുളള പ്രചാരണം നടത്തിയിരുന്നോ എന്നറിയാൻ, സബ്യസാചി ദേശീയ തിരഞ്ഞെടുപ്പ് സർവേയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. സെന്റർ ഫോർ ഡെവലപ്പിങ് സൊസൈറ്റീസ് നടത്തിയ വോട്ടെടുപ്പിന് മുൻപുള്ള സർവേയായിരുന്നു ഇതിന് ആധാരം. പ്രചാരണവുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകൻ വീട് സന്ദർശിച്ചോ എന്നതാണ് ഈ സർവേയിലെ ഒരു ചോദ്യം. എന്നാൽ, ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ പ്രതിപക്ഷത്തേക്കാൾ ശക്തമായ പ്രചാരണം ബിജെപി നടത്തിയെന്നുളളതിന് സിഎസ്ഡിഎസ് ഡേറ്റ തെളിവുകളൊന്നും കാണിക്കുന്നില്ലെന്ന് അദ്ദേഹം കണ്ടെത്തി.

'2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൃത്രിമം കാണിച്ചു'; ചർച്ചയായി സബ്യസാചി ദാസിന്റെ പ്രബന്ധം, വിവാദത്തിനുപിന്നാലെ രാജി
'കർണാടകയിൽ മുസ്ലീം സംവരണം ഒഴിവാക്കിയ നടപടി ഭരണഘടന വിരുദ്ധം'; ബിജെപിയുടേത് വിദ്വേഷ അജണ്ടയെന്ന് എം കെ സ്റ്റാലിൻ

ഇക്കാര്യത്തിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണങ്ങൾ നടക്കുന്നതിനാൽ അത് പരിശോധിക്കാൻ സബ്യസാചി എൻഇഎസ് ഡേറ്റയും ഇതിനായി ഉപയോഗിച്ചു. കടുത്ത മത്സരമുള്ള മണ്ഡലങ്ങളിൽ ബിജെപി സമൂഹമാധ്യമങ്ങൾ വഴി കൂടുതൽ ശക്തമായി പ്രചാരണം നടത്തിയിരിക്കാമെങ്കിലും, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പാർട്ടിയുടെ വിജയ നിരക്ക് ഉയർത്താൻ ഈ ഘടകം സഹായിച്ചുവെന്നതിന് തെളിവുകളൊന്നുമില്ലെന്ന് അദ്ദേഹം കണ്ടെത്തി.

മക് ക്രാരി പരിശോധനയുടെ പരാജയത്തിന് സബ്യസാചി മൂന്ന് സാധ്യതകളാണ് പരി​ഗണിച്ചത്. ഒന്ന്, വോട്ടർ പട്ടികയിൽനിന്ന് ബിജെപി ഇതര വോട്ടർമാരെ ഒഴിവാക്കൽ (രജിസ്ട്രേഷൻ കൃത്രിമത്വം), രണ്ട് ബിജെപി ഇതര വോട്ടർമാരെ വോട്ട് ചെയ്യുന്നതിൽനിന്ന് തടയുക, മൂന്ന് വോട്ടെണ്ണൽ സമയത്ത് വോട്ട് എണ്ണത്തിൽ കൃത്രിമം കാണിക്കുക എന്നിവയാണവ.

ബിജെപി ഇതര വോട്ടർമാരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയതിനുള്ളള തെളിവുകൾ കണ്ടെത്തിയതായി സബ്യസാചി ദാസ് പഠനത്തിൽ പറയുന്നു. ഓരോ നിയോജക മണ്ഡലത്തിലെയും വോട്ടർമാരുടെ എണ്ണത്തിലെ വളർച്ചയും ബിജെപിയുടെ വിജയവും അദ്ദേഹം പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊത്തം ലോക്‌സഭാ മണ്ഡലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അത്തരം മണ്ഡലങ്ങളിൽ വോട്ടർ വളർച്ച മന്ദഗതിയിലാണെന്ന് അദ്ദേഹം കണ്ടെത്തി. മാത്രമല്ല, മുസ്‌ലിംകൾ കൂടുതലുള്ള മണ്ഡലങ്ങളിൽ വോട്ടർമാരെ ഒഴിവാക്കുന്നത് കൂടുതലാണെന്നും കണ്ടെത്തി.

'2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൃത്രിമം കാണിച്ചു'; ചർച്ചയായി സബ്യസാചി ദാസിന്റെ പ്രബന്ധം, വിവാദത്തിനുപിന്നാലെ രാജി
ഹിജാബ് നിരോധനത്തിനെതിരെ പോരാടിയ കനീസ് ഫാത്തിമ; കർണാടക നിയമസഭയിലെ ഏക മുസ്ലീം വനിതാ അംഗം

വോട്ടിങ് ക്രമക്കേട് പരിശോധിക്കാൻ, അദ്ദേഹം മറ്റൊരു പരിശോധനയാണ് നടത്തിയത്. 2019 ലെ തിരഞ്ഞെടുപ്പിന് ശേഷം തിരഞ്ഞെടുപ്പ് കമ്മിഷൻ രണ്ട് ഡേറ്റ സെറ്റുകൾ പ്രസിദ്ധീകരിച്ചപ്പോൾ അവയിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ വലിയ അന്തരമാണ് കാണാനിടയായത്. ഇത് സാങ്കേതികമായ പിഴവെന്ന് പറഞ്ഞ് മോദി സർക്കാരിന് തടിയൂരാൻ കഴിയില്ല. കാരണം, ബിജെപി ഇഞ്ചോടിഞ്ച് മത്സരിച്ച് വിജയിക്കുന്ന മണ്ഡലങ്ങളിലാണ് രണ്ട് ‍ഡാറ്റകളിലെയും വ്യത്യാസം കൂടുതലായി കാണുന്നത്. ഇത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലാണ് കൂടുതലെന്നും പഠനത്തിൽ പറയുന്നു.

മറ്റൊന്ന്, കടുത്ത മത്സരങ്ങളുണ്ടായ പല മണ്ഡലങ്ങളിലെയും ഉയർന്ന പോളിങ് ശതമാനമുള്ള ബൂത്തുകളിൽ ബിജെപിക്ക് കൂടുതൽ വോട്ടുകൾ ലഭിക്കുന്നുവെന്നതാണ്. ഇത് ‌സംഭവിക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും പഠനം പറയുന്നു.

കടുത്ത മത്സരം നടന്ന മണ്ഡലങ്ങളിലെ മുസ്ലിം ആധിപത്യ പ്രദേശങ്ങളിലെ ബൂത്തുകൾ അദ്ദേഹം പഠനത്തിനായി തിരഞ്ഞെടുത്തു. ബിജെപിക്ക് മുസ്‌ലിം വോട്ടുകൾ കൂടുതലായി ലഭിക്കുന്നില്ലെന്നത് ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വ്യക്തമായ വസ്തുതകളിലൊന്നാണ്. ചില മണ്ഡലങ്ങളിൽ ബിജെപി നേരിയ വ്യത്യാസത്തിന് തോൽക്കാനുള്ള കാരണവും ഇതാണ്. ഇതുകാരണം മുസ്ലിം വോട്ടർമാരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള ശ്രമമുണ്ടാവുന്നതായി ദാസ് വിലയിരുത്തുന്നു.

'2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൃത്രിമം കാണിച്ചു'; ചർച്ചയായി സബ്യസാചി ദാസിന്റെ പ്രബന്ധം, വിവാദത്തിനുപിന്നാലെ രാജി
മുസ്ലീം സംവരണം പുനഃസ്ഥാപിക്കും, ബജ്‌രംഗ്ദൾ, പിഎഫ്‌ഐ സംഘടനകള്‍ നിരോധിക്കും; കർണാടകയിൽ കോൺഗ്രസ് പ്രകടന പത്രിക

മോദി അധികാരത്തിലെത്തിയതിന് ശേഷം മുസ്ലിം വോട്ടർ‌മാരെ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യുന്നതായി വ്യാപകമായി ആരോപണമുണ്ടായിരുന്നു. 2018-ൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പ് തെലങ്കാനയിലും 2019ൽ ആന്ധ്രാപ്രദേശിലും ഈ വർഷമാദ്യം, കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗളുരുവിലെ മുസ്ലീം ആധിപത്യമുള്ള പ്രദേശത്തെ വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യാനും ബിജെപി ശ്രമിച്ചതായി ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇവയെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളുകയായിരുന്നു.

ഒന്നിലധികം ഡേറ്റാ സെറ്റുകളും സ്റ്റാറ്റിസ്റ്റിക്കൽ ടെസ്റ്റുകളും ഒരുമിച്ച് ചേർത്തുകൊണ്ട് ഈ വിഷയത്തിൽ സമ​ഗ്രമായാണ് സബ്യസാചി ദാസ് വിവരങ്ങൾ ഉൾക്കൊളളിച്ചിരിക്കുന്നത്. യുഎസിലെ പ്രശസ്തമായ നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ച് അതിന്റെ ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് കോൺഫറൻസിനായി പ്രബന്ധം തിരഞ്ഞെടുത്തിട്ടുണ്ട്. അതേസമയം, പഠനം പുറത്തുവന്നതിനുപിന്നാലെ സബ്യസാചി ദാസിനെതിരെ ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

logo
The Fourth
www.thefourthnews.in