ഭരണഘടനാ പ്രചാരണത്തെ ചെറുക്കാന്‍ അടിയന്തരാവസ്ഥ ദിനാചരണം; ബിജെപി നീക്കം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുമോ?
ജൂണ്‍ 25 ഭരണഘടനാഹത്യ ദിനമായി ആചരിക്കാന്‍ വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 ജൂണ്‍ 25 ദിനത്തെ സജീവമാക്കി നിര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റേയും 'ഇന്ത്യ' സഖ്യത്തിന്റേയും നീക്കത്തിന് പ്രതിരോധം തീര്‍ക്കാനാണ് ദിനാചരണത്തിലൂടെ ബിജെപി ശ്രമിക്കുന്നത്. ഇത് ആദ്യമായാണ് മുന്‍ സര്‍ക്കാരിന്റെ ഏറെ വിവാദമായ ഒരു നടപടിയെ കേന്ദ്രം ആചരിക്കാന്‍ തീരുമാനിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
'1975ലെ അടിയന്തരാവസ്ഥയുടെ മനുഷ്യത്വരഹിതമായ വേദനകള്‍ സഹിച്ച എല്ലാവരുടെയും മഹത്തായ സംഭാവനകളെ 'സംവിധാന്‍ ഹത്യ ദിവസ്' അനുസ്മരിക്കും''
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ബിജെപിക്ക് തിരിച്ചടിയായിരുന്നു. ഭരണഘടനയുടെ ചെറിയ പതിപ്പ് ഉയര്‍ത്തിപ്പിടിച്ചായിരുന്നു രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് റാലികളില്‍ സംസാരിച്ചത്. ബിജെപിക്ക് 400-ന് മുകളില്‍ സീറ്റ് ലഭിച്ചാല്‍ ഭരണഘടന തിരുത്തിയെഴുതും എന്ന കോണ്‍ഗ്രസിന്റെ പ്രചാരണം വലിയ രീതിയില്‍ ചര്‍ച്ചയാവുകയു ചെയ്തു. ഭരണഘടനാ പ്രചാരണം ദളിത് വോട്ടുകള്‍ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും സഹായമായെന്നാണ് വിലയിരുത്തല്‍. ഉത്തര്‍പ്രദേശില്‍ അടക്കം ബിജെപിക്ക് അടിതെറ്റിയതിന് പിന്നാലെ പ്രധാന കാരണങ്ങളിലൊന്ന് രാഹുലിന്റെ ഈ നീക്കമായിരുന്നു.
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തില്‍ അടിയന്തരാവസ്ഥയില്‍ ഇരകളായവര്‍ക്ക് വേണ്ടി രണ്ടു മിനിറ്റ് മൗനം ആചരിക്കാനുളള സ്പീക്കറുടെ ആഹ്വാനത്തെ ഇന്ത്യ സഖ്യത്തിലെ സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ അംഗീകരിച്ചിരുന്നു. ഇത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി
തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷവും ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുള്ള പ്രചാരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയാറായില്ല. പ്രതിപക്ഷ അംഗങ്ങള്‍ ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തത് ഭരണഘടനയുടെ പതിപ്പ് ഉയര്‍ത്തിക്കാട്ടിയായിരുന്നു. ഇതോടെ, അപകടം മണത്ത ബിജെപി ഇതിനെ പ്രതിരോധിക്കാന്‍ രംഗത്തെത്തിയിരുന്നു. സ്പീക്കറായി തിരഞ്ഞെടുത്തതിന് പിന്നാലെ, നന്ദി പറഞ്ഞുകൊണ്ടുള്ള പ്രസംഗത്തില്‍ സ്പീക്കര്‍ ഓം ബിര്‍ള അടിയന്തരാവസ്ഥയെ കുറിച്ച് പ്രമേയം അവതരിപ്പിച്ചു. ഇത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. അടിയന്തരാവസ്ഥയില്‍ ഇരകളായവര്‍ക്ക് വേണ്ടി രണ്ടു മിനിറ്റ് മൗനം ആചരിക്കാനുളള സ്പീക്കറുട ആഹ്വാനത്തെ ഇന്ത്യ സഖ്യത്തിലെ സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ അംഗീകരിക്കുകയും ചെയ്തു. ഇത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി.
അജണ്ടയിലില്ലാത്ത വിഷയം അവതരിപ്പിച്ചതിന് എതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയെങ്കിലും പ്രതിപക്ഷ സഖ്യത്തില്‍ അഭിപ്രായ ഭിന്നതയുണ്ടാക്കുന്നതില്‍ അന്ന് ബിജെപി വിജയിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി വീണ്ടും ഭരണഘടന പ്രധാന വിഷയമാക്കി. മണിപ്പൂരും പരീക്ഷാ തട്ടിപ്പും കര്‍ഷക പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ചുള്ള പ്രസംഗത്തില്‍, ഭരണഘടന സംരക്ഷണത്തെ കുറിച്ച് രാഹുല്‍ അടിവരയിട്ട് ഓര്‍മ്മിപ്പിച്ചു.
മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളേക്കാള്‍ ബിജെപിക്ക് പ്രധാനം യുപിയില്‍ നഷ്ടപ്പെട്ടുപോയ അടിത്തറ തിരികെ പിടിക്കുക എന്നതാണ്. അഖിലേഷ് യാദവിന്റെ ദളിത്, പിന്നാക്ക, ന്യൂനപക്ഷ ഫോര്‍മുലയും കോണ്‍ഗ്രസിന്റെ ഭരണഘടനാ പ്രചാരണവും ഒരു വലിയ വിഭാഗം ദളിത് വോട്ടുകള്‍ ബിജെപിയില്‍ നിന്ന് അകന്നുമാറാന്‍ കാരണമായിട്ടുണ്ട്
മറുപടി പ്രസംഗത്തില്‍ അടിയന്തരാവസ്ഥയെ കുറിച്ച് ഓര്‍മ്മിപ്പിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചടിച്ചത്. എന്നാല്‍, തന്റെ മൂന്നാം മണിപ്പൂര്‍ സന്ദര്‍ശനത്തില്‍ വീണ്ടും രാഹുല്‍ ഗാന്ധി ഭരണഘടനയുടെ പ്രാധാന്യത്തെ കുറിച്ച് വാചാലനായി. വരാനിരിക്കുന്ന ഹരിയാന, ജാര്‍ഖണ്ഡ്, ഡല്‍ഹി തിരഞ്ഞെടുപ്പുകളിലും യു പി ഉപതിരഞ്ഞെടുപ്പിലും ഭരണഘടന തന്നെയാകും പ്രതിപക്ഷത്തിന്റെ പ്രധാന പ്രചാരണായുധം. അടിയന്തരാവസ്ഥ കാലത്ത് മോദി നടത്തിയ പ്രവര്‍ത്തനങ്ങള്‍ നേരത്തേയും സംഘപരിവാര്‍ പ്രചാരണമാക്കിയിരുന്നു ഇത് കൂടുതല്‍ സജീവമാക്കി നഷ്ടപ്പെട്ടുപോയ പ്രതിച്ഛായ തിരിച്ചുപിടിക്കാനാണ് മോദിയുടെ ശ്രമമെന്നും വിലയിരുത്തലുണ്ട്.
മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളേക്കാള്‍ ബിജെപിക്ക് പ്രധാനം യുപിയില്‍ നഷ്ടപ്പെട്ടുപോയ അടിത്തറ തിരികെ പിടിക്കുക എന്നതാണ്. അഖിലേഷ് യാദവിന്റെ ദളിത്,പിന്നാക്ക,ന്യൂനപക്ഷ ഫോര്‍മുലയും കോണ്‍ഗ്രസിന്റെ ഭരണഘടനാ പ്രചാരണവും ഒരു വലിയ വിഭാഗം ദളിത് വോട്ടുകള്‍ ബിജെപിയില്‍ നിന്ന് അകന്നുമാറാന്‍ കാരണമായിട്ടുണ്ട്. അയോധ്യ രാമക്ഷേത്രം സ്ഥിതിചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ദളിത് നേതാവ് അവദേശ് പ്രസാദിന്റെ വിജയത്തിലേക്ക് നയിച്ചത് ഈ പ്രചാരണമായിരുന്നു. രാഹുലിനും അഖിലേഷിനൊപ്പം ലോക്‌സഭയില്‍ മുന്‍നിരയിലാണ് അവദേശിന് പ്രതിപക്ഷം ഇരിപ്പിടം നല്‍കിയിരിക്കുന്നത്. ഈ രാഷ്ട്രീയ നീക്കങ്ങളെ പ്രതിരോധിക്കാന്‍ അടിയന്തരാവസ്ഥ ഓര്‍മകളില്‍ നിലനിര്‍ത്താനാണ് ബിജെപി നീക്കം.
ബിജെപിയുടെ അടിയന്തരാവസ്ഥ പ്രചാരണത്തെ ചെറുക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി ഇതിനോടകം കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് രംഗത്തുവന്നു കഴിഞ്ഞു. ജൂണ്‍ നാല് മോദി വിരുദ്ധ ദിനമായി ആചരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ബിജെപി അടിയന്തരാവസ്ഥ ചൂണ്ടിക്കാണിക്കുമ്പോള്‍, നരേന്ദ്ര മോദി കഷ്ടിച്ചു കടന്നുകൂടിയ തിരഞ്ഞെടുപ്പ് ഫലം ഓര്‍മ്മിപ്പിച്ച് പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് നീക്കം.