ഗെഹ്ലോട്ട് സർക്കാരിനെതിരെ സമരം പ്രഖ്യാപിച്ച് സച്ചിൻ പൈലറ്റ്; രാജസ്ഥാനിൽ കോൺഗ്രസിന് വീണ്ടും തലവേദന

ഗെഹ്ലോട്ട് സർക്കാരിനെതിരെ സമരം പ്രഖ്യാപിച്ച് സച്ചിൻ പൈലറ്റ്; രാജസ്ഥാനിൽ കോൺഗ്രസിന് വീണ്ടും തലവേദന

മുന്‍ കാലത്തെ അഴിമതി ആരോപണത്തിന്‌റെ പേരിലാണെങ്കിലും പാര്‍ട്ടിയിലെ ഒരു വിഭാഗം സര്‍ക്കാരിനെതിരെ രംഗത്തുവരുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകും
Updated on
1 min read

രാജ്യവ്യാപകമായി കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേക്കേറുന്നതിനിടെ, രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും അടിമുറുകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ, സര്‍ക്കാരിനെതിരെ പരസ്യ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് സച്ചിന്‍ പൈലറ്റ്. അഴിമതി ആരോപണങ്ങളില്‍ സര്‍ക്കാര്‍ കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സച്ചിൻ പ്രഖ്യാപിച്ച ഏകദിന ഉപവാസം കോൺഗ്രസിൽ പ്രതിസന്ധിയാകുകയാണ്.

ഏപ്രില്‍ 11ന് ഉപവാസ സമരം സംഘടിപ്പിക്കുമെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ സച്ചിന്‍ പൈലറ്റ് വ്യക്തമാക്കിയത്. വസുന്ധര രാജെ സിന്ധ്യ സര്‍ക്കാരിന്‌റെ കാലത്തെ അഴിമതികളില്‍ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് സച്ചിന്‍ പൈലറ്റ് പറയുന്നു. ഇതാണ് ഉപവാസ സമരമെന്ന തീരുമാനത്തിന് പിന്നിലെന്നാണ് വിശദീകരണം.

''പ്രതികാര രാഷ്ട്രീയത്തിന് താത്പര്യമില്ല. എന്നാല്‍ പ്രതിപക്ഷമെന്ന നിലയിലുണ്ടായ വിശ്വാസ്യതയോട് നീതി പുലര്‍ത്തേണ്ടതുണ്ട്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയത് ഇക്കാരണങ്ങളാലെന്ന് ഓര്‍ക്കണം. വാഗ്ദാനങ്ങള്‍ പാലിക്കാത്തവരെന്ന് ജനങ്ങള്‍ക്ക് തോന്നരുത്. നിരഹാര സമരം നടത്തുന്നത് ഇതിനാലാണ്,'' സച്ചിന്‍ പൈലറ്റ് വിശദീകരിച്ചു. അശോക് ഗെഹ്ലോട്ടുമായുള്ള തുറന്ന പോരിനാണ് സച്ചിന്‍ പൈലറ്റിന്‌റെ നീക്കമെന്നാണ് വലയിരുത്തപ്പെടുന്നത്.

മുന്‍ ഉപമുഖ്യമന്ത്രിയും മുന്‍ പിസിസി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തമ്മില്‍ രാജസ്ഥാനില്‍ ശക്തമായ പോരാണ് നിലനില്‍ക്കുന്നത്. പാര്‍ട്ടിയിലെ മേധാവിത്വം ഉറപ്പിക്കാനുള്ള ഇരുപക്ഷങ്ങളുടെയും നീക്കം കോണ്‍ഗ്രസിന് വലിയ ആശങ്കയാകുകയാണ്. മുഖ്യമന്ത്രി പദത്തിലടക്കം ഇരുവരും അവകാശവാദമുന്നയിച്ചിരുന്നു. പിസിസി അധ്യക്ഷനെന്ന നിലയില്‍ തന്‌റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചതെന്നാണ് സച്ചിന്‌റെ വാദം. എന്നാല്‍ തന്‌റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരിന്‌റെ പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസിന് തുണയായതെന്ന് ഗെഹ്ലോട്ടും അവകാശപ്പെടുന്നു.

2018 ല്‍ സര്‍ക്കാര്‍ രൂപീകരിക്കവെ, ഇരുവരെയും രണ്ട് ഘട്ടങ്ങളിലായി മുഖ്യമന്ത്രിമാരാക്കാമെന്ന ധാരണ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സച്ചിന്‍ പൈലറ്റ് ശ്രമിക്കുന്നുവെന്ന ആരോപണവുമായി അശോക് ഗെഹ്ലോട്ട് 2020 ല്‍ രംഗത്തെത്തി. ഇതോടെയാണ് സംസ്ഥാന കോണ്‍ഗ്രസിലെ അധികാര തര്‍ക്കം കരുത്താര്‍ജിച്ചത്. പിന്നാലെ ഉപമുഖ്യമന്ത്രി പദവും സംസ്ഥാന അധ്യക്ഷ പദവിയും സച്ചിന് നഷ്ടമായി.

എഐസിസി അധ്യക്ഷനായി ഗെഹ്ലോട്ടിനെ നിയമിക്കാനുള്ള നേതൃത്വത്തിന്‌റെ തീരുമാനം പ്രശ്‌നം വഷളാക്കി. പകരം മുഖ്യമന്ത്രി പദം കണ്ണുവച്ച പൈലറ്റിനെ നിരാശനാക്കി, വിമത നീക്കത്തിലൂടെ ഗെഹ്ലോട്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ നിലയുറപ്പിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയിലെ മേധാവിത്വം ഉറപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം നിലനി‍ർത്തുക കോണ്‍ഗ്രസിന് നിര്‍ണായകമാണ്. എന്നാല്‍ മുന്‍ കാലത്തെ അഴിമതി ആരോപണത്തിന്‌റെ പേരിലാണെങ്കിലും പാര്‍ട്ടിയിലെ ഒരു വിഭാഗം സര്‍ക്കാരിനെതിരെ രംഗത്തുവരുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകും.

കോണ്‍ഗ്രസിലെ വിള്ളല്‍ രാഷ്ട്രീയ നേട്ടമാക്കാനൊരുങ്ങുകയാണ് ബിജെപി. രാജ്യത്തെ ഒരുമിപ്പിക്കാന്‍ നടക്കുന്ന രാഹുല്‍ ആദ്യം ഇവരെ ഒന്നിപ്പിക്കൂ എന്നാണ് ബിജെപിയുടെ പരിഹാസം. രാജ്യം ഒറ്റക്കെട്ടെന്നും കോണ്‍ഗ്രസാണ് കഷ്ണങ്ങളായതെന്നും ബിജെപി നേതാവ് ഷെഹ്‌സാദ് പൂനെവാല ട്വീറ്റ് ചെയ്തു.

logo
The Fourth
www.thefourthnews.in