ചന്ദനപ്പെട്ടിയും വജ്രവും ദാസ് ദാനവും; ബൈഡന് രാജകീയ സമ്മാനങ്ങള്‍ നല്‍കി നരേന്ദ്ര മോദി
അമേരിക്കയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും വലിയ സ്വീകരണമാണ് ഒരുക്കിയത്. മോദിയും ബൈഡനും പരസ്പരം വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കൈമാറി.
ബൈഡനും ജില്‍ ബൈഡനും പ്രധാനമന്ത്രി പ്രത്യേകം സമ്മാനങ്ങള്‍ കരുതിയിരുന്നു. മോദിയുടെ സമ്മാനങ്ങളെല്ലാം പഴയ രാജഭരണകാലത്തെ ഓർമിപ്പിക്കുന്ന വിധത്തിലായിരുന്നു എന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം.
ബൈഡന് സമ്മാനിച്ചത്
1. ചന്ദനപ്പെട്ടി
രാജസ്ഥാൻ ജയ്പൂരിലെ ഒരു കരകൗശല വിദഗ്ധന്‍ നിര്‍മിച്ച ഒരു പ്രത്യേക ചന്ദനപ്പെട്ടിയാണ് പ്രധാനമന്ത്രി ജോ ബൈഡന് സമ്മാനിച്ചത്. കൈകൊണ്ടുള്ള കൊത്തുപണികളാണ് അതിലുള്ളത്. കര്‍ണാടകയിലെ മൈസൂരുവില്‍ നിന്നുള്ള ചന്ദനത്തടിയില്‍ നിരവധി സസ്യജന്തുജാലങ്ങളുടെ രൂപങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. ചന്ദനപ്പെട്ടി മാത്രമല്ല, അതിനകത്തും ചില വിശേഷപ്പെട്ട സമ്മാനങ്ങള്‍ കരുതി വച്ചിരുന്നു. പെട്ടിയില്‍ ഗണപതിയുടെ ഒരു വെള്ളി വിഗ്രഹം, ഒരു എണ്ണ വിളക്ക്, ചെമ്പ് തകിട്, ചിഹ്നങ്ങള്‍ അടങ്ങിയ 10 വെള്ളിപ്പെട്ടികള്‍, 10 ദാസ് ധനം എന്നിവയാണ് ചന്ദനപ്പെട്ടിയില്‍ ഉണ്ടായിരുന്നത്.
കൊല്‍ക്കത്തയില്‍ നിന്നുള്ള വെള്ളിപ്പണിക്കാരുടെ കുടുംബത്തിലെ അഞ്ചാം തലമുറയിലെ ഒരംഗമാണ് ഗണപതിയുടെ വെള്ളി വിഗ്രഹം നിര്‍മിച്ചത്. ഇവര്‍ തന്നെയാണ് എണ്ണവിളക്കും കൈപ്പണിയിലൂടെ നിര്‍മിച്ചത്. താമ്രപാത്രം എന്നറിയപ്പെടുന്ന ചെമ്പുതകിട് ഉത്തര്‍പ്രദേശില്‍ നിര്‍മിക്കപ്പെട്ടതാണ്. അതില്‍ ഒരു ശ്ലോകം ആലേഖനം ചെയ്തിട്ടുണ്ട്. പുരാതന കാലത്ത് എഴുതാനും രേഖകള്‍ സൂക്ഷിക്കുന്നതിനുമുള്ള ഉപാധിയായിട്ടാണ് താമ്രപാത്രം ഉപയോഗിച്ചിരുന്നത്. പെട്ടിയിലുള്‍പ്പെട്ടിരുന്ന ദാസ് ദാനം പൗരാണിക കാലത്ത് നിലനിന്നിരുന്ന ദാനത്തെ സൂചിപ്പിക്കുന്നതായിരുന്നു.
ചന്ദനപ്പെട്ടിയിലുണ്ടായിരുന്ന 10 ദാസ് ദാനം
ഗൗഡന് (പശുദാനം) പകരം പശ്ചിമബംഗാളിലെ കരകൗശല വിദഗ്ധര്‍ നിര്‍മിച്ച ഒരു വെള്ളി നാളികേരം.
