''എൻ്റെ സമുദായത്തിൻ്റെ വികാരത്തെ വ്രണപ്പെടുത്തി''- 
സൽമാൻ ഖാനെതിരെ വധ ഭീഷണിയുമായി വീണ്ടും ലോറന്‍സ് ബിഷ്‌നോയി

''എൻ്റെ സമുദായത്തിൻ്റെ വികാരത്തെ വ്രണപ്പെടുത്തി''- സൽമാൻ ഖാനെതിരെ വധ ഭീഷണിയുമായി വീണ്ടും ലോറന്‍സ് ബിഷ്‌നോയി

മുംബൈ പോലീസ് സൂപ്പർതാരത്തിൻ്റെ സുരക്ഷാ വർധിപ്പിച്ചു
Updated on
1 min read

പഞ്ചാബി ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌നോയുടെ ഭീഷണിയെ തുടർന്ന് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ച് മുംബൈ പോലീസ്. സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയതിന് ക്ഷമ ചോദിക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യാഘാതം നേരിടേണ്ടി വരുമെന്നുമായിരുന്നു ബിഷ്‌നോയുടെ ഭീഷണി. തന്റെ ദേഷ്യം ഇപ്പോഴല്ലെങ്കില്‍ പിന്നോപ്പോഴെങ്കിലും തീര്‍ക്കുമെന്നും ബിഷ്നോയി താരത്തിന് മുന്നറിയിപ്പ് നല്‍കി.

കൃഷ്ണമൃഗത്തെ വെടിവെച്ച് കൊലപ്പെടുത്തിയതിലൂടെ സല്‍മാന്‍ ഖാന്‍ തന്റെ സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന് അടുത്തിടെ നല്‍കിയൊരു അഭിമുഖത്തില്‍ ബിഷ്‌ണോയി പറഞ്ഞിരുന്നു

''സല്‍മാന്‍ ഖാനോട് എന്റെ സമുദായത്തിന് ദേഷ്യമുണ്ട്. അയാള്‍ ഞങ്ങളുടെ സമുദായത്തെ അപമാനിച്ചു. സല്‍മാനെതിരെ കേസെടുത്തിട്ടും അയാൾ മാപ്പ് പറഞ്ഞില്ല. അയാള്‍ ക്ഷമാപണം നടത്തിയില്ലെങ്കില്‍, പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാകണം. ഞാന്‍ അതിനായി മറ്റാരെയും ആശ്രയിക്കാന്‍ പോകുന്നില്ലെന്നും' ലോറന്‍സ് ബിഷ്‌നോയി എബിപിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ചെറുപ്പം മുതലെ തനിക്ക് സല്‍മാനോട് ദേഷ്യമുണ്ടായിരുന്നു. അയാളോടുള്ള ദേഷ്യം ഇപ്പോഴല്ലെങ്കില്‍ എപ്പോഴെങ്കിലും തീര്‍ക്കും. അയാള്‍ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പ് ചോദിക്കണം. എന്റെ സമുദായം അയാളോട് ക്ഷമിക്കുകയാണെങ്കില്‍ പിന്നെ ഞാന്‍ ഒന്നും പറയില്ലെന്നും ബിഷ്‌നോയി കൂട്ടിചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ലോറന്‍സ് ബിഷ്‌നോയി ഗുണ്ടാ സംഘത്തിലെ അംഗങ്ങള്‍ അയച്ചതെന്ന് കരുതുന്ന ഒരു ഭീഷണിക്കത്ത് സല്‍മാന്റെ വസതിയ്ക്ക് മുന്നില്‍ നിന്ന് കണ്ടെത്തിയിരുന്നു. സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനുമായി എഴുതിയ കത്തില്‍ 'മൂസവാലയുടേത് പോലെ നിങ്ങളെയും കൊല്ലും' എന്നായിരുന്നു ഭീഷണി. സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ സല്‍മാന്‍ ഖാന് വൈ പ്ലസ് സുരക്ഷ നല്‍കിയിരുന്നു. മുംബൈ പോലീസ് അദ്ദേഹത്തിന് സ്വയം രക്ഷയ്ക്കായി തോക്കിനുള്ള ലൈസന്‍സും നല്‍കി.

logo
The Fourth
www.thefourthnews.in