'കുട്ടികളെ ദത്തെടുക്കാം, സ്വവർഗ ലൈംഗികത നഗര പ്രതിഭാസമല്ല'; ക്വീർ അവകാശങ്ങളെക്കുറിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ്

'കുട്ടികളെ ദത്തെടുക്കാം, സ്വവർഗ ലൈംഗികത നഗര പ്രതിഭാസമല്ല'; ക്വീർ അവകാശങ്ങളെക്കുറിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ്

ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ നിലപാടിനോട് ഭൂരിപക്ഷം ജഡ്ജിമാരും വിയോജിച്ചു
Updated on
2 min read

സ്വവർഗ വിവാഹത്തിന് നിയമപരിരക്ഷ നൽകാൻ സുപ്രീം കോടതി തയാറാകുമോ എന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. എന്നാൽ നിലവിലെ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ സ്വവർഗവിവാഹത്തെ നിയമപരമായി അംഗീകരിക്കാൻ കഴിയില്ലെന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. അത് പാർലമെൻ്റിൻ്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണെന്നും അതിലിടപെടാൻ കഴിയില്ലെന്നുമാണ് കോടതിയുടെ നിലപാട്. ഇക്കാര്യങ്ങളിൽ അഞ്ചംഗ ബെഞ്ച് യോജിപ്പാണ് പ്രകടിപ്പിച്ചത്.

അതേസമയം, സ്വവർഗ ദമ്പതികളുടെ അവകാശങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ ഭിന്നാഭിപ്രായമുണ്ടായി. സ്വവർഗ ദമ്പതികളുടെ അവകാശങ്ങളെ സംബന്ധിച്ച ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ നിലപാടുകൾ ഭൂരിപക്ഷം പേരും അംഗീകരിച്ചില്ല. സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശമുണ്ടെന്നതടക്കമുള്ള നിലപാടുകളാണ് ചീഫ് ജസ്റ്റിസ് സ്വീകരിച്ചത്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിധിന്യായത്തിലെ പ്രധാന പരാമർശങ്ങൾ

സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹർജികളിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാല് വിധികളാണ് പുറപ്പെടുവിക്കുന്നതെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിധിന്യായം വായിച്ചത്. ചില കാര്യങ്ങളിൽ ബെഞ്ചിന് യോജിപ്പാണെന്നും എന്നാൽ ചിലതിൽ വിയോജിപ്പുകളുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

കോടതിക്ക് നിയമമുണ്ടാക്കാൻ സാധിക്കില്ല. നിയമം വ്യാഖ്യാനിക്കാൻ മാത്രമാണ് കഴിയുക. ക്വിയർ വ്യക്തിത്വം നഗരസങ്കൽപ്പമല്ലെന്നും സ്വവർഗബന്ധം വിഡ്ഢിത്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

സ്‌പെഷ്യൽ മാരേജ് നിയമത്തിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും എന്നാൽ ഈ നിയമം കോടതി റദ്ദാക്കിയാൽ രാജ്യത്തിനെ സ്വാന്ത്ര്യത്തിന് മുമ്പത്തെ കാലത്തേക്ക് കൊണ്ടുപോകുന്നതുപോലെയാകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്‌പെഷ്യൽ മാരേജ് ആക്ടിൽ മാറ്റം വേണോയെന്ന് പാർലമെന്റിന് തീരുമാനിക്കാം. പാർലമെന്റിന്റെ അധികാര പരിധിയിലേക്ക് കടന്നുകയറാതിരിക്കാൻ കോടതി ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവാഹം എന്ന കാഴ്ചപ്പാടിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ട്രാൻസ്ജെ ൻഡർ വിഭാഗത്തിൽപ്പെട്ടവരുടെ വിവാഹത്തിന് നിയമപ്രാബല്യമുണ്ട്.

നഗരത്തിലെ വരേണ്യവർഗത്തിന്റെ അജണ്ട മാത്രമാണ് സ്വവർഗ വിവാഹമെന്ന് പറയാനാവില്ല. ഗ്രാമത്തിലെ സാധാരണക്കാരിയായ കർഷകസ്ത്രീക്ക് പോലും ഇക്കാര്യം തോന്നാമെന്നും അദ്ദേഹം പറഞ്ഞു.

സ്വവർഗ പങ്കാളികൾക്കും കുട്ടികളെ ദത്തെടുക്കാൻ അവകാശമുണ്ടെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി. ദത്തെടുക്കൽ വ്യക്തിപരമായ കാര്യമാണ്. ദത്തെടുക്കപ്പെട്ട കുട്ടികളുടെ ഭാവിക്കാണ് പരിഗണനയെന്നും കോടതി പറഞ്ഞു. സ്ത്രീ-പുരുഷ ദമ്പതികൾക്ക് മാത്രമാണ് നല്ല മാതാപിതാക്കളാവാൻ സാധിക്കുകയുള്ളൂവെന്ന് പറയാനാവില്ലെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചു.

കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിൽനിന്ന് അവിവാഹിതരെയും ക്വിയർ ദമ്പതികളെയും വിലക്കുന്ന സിഎആർഎ വ്യവസ്ഥയുടെ 5(3) ചട്ടം ഭരണഘടനയുടെ അനുച്ഛേദം 15 ന്റെ ലംഘനമാണ്. സ്വവർഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരേ വിവേചനമുണ്ടാകുന്നില്ലെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉറപ്പുവരുത്തണം. ട്രാൻസ് ജെൻഡർ ഉൾപ്പടെയുളളവർക്കെതിരെ ഉണ്ടാകുന്ന അക്രമങ്ങൾ തടയാൻ സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് വിധി ന്യായത്തിൽ പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ വിധിന്യായത്തോട് ജസ്റ്റിസ് എസ് കെ കൗളും യോജിച്ചു.

ജസ്റ്റിസ് എസ് കെ കൗളിന്റെ വിധിന്യായത്തിലെ പ്രധാന പരാമർശങ്ങൾ

ചീഫ് ജസ്റ്റിസിന്റെ വിധിന്യായത്തോട് യോജിക്കുന്നുവെന്ന ആമുഖത്തോടെയാണ് ജസ്റ്റിസ് കൗൾ തന്റെ വിധിന്യായം വായിച്ചത്. സ്‌പെഷ്യൽ മാരേജ് ആക്ട് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് എസ് കെ കൗൾ തന്റെ വിധിന്യായത്തിൽ പറഞ്ഞു. സ്വവർഗ ബന്ധങ്ങൾ പുരാതന കാലം മുതൽ തന്നെ അംഗീകരിക്കപ്പെട്ടിരുന്നു. ലൈംഗികത മാത്രമല്ല, വൈകാരിക ബന്ധങ്ങളായും അതുണ്ടായതായി ചില സൂഫി പാരമ്പര്യങ്ങളിൽ പരാമർശിച്ചിട്ടുണ്ട്.

ഭിന്നലിംഗ ലൈംഗികതയും സ്വവർഗ ലൈംഗികതയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളായിത്തന്നെ കാണണം. അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നത് ഭരണഘടനാ കോടതിയുടെ അവിഭാജ്യ ഘടകമല്ല, കോടതിയെ നയിക്കുന്നത് ഭരണഘടനാപരമായ ധാർമികതയാണ്, അല്ലാതെ സാമൂഹിക ധാർമികതയല്ല.

സ്വവർഗ ദമ്പതികളും എതിർ ലിംഗ ദമ്പതികളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായി കാണണം. 'ഈ നിമിഷം ചരിത്രപരമായ അനീതിയും വിവേചനവും പരിഹരിക്കാനുള്ള അവസരമാണ്, അങ്ങനെ അത്തരം വിവാഹങ്ങൾക്കോ അവകാശങ്ങൾ നൽകുന്നതിനാവശ്യമായ വിവേചന വിരുദ്ധ നിയമത്തിനായുള്ള സിജെഐയുടെ ആഹ്വാനത്തെയും അദ്ദേഹം പിന്തുണച്ചു. സ്വവർഗ വ്യക്തികളുടെ വിവാഹത്തിനുള്ള നിയമപരമായ അംഗീകാരം സമത്വത്തിലേക്കുള്ള ചുവടുവയ്പാണെന്നും ജസ്റ്റിസ് കൗൾ പറഞ്ഞു.

logo
The Fourth
www.thefourthnews.in