വിദ്വേഷ പ്രസംഗക്കേസിൽ സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന് മൂന്ന് വർഷം തടവ്

വിദ്വേഷ പ്രസംഗക്കേസിൽ സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന് മൂന്ന് വർഷം തടവ്

പ്രതീക്ഷ കൈവിടുന്നില്ല; അപ്പീല്‍ നല്‍കുമെന്ന് അസംഖാന്‍
Updated on
1 min read

വിദ്വേഷ പ്രസംഗ കേസിൽ സമാജ്‌വാദി പാർട്ടി നേതാവ് അസംഖാന് മൂന്ന് വർഷം തടവ്. ഉത്തർപ്രദേശിലെ റാംപുർ കോടതി 25000 രൂപ പിഴയും വിധിച്ചു. 2019ലെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റായിരുന്ന ഔഞ്ജനേയ കുമാർ സിങ് ഐഎഎസ് എന്നിവർക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിലാണ് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 125-ാം വകുപ്പിനൊപ്പം ഐപിസിയുടെ 153 എ (രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 505-1 എന്നീ വകുപ്പുകളാണ് അസംഖാനെതിരെ ചുമത്തിയിരിക്കുന്നത് . വിധിക്കെതിരെ അപ്പീല്‍ പോകാന്‍ കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു.

ഇന്ത്യയിൽ മുസ്ലീങ്ങളുടെ ജീവിത സാഹചര്യം ബുദ്ധിമുട്ടിലാക്കുന്ന അന്തരീക്ഷമാണ് നരേന്ദ്ര മോദി സൃഷ്ടിച്ചതെന്നായിരുന്നു പ്രധാനമന്ത്രിക്കെതിരായ അസംഖാന്റെ പ്രസംഗത്തിലെ പരാമര്‍ശം.

അഖിലേഷ് യാദവ് കഴിഞ്ഞാല്‍ സമാജ്‌വാദി പാർട്ടിയിലെ ഏറ്റവും ശക്തനായ നേതാവാണ് അസംഖാന്‍. മൂന്ന് വർഷം ശിക്ഷിക്കപ്പെടുന്നതോടെ റാംപൂരില്‍ നിന്നുള്ള ജനപ്രതിനിധി സ്ഥാനം അസംഖാന് നഷ്ടമായേക്കും. എംഎൽഎ/ എംപി സ്ഥാനം വഹിക്കുന്നവർ ഏതെങ്കിലും കേസിൽ രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടാൽ പദവി നഷ്ടമാകുമെന്നതാണ് നിയമം.

നിലവിൽ 90ഓളം കേസുകളിൽ അസംഖാന്‍ കുറ്റാരോപിതനാണ്. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്രത്തോടും ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളോടും സുപ്രീംകോടതി ആവശ്യപ്പെട്ട് ഒരാഴ്‌ച പിന്നിടുമ്പോഴാണ് അസംഖാനെ കോടതി ശിക്ഷിക്കുന്നത്.

എല്ലാ വാതിലുകളും അടഞ്ഞിട്ടില്ലെന്ന് വിധിയോട് അസംഖാന്‍ പ്രതികരിച്ചു. പ്രതീക്ഷ കൈവിടുന്നില്ല. വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും അസംഖാന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in