ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റിന്റെ നിരാഹാര സമരം; പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമെന്ന് കോണ്‍ഗ്രസ്
രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ നിരാഹാര സമരം ആരംഭിച്ചു. ഭരണകക്ഷിയായ പാര്‍ട്ടിക്കതെിരെ പാര്‍ട്ടി നേതാവായ സച്ചിന്‍ പൈലറ്റ് സമരത്തിനിറങ്ങിയത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണെന്ന് ചൂണ്ടിക്കാട്ടി പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ് രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജിന്ദർ സിങ് രണ്‍ധാവ. രാജസ്ഥാനിലെ ഗെഹ്ലോട്ട് ഭരണത്തിനെതിരെ സമരത്തിനിറങ്ങിയ സച്ചിന്‍ പൈലറ്റിന് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കിയെങ്കിലും അത് അവഗണിച്ചുകൊണ്ടാണ് സച്ചിന്റ പുതിയ നീക്കം.
ഉപവാസ സമരം നടത്തുന്ന സച്ചിന്‍ പൈലറ്റിനെതിരെ നടപടി എടുക്കണമന്നാവശ്യപ്പെട്ട് ഗെഹ്ലോട്ടും രംഗത്തെത്തിയിരുന്നു
ഉപവാസ സമരം നടത്തുന്ന സച്ചിന്‍ പൈലറ്റിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഗെഹ്ലോട്ടും രംഗത്തെത്തിയിരുന്നു. സമരം പാര്‍ട്ടി വിരുദ്ധമാണെന്നും കഴിഞ്ഞ അഞ്ച് മാസമായി താന്‍ എഐസിസി ചുതലയുള്ളയാളാണെന്നും എന്നാല്‍ ഇതുവരെ ഈ വിഷയം ചര്‍ച്ചചെയ്യാന്‍ സച്ചിന്‍ പൈലറ്റ് തന്നെ സമീപിച്ചിട്ടില്ലെന്നും രണ്‍ധാവ വ്യക്തമാക്കി. സച്ചിന്‍ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവാണ് ക്ഷമയോടെ ചര്‍ച്ചചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ കൂട്ടിചേര്‍ത്തു.
ഈ വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിൽ ആര് പാർട്ടിയെ നയിക്കും എന്ന് തീരുമാനിക്കാനുള്ള സച്ചിന്‍ പൈലറ്റിന്റെ നീക്കമാണ് ഈ നിരാഹാരമെന്നാണ് വിലയിരുത്തല്‍. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ സര്‍ക്കാരിന്റെ അഴിമതി കേസുകളില്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നിരാഹാരമെന്നാണ് സച്ചിൻ പക്ഷത്തിന്റെ വിശദീകരണം.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 45,000 കോടിയുടെ ഖനി അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അതിനു വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ലെന്നുമായിരുന്നു സച്ചിന്‍ പൈലറ്റിന്റ പ്രധാന ആരോപണം. കൂടാതെ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി രണ്ട് കത്തുകള്‍ മുഖ്യമന്ത്രി ഗെഹ്ലോട്ടിന് അയച്ചിട്ടുണ്ടെന്നും എന്നാല്‍ ഒരു തരത്തിലുള്ള പ്രതികരണവും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് നിരാഹാര സമരത്തിനൊരുങ്ങിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തന്നെ പിന്തുണക്കുന്ന എം എല്‍ എ മാരോട് ഉപവാസത്തില്‍ പങ്കെടുക്കരുതെന്ന് പൈലറ്റ് അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും എം എല്‍ എ മാര്‍ എത്തിചേരുമെന്നാണ് നിരീക്ഷണം. രാജ്യസ്ഥാനിലെ കോണ്‍ഗ്രസ് എം എല്‍ എ മാരെ ബിജെപി വിലക്കെടുത്ത സംഭവങ്ങളിലടക്കം അന്വേഷണം പുരോഗമിച്ചു വരികയാണെന്നും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ എഐസിസിയില്‍ അറിയിക്കണമെന്നുമായിരുന്നു കോണ്‍ഗ്രസ് വ്ക്താവ് പവന്‍ ഖേരയുടെ പ്രസ്താവന.
മുന്‍ ഉപമുഖ്യമന്ത്രിയും മുന്‍ പിസിസി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തമ്മില്‍ രാജസ്ഥാനില്‍ ശക്തമായ പോരാണ് നിലനില്‍ക്കുന്നത്. പാര്‍ട്ടിയിലെ മേധാവിത്തം ഉറപ്പിക്കാനുള്ള ഇരുപക്ഷങ്ങളുടെയും നീക്കം കോണ്‍ഗ്രസിന് വലിയ ആശങ്കയാകുകയാണ്. മുഖ്യമന്ത്രി പദത്തിലടക്കം ഇരുവരും അവകാശവാദമുന്നയിച്ചിരുന്നു. പിസിസി അധ്യക്ഷനെന്ന നിലയില്‍ തന്‌റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചതെന്നാണ് സച്ചിന്‌റെ വാദം. എന്നാല്‍ തന്‌റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരിന്‌റെ പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസിന് തുണയായതെന്ന് ഗെഹ്ലോട്ടും അവകാശപ്പെടുന്നു.
2018 ല്‍ സര്‍ക്കാര്‍ രൂപീകരിക്കവെ, ഇരുവരെയും രണ്ട് ഘട്ടങ്ങളിലായി മുഖ്യമന്ത്രിമാരാക്കാമെന്ന ധാരണ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സച്ചിന്‍ പൈലറ്റ് ശ്രമിക്കുന്നുവെന്ന ആരോപണവുമായി അശോക് ഗെഹ്ലോട്ട് 2020 ല്‍ രംഗത്തെത്തി. ഇതോടെയാണ് സംസ്ഥാന കോണ്‍ഗ്രസിലെ അധികാര തര്‍ക്കം കരുത്താര്‍ജിച്ചത്. പിന്നാലെ ഉപമുഖ്യമന്ത്രി പദവും സംസ്ഥാന അധ്യക്ഷ പദവിയും സച്ചിന് നഷ്ടമായി.