INDIA
മുലായം സിങ്ങിന്റെ ആരോഗ്യ നില അതീവ ഗുരുതരം; തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി
അഖിലേഷ് യാദവ് ആശുപത്രിയിലെത്തി
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായം സിംഗ് യാദവ് അതീവ ഗുരുതരാവസ്ഥയില്‍. ഏതാനും ദിവസമായി ഹരിയാനയിലെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ ഇന്ന് ഐസിയുവിലേക്ക് മാറ്റി. മകന്‍ അഖിലേഷ് യാദവ്, അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ്, അടുത്ത കുടുംബാംഗങ്ങള്‍ എന്നിവര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.
അതേസമയം, മുലായത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി സാധാരണ നിലയിലാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ട്വിറ്ററില്‍ പറഞ്ഞു. മുതിര്‍ന്ന ഡോക്ടര്‍മാര്‍ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.
മുലായം സിങ്ങിന് എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കട്ടെ എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.