സല്‍മാന്‍ ഖാന്‍
സല്‍മാന്‍ ഖാന്‍

സൽമാൻ ഖാന് വീണ്ടും വധഭീഷണി; ഏപ്രില്‍ മുപ്പതിന് കൊലപ്പെടുത്തുമെന്ന് റോക്കി ഭായ്

ഫോൺകോൾ വധ ഭീഷണിയിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു
Updated on
1 min read

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി. മുംബൈ പോലീസ് കൺട്രോൾ റൂമിലേക്ക് ഇന്നലെ രാത്രിയാണ് ഭീഷണി സന്ദേശമെത്തിയത്. ഏപ്രില്‍ മുപ്പതിന് സൽമാൻ ഖാനെ വധിക്കുമെന്നാണ് ഭീഷണിയെന്നും ഫോൺ വിളിച്ച ആൾ റോക്കിഭായ് എന്നാണ് സ്വയം പരിചയപ്പെടുത്തിയതെന്നും ഗോ- രക്ഷക് ആണെന്നാണെന്ന് പറഞ്ഞതായും പോലീസ് വ്യക്തമാക്കുന്നു. സംഭവത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു.

സമീപ കാലത്ത് സൽമാൻ ഖാനെതിരെ നിരവധി തവണ വധ ഭീഷണി ഉയർന്നിരുന്നു . ഈ-മെയില്‍ സന്ദേശത്തിലൂടെ സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയതിന് മുംബൈ പോലീസ് ഒരാഴ്ച മുൻപ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാനിലെ ജോദ്പുര്‍ ജില്ലയിലെ ലൂനി നിവാസിയായ ദാക്കഡ് റാം എന്ന വ്യക്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സല്‍മാന്‍ ഖാന് , സിഖ് ഗായകന്‍ സിദ്ധു മൂസെ വാലെയുടെ വിധിയായിരിക്കുമെന്നായിരുന്നു ദാക്കഡ് റാമിന്റെ ഭീഷണി. ഇയാളെ പിന്നീട് മുംബൈ പോലീസിന് കൈമാറിയിരുന്നു.

കൂടാതെ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്നോയും സൽമാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കൃഷ്‌ണമൃഗങ്ങളെ കൊന്നതിന് നടൻ മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാകണമെന്നുമെന്നായിരുന്നു ലോറൻസിൻ്റെ ഭീഷണി. പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല കൊലക്കേസില്‍ ബട്ടിൻഡ ജയിലിൽ കഴിയുകയാണ് നിലവിൽ ലോറൻസ് ബിഷ്ണോയ്. അവിടെ നിന്ന് മാർച്ച് 19 ന് ഒരു ടി വി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ലോറൻസ് ബിഷ്നോയുടെ ഭീഷണി

പിന്നീട് സൽമാൻ്റെ പേഴ്സണൽ സെക്രട്ടറിക്ക് ലോറൻസ് ബിഷ്നോയുടെ ഈ-മെയിൽ സന്ദേശവും വന്നിരുന്നു. തുടര്‍ച്ചയായ വധഭീഷണിയെ തുടര്‍ന്ന് സല്‍മാന്‍ ഖാന് മുബൈ പോലീസ് വൈ പ്ലസ് സുരക്ഷാ നല്‍കിയിരുന്നു.

സല്‍മാന്‍ ഖാന് ഭീഷണി കത്ത് അയച്ചതിന് ഗുണ്ടാ തലവന്‍മാരായ ലോറന്‍സ് ബിഷ്‌നോയി, ഗോള്‍ഡി ബ്രാര്‍, രോഹിത്ത് ഗാര്‍ഗ് എന്നിവര്‍ക്കെതിരെ മുംബൈ പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 506(2) 120(b), 34 എന്നിവ പ്രകാരമാണ് കേസ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

അതേ സമയം, വധഭീഷണികൾ തുടരുമ്പോഴും പുതിയ ചിത്രമായ 'കിസി കാ ഭായ് കിസി കി ജാൻ' എന്ന ചിത്രത്തിൻ്റെ പ്രചാരണത്തിൻ്റെ തിരക്കിലാണ് സൽമാൻ ഖാൻ.

logo
The Fourth
www.thefourthnews.in