ഹരിയാന മന്ത്രിക്കെതിരായ പീഡന ആരോപണം: ''രാജ്യം വിടാൻ ഒരു കോടി വരെ വാഗ്ദാനം ചെയ്തു''; വെളിപ്പെടുത്തലുമായി പരാതിക്കാരി

ഹരിയാന മന്ത്രിക്കെതിരായ പീഡന ആരോപണം: ''രാജ്യം വിടാൻ ഒരു കോടി വരെ വാഗ്ദാനം ചെയ്തു''; വെളിപ്പെടുത്തലുമായി പരാതിക്കാരി

സന്ദീപ് സിങ്ങിനെ ഇതുവരെ ചോദ്യം ചെയ്യാൻ പോലും പോലീസ് വിളിച്ചിട്ടില്ല. അദ്ദേഹം ഇപ്പോഴും സര്‍ക്കാരിന്റെ ഭാഗമാണ്. നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും യുവതി
Updated on
1 min read

ഹരിയാന കായികമന്ത്രി സന്ദീപ് സിങ്ങിനെതിരായ പീഡന ആരോപണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കായിക പരിശീലക. കേസ് ഉപേക്ഷിച്ച് രാജ്യം വിടാന്‍ കോടികള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള നിരവധി അജ്ഞാത ഫോണ്‍വിളികള്‍ ലഭിച്ചതായാണ് യുവതിയുടെ വെളിപ്പെടുത്തല്‍. കേസിനെക്കുറിച്ച് മറന്നേക്കുക. ഏതെങ്കിലും വിദേശ രാജ്യത്ത് പോയി ഒരു മാസം താമസിക്കൂ. ഒരു കോടി രൂപ തരാം എന്ന് പറഞ്ഞാണ് ചിലയാളുകള്‍ വിളിക്കുന്നതെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെ മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യുവതി.

ഹരിയാന പോലീസ് കേസുമായി ബന്ധപ്പെട്ട് വലിയ രീതിയിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് യുവതി പറഞ്ഞു. മുഖ്യമന്ത്രി തന്നെ സന്ദീപ് സിങ്ങിന്റെ പക്ഷം പിടിച്ചാണ് സംസാരിക്കുന്നത്. പക്കലുള്ള എല്ലാ തെളിവുകളും രേഖകളും സ്റ്റേഷനിൽ ഹാജരാക്കിയിട്ടും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടും സന്ദീപിനെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകുന്നില്ല. സന്ദീപ് സിങ്ങിനെ ഇതുവരെ ചോദ്യം ചെയ്യാൻ പോലും പോലീസ് വിളിച്ചിട്ടില്ല. അദ്ദേഹം ഇപ്പോഴും സര്‍ക്കാരിന്റെ ഭാഗമാണ്. നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

ഒളിമ്പ്യനായ സന്ദീപ് സിങ്ങിനെതിരെ ശനിയാഴ്ച രാത്രിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ ഉള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തിയതിനു പിന്നാലെ സന്ദീപ് സിങ് കായികമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതൽ നവംബർ വരെ തുടർച്ചയായി സോഷ്യൽ മീഡിയ വഴി സന്ദേശങ്ങൾ അയച്ച് മന്ത്രി ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചുവെന്നും ആരോപണമുണ്ട്. പരിശീലക മൊഴി രേഖപ്പെടുത്താൻ ചൊവ്വാഴ്ച സ്റ്റേഷനിൽ എത്തിയപ്പോൾ മാധ്യമപ്രവർത്തകരുടെ പ്രവേശനം തടയുന്നതിനായി പോലീസുകാരെ പ്രവേശന കവാടത്തിൽ നിയോഗിച്ചിരുന്നു.

logo
The Fourth
www.thefourthnews.in