രാഹുല്‍ റാവുത്തിനെ വിളിച്ചു; സവര്‍ക്കര്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് - ശിവസേന മഞ്ഞുരുക്കം
രാഹുല്‍ ഗാന്ധിയുടെ വിവാദ സവര്‍ക്കര്‍ പരാമര്‍ശത്തിന്‌റെ പേരില്‍ മഹാവികാസ് അഘാഡി സഖ്യത്തിലുണ്ടായ അസ്വാരസ്യങ്ങള്‍ക്ക് അവസാനമാകുന്നു. സഖ്യം വിടാനുള്ള തീരുമാനത്തില്‍ നിന്ന് ഉദ്ധവ് താക്കറെ പക്ഷം പിന്‍വാങ്ങുന്നതിന്‌റെ സൂചനയാവുകയാണ് ശിവസേന വക്താവ് സഞ്ജയ് റാവുത്തിന്‌റെ രാഹുലിനെ പ്രശംസിച്ചുകൊണ്ടുള്ള ട്വീറ്റ്.
''ഭാരത് ജോഡോ യാത്രയുടെ തിരക്കുകള്‍ക്കിടയിലും രാഹുല്‍ ഗാന്ധി എന്നെ വിളിച്ചു. ആരോഗ്യസ്ഥിതിയെ പറ്റി അന്വേഷിച്ചു. എന്‌റെ ആരോഗ്യാവസ്ഥയിലുള്ള ആശങ്ക അറിയിച്ചു. കള്ളക്കേസില്‍ 110 ദിവസം ജയിലിലിട്ട് പീഡിപ്പിക്കപ്പെട്ട സഹ രാഷ്ട്രീയക്കാരനോട് രാഹുല്‍ കാണിച്ച സഹാനുഭൂതി മനുഷ്യര്‍ക്ക് മാത്രം സാധ്യമാകുന്നതാണ് '' - സഞ്ജയ് റാവുത്ത് ട്വിറ്ററില്‍ കുറിച്ചു.
രാഷ്ട്രീയ ഉപചാപങ്ങളുടