കേന്ദ്ര സർക്കാരിന്റെ 'സുവിധ സാരഥി'; 
പെൺകുട്ടികൾക്ക്  ഹയർസെക്കൻഡറി തലത്തിൽ  സൗജന്യ സാനിറ്ററി നാപ്കിനുകൾ

കേന്ദ്ര സർക്കാരിന്റെ 'സുവിധ സാരഥി'; പെൺകുട്ടികൾക്ക് ഹയർസെക്കൻഡറി തലത്തിൽ സൗജന്യ സാനിറ്ററി നാപ്കിനുകൾ

കൗമാരക്കാരായ പെൺകുട്ടികൾക്കിടയിൽ ആർത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനും അവബോധം നൽകുന്നതിനുമായാണ് പദ്ധതി
Updated on
1 min read

ഹയർ സെക്കൻഡറി തലത്തിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്യാൻ ഒരുങ്ങി കേന്ദ്രസർക്കാർ. സുവിധ സാരഥി എന്ന പദ്ധതിയിലൂടെയാണ് സ്കൂളുകളിലൂടെ നാപ്കിനുകൾ വിതരണം ചെയ്യുന്നതിനായി നരേന്ദ്രമോദി സർക്കാർ ലക്ഷ്യമിടുന്നത്.

കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസാണ് സുവിധ സാരഥി പദ്ധതി ആരംഭിക്കുന്നത്. കൗമാരക്കാരായ പെൺകുട്ടികൾക്കിടയിൽ ആർത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനും അവബോധം നൽകുന്നതിനുമായാണ് പദ്ധതി നടപ്പാക്കുന്നത്.

സർക്കാരിതര സംഘടനകൾ, ജനപ്രതിനിധികൾ, സർക്കാർ സ്ഥാപനങ്ങൾ, കേന്ദ്ര പൊതുമേഖലാ സംരംഭങ്ങൾ, കോർപ്പറേറ്റുകൾ, ഡോക്ടർമാർ, സ്‌കൂളുകൾ എന്നിവയടക്കം പദ്ധതിയുടെ ഭാഗമാകും. ഇവരെയെല്ലാം ഒരു വെബ് പോർട്ടലിന്റെയും മൊബൈൽ ആപ്പിന്റെയും (സുവിധ സാരഥി) കീഴിൽ ഒരുമിച്ച് കൊണ്ടുവരും. അതിൽ സ്‌കൂളുകൾക്കും സംഭാവന നൽകുന്നവർക്കും സ്വയം രജിസ്റ്റർ ചെയ്യാൻ സാധിക്കും. കൂടാതെ, സ്കൂൾ തലത്തിൽ സൗജന്യമായി സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്ന പദ്ധതിയിൽ ഭാ​ഗമാകുന്നവർക്ക് സാമ്പത്തിക സംഭാവനകൾ നൽകാനും സ്കൂളുകൾ തിരഞ്ഞെടുക്കാനും ഈ മൊബൈൽ ആപ്പിൽ സൗകര്യം ഉണ്ടായിരിക്കും.

പദ്ധതിയുടെ കീഴിൽ വരുന്ന സ്കൂളുകളിലേക്കുള്ള സംഭാവനകൾ 3-6-9-12 മാസങ്ങളുടെ ഇടവേളകളിൽ വിതരണം ചെയ്യും. 200 പെൺകുട്ടികളുള്ള ഒരു സ്കൂളിന് പ്രതിമാസ അടിസ്ഥാനത്തിൽ വാർഷിക വിഹിതമോ സംഭാവനയോ ആയി 72,000 രൂപ മാത്രമാണ് നൽകേണ്ടത്. കൂടാതെ, ആപ്പിൽ ഓൺലൈൻ സംഭാവനകൾ ലഭിച്ചാൽ പിഎംബിഐ ബന്ധപ്പെട്ട ജൻ ഔഷധി കേന്ദ്ര ഉടമകൾക്ക് നാപ്കിനുകൾ കൈമാറും. അവർ സാനിറ്ററി പാഡുകൾ ബന്ധപ്പെട്ട സ്കൂളുകളിലേക്ക് കൊണ്ടുപോകുകയും സപ്ലൈസ് രജിസ്റ്റർ ചെയ്തവരുടെ നോഡൽ വ്യക്തിക്ക് കൈമാറുകയും ചെയ്യും.

logo
The Fourth
www.thefourthnews.in