സച്ചിന്‍ പൈലറ്റ്
സച്ചിന്‍ പൈലറ്റ്

സ്പീക്കറെയും എംഎല്‍എമാരെയും കണ്ട് സച്ചിന്‍ പൈലറ്റ്; ജയ്പൂരില്‍ തുടരാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഗെഹ്‌ലോട്ട് എപ്പോള്‍ രാജിവെയ്ക്കുമെന്നതില്‍ തീരുമാനമായില്ല
Updated on
1 min read

രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ സച്ചിന്‍ പൈലറ്റ് വെള്ളിയാഴ്ച നിയമസഭാ സ്പീക്കറേയും പാര്‍ട്ടി എംഎല്‍എമാരെയും കണ്ടു. സച്ചിന്‍ പൈലറ്റിനോട് ജയ്പൂരില്‍ തന്നെ തുടരാനാണ് കോണ്‍ഗ്രസ് നേത്യത്വം നല്‍കിയിരിക്കുന്ന നിർദേശം. അശോക് ഗെഹ്‌ലോട്ട് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പിച്ച സാഹചര്യത്തില്‍ രാജസ്ഥാനില്‍ രാഷ്ട്രീയ ചർച്ച സജീവമാണ്.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കൊപ്പമായിരുന്നു ദിവസങ്ങളായി സച്ചിന്‍ പൈലറ്റ്. ഗാന്ധി കുടുംബത്തിന്‍റെ നോമിനിയായി അശോക് ഗെഹ്‌ലോട്ട് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പിച്ചതോടെയാണ് സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന് അഭ്യൂഹം ഉയർന്നത്. ഇതിന് പിന്നാലെ സച്ചിന്‍ ജയ്പൂരില്‍ മടങ്ങിയെത്തിയത്. സ്പീക്കര്‍ സി പി ജോഷിയെയും പാര്‍ട്ടി ചീഫ് വിപ്പ് മഹേഷ് ജോഷിയെയും സച്ചിന്‍ കണ്ടു. എംഎല്‍എമാരുമായും കൂടിക്കാഴ്ച്ച നടത്തി.

കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തിനൊപ്പം രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനവും വഹിക്കുമെന്നായിരുന്നു അശോക് ഗെഹ്ലോട്ടിന്‍റെ നിലപാട്. എന്നാല്‍ ഒരാള്‍ക്ക് ഒരു പദവി മതിയെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയും ഇതെ നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് രാജിവെയ്ക്കാമെന്ന തീരുമാനത്തിലേക്ക് അശോക് ഗെഹ്ലോട്ട് എത്തിയത്. എന്നാല്‍ എപ്പോള്‍ രാജിവെയ്ക്കുമെന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.

logo
The Fourth
www.thefourthnews.in