സഞ്ജയ് റാവുത്ത്
സഞ്ജയ് റാവുത്ത്

ചോദ്യം ചെയ്യല്‍, പരിശോധന; ഒടുവില്‍ സഞ്ജയ് റാവുത്ത് ഇഡി കസ്റ്റഡിയില്‍

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും റാവുത്ത് ഹാജരായിരുന്നില്ല
Updated on
1 min read

ശിവസേന എം പി സഞ്ജയ് റാവുത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ഗൊറേഗാവ് പത്ര ചൗള്‍ ചേരി പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ക്രമക്കേടുണ്ടെന്നാണ് റാവുത്തിനെതിരായ ആരോപണം. വസതിയിലെ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനും റെയ്ഡിനുമൊടുവിലാണ് ഇഡി നടപടി.

ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കിഴക്കന്‍ മുംബൈയിലെ റാവുത്തിന്റെ വീട്ടില്‍ ഇഡി- സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്

കിഴക്കന്‍ മുംബൈയിലെ റാവുത്തിന്റെ വീട്ടില്‍ ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഇഡി- സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും റാവുത്ത് ഹാജരായിരുന്നില്ല. തുടർന്നായിരുന്നു നടപടി. രാജ്യസഭാ എം.പിയായ സഞ്ജയ് റാവുത്ത് പാര്‍ലമെന്റ് സമ്മേളനമടക്കം ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.

അഴിമതിയുമായി തനിക്ക് ബന്ധമില്ലെന്നും ശിവസേനയ്ക്ക് വേണ്ടി പോരാടുന്നത് തുടരുമെന്നുമാണ് റാവുത്ത്

ജൂലൈ ഒന്നിന് ഇ ഡി റാവുത്തിനെ 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കൂട്ടാളികളായ പ്രവീണ്‍ റാവത്ത്, സുജിത് പട്കർ എന്നിവരുമായുള്ള ബിസിനസ് ബന്ധങ്ങളെക്കുറിച്ച് അറിയാനായിരുന്നു ചോദ്യം ചെയ്യല്‍. ഗോരെഗാവ് മേഖലയിലെ പുനര്‍വികസനവുമായി ബന്ധപ്പെട്ടുള്ള 1,034 കോടിയുടെ ഭൂമി കുംഭകോണത്തില്‍ പ്രവീണ്‍ റാവുത്ത് അറസ്റ്റിലായതോടെയായിരുന്നു നടപടി. ഏപ്രിലില്‍ സഞ്ജയ് റാവുത്തിന്റ ഭാര്യ വർഷ റാവുത്തിന്റെയും സുജിത് പട്കറിന്റെ ഭാര്യ സ്വപ്ന പട്കറുടെയും 11.15 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. പ്രവീണ്‍ റാവുത്ത് തന്റെ ഭാര്യയുടെ അക്കൗണ്ട് വഴി 55 ലക്ഷം രൂപ സഞ്ജയ് റാവുത്തിന്റെ ഭാര്യ വര്‍ഷയ്ക്ക് നല്‍കിയെന്ന് കണ്ടെത്തിയതോടെയായിരുന്നു ഇത്.

പരിശോധനയ്ക്ക് ഇ ഡി ഉദ്യോഗസ്ഥർ വസതിയില്‍ എത്തിയെന്ന വാർത്തകള്‍ക്ക് പിന്നാലെ 'തെറ്റായ നടപടി, തെറ്റായ തെളിവുകള്‍.. ഞാന്‍ ശിവസേന വിടില്ല.. മരിച്ചാലും കീഴടങ്ങില്ല' എന്നായിരുന്നു റാവുത്തിന്റെ പ്രതികരണം. അഴിമതിയുമായി തനിക്ക് ബന്ധമില്ലെന്നും ശിവസേനയ്ക്ക് വേണ്ടി പോരാടുന്നത് തുടരുമെന്നുമാണ് റാവുത്ത് ട്വീറ്റ് ചെയ്തത്.

logo
The Fourth
www.thefourthnews.in