ഭൂദാനിന് (ഭൂമിദാനം) പകരം കര്‍ണാടകയിലെ മൈസൂരുവില്‍ നിന്നുള്ള ചന്ദനം
ടില്‍ദാന് (എള്ള് വിത്ത് ദാനം) ആയി തമിഴ്‌നാട്ടില്‍ നിന്നുള്ള വെള്ള എള്ള്
ഗുഡ്ദാനിന് (ശര്‍ക്കര ദാനം) മഹാരാഷ്ട്രയില്‍ നിന്ന് ലഭിക്കുന്ന ശര്‍ക്കര
റൗപ്യാദാന്‍ (വെള്ളി ദാനം) ആയി രാജസ്ഥാനില്‍ നിന്നുള്ള കരകൗശല വിദഗ്ധര്‍ നിര്‍മിച്ച 99.5% ശുദ്ധവും ഹാള്‍മാര്‍ക്ക് ചെയ്തതുമായ വെള്ളി നാണയം
ലവന്‍ദാന്‍ (ഉപ്പ് ദാനം) ആയി ഗുജറാത്തില്‍ നിന്നുള്ള ഉപ്പ്
രാജസ്ഥാനില്‍ നിന്ന് കൈകൊണ്ട് നിര്‍മിച്ച് 24 കാരറ്റ് സ്വര്‍ണ നാണയം ആണ് ഹിരണ്യദാന്‍ അഥവാ സ്വര്‍ണ ദാനമായി ഉള്‍പ്പെടുത്തിയത്.
അജ്യാ ദാന്‍ (തെളിഞ്ഞ വെണ്ണ ദാനം) ആയി പഞ്ചാബില്‍ നിന്നുള്ള നെയ്യ് അല്ലെങ്കില്‍ ശുദ്ധമായ വെണ്ണ
ജാര്‍ഖണ്ഡില്‍ നിന്ന് കൈകൊണ്ട് നെയ്ത ടസര്‍ സില്‍ക്ക് വസ്ത്രദാനമായി നല്‍കി.
ഉത്തരാഖണ്ഡില്‍ നിന്നുള്ള നീളമുള്ള അരിയാണ് ധാന്യ ദാനമായി നല്‍കിയത്.
2. ദ ടെന്‍ പ്രിന്‍സിപ്പല്‍ ഉപനിഷദ്
ലണ്ടനിലെ ഫേബര്‍ ആന്‍ഡ് ഫേബര്‍ ലിമിറ്റഡ് പ്രസിദ്ധീകരിച്ചതും ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി പ്രസില്‍ അച്ചടിച്ചതുമായ 'ദ ടെന്‍ പ്രിന്‍സിപ്പല്‍ ഉപനിഷദ്' എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പിന്റെ കോപ്പിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ജോ ബൈഡന് നല്‍കിയ മറ്റൊരു സമ്മാനം. ഇത് ബൈഡന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ അവസാന കൃതികളില്‍ ഒന്നായിരുന്നു. ഐറിഷ് കവി വില്യം ബട്‌ലര്‍ യീറ്റ്സിന്റെ വലിയ ആരാധകനായിരുന്നു ബൈഡന്‍. ബൈഡന്‍ മിക്കവാറും തന്റെ പൊതു പ്രസംഗങ്ങളില്‍ എല്ലാം യീറ്റ്‌സിന്റെ കവിതകള്‍ ഉദ്ധരിക്കുകയും അദ്ദേഹത്തിന്റ രചനകളെ പരാമര്‍ശിക്കുകയും ചെയ്യാറുണ്ട്.
യീറ്റ്‌സിന് ഇന്ത്യയോട് അഗാധമായ ഇഷ്ടമുണ്ടായിരുന്നു. ഇന്ത്യന്‍ ആത്മീയ പാരമ്പര്യവും ഉപനിഷത്തുക്കളുമെല്ലാം അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചിരുന്നു. രവീന്ദ്രനാഥ ടാഗോറിനോടുള്ള അദ്ദേഹത്തിന്റെ സൗഹൃദം പ്രസിദ്ധമാണ്, പാശ്ചാത്യ ലോകത്ത് ടാഗോറിന്റെ ഗീതാഞ്ജലിയെ ജനപ്രിയമാക്കാന്‍ യീറ്റ്‌സ് സഹായിച്ചു. 1937ല്‍, ശ്രീ പുരോഹിത് സ്വാമിയുമായി ചേര്‍ന്ന് രചിച്ച ഇന്ത്യന്‍ ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം യീറ്റ്സ് പ്രസിദ്ധീകരിച്ചു. ഇതാണ് മോദി ബൈഡന് ആ പുസ്തകം തന്നെ സമ്മാനിക്കാന്‍ കാരണം.
ജില്‍ ബൈഡന് സമ്മാനിച്ചത്
1. 7.5 കാരറ്റ് ഗ്രീന്‍ ഡയമണ്ട്
ബൈഡന് സമ്മാനങ്ങള്‍ നല്‍കിയ മോദി ജില്‍ ബൈഡനെ മറന്നില്ല. 7.5 കാരറ്റ് ഗ്രീന്‍ ഡയമണ്ട് ആണ് അമേരിക്കയുടെ പ്രഥമ വനിതയ്ക്ക് നല്‍കിയത്. സൂറത്ത് ആസ്ഥാനമായുള്ള ഒരു ഡയമണ്ട് കമ്പനിയാണ് ഇത് നിര്‍മിച്ചത്. ഇത് ഭൂമിയില്‍ നിന്ന് കുഴിച്ചെടുത്ത വജ്രത്തിന്റേത് പോലുള്ള രസ, പ്രകാശ ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്നു. സൗരോര്‍ജം, കാറ്റ് എന്നിവ പോലുള്ള പാരിസ്ഥിതിക വിഭവങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചതിനാല്‍ ഇത് പരിസ്ഥിതി സൗഹൃദമാണ്. രത്‌നത്തിന്റെ മൂല്യം തിട്ടപ്പെടുത്താന്‍ കഴിയില്ല.
അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സൂക്ഷ്മതയോടെയാണ് ഗ്രീന്‍ ഡയമണ്ട് രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു കാരറ്റിന് 0.028 ഗ്രാം കാര്‍ബണ്‍ മാത്രമേ പുറന്തള്ളൂ, എന്ന് ജെമോളജിക്കല്‍ ലാബ് സാക്ഷ്യപ്പെടുത്തിയതാണ്. 7.5 കാരറ്റ് എന്നത് ഇന്ത്യയുടെ 75 വര്‍ഷത്തെ സ്വാതന്ത്ര്യത്തെയും സുസ്ഥിരമായ അന്താരാഷ്ട്ര ബന്ധങ്ങളുടെയും പ്രതീകമാണ്.
2. പോപ്പിയര്‍ മാഷെ ബോക്‌സ്
ഗ്രീന്‍ ഡയമണ്ട് സൂക്ഷിക്കുന്ന മനോഹരമായ പെട്ടിയാണ് ഇത്. കര്‍ എ കലംദാനി എന്നറിയപ്പെടുന്ന ഈ പെട്ടി, കാശ്മീരിലെ അതി മനോഹരമായ പേപ്പര്‍ പള്‍പ്പിന്റെയും കൊത്തുപണിയുടെയും സൂക്ഷ്മ നിര്‍മിതിയാണ്. ഇതില്‍ കരകൗശല വിദഗ്ധര്‍ വളരെ മനോഹരമായ ചിത്രപ്പണിയും ചെയ്തിട്ടുണ്ട്.
ബൈഡന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സമ്മാനങ്ങള്‍ നല്‍കിയിരുന്നു. ഔദ്യോഗിക ഉപഹാരമായി ബൈഡനും ജില്‍ ബൈഡനും ചേര്‍ന്ന് നല്‍കിയത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കൈകൊണ്ട് നിര്‍മ്മിച്ച പുരാതന അമേരിക്കന്‍ പുസ്തക ഗാലിയാണ്. വിന്റേജ് അമേരിക്കൻ ക്യാമറയും ഒപ്പം ജോർജ്ജ് ഈസ്റ്റ്മാന്റെ ആദ്യത്തെ കൊഡാക് ക്യാമറയുടെ പതിപ്പും അമേരിക്കൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയുടെ ഹാർഡ് കവർ പുസ്തകവും ബൈഡന്‍ മോദിക്ക് സമ്മാനിച്ചു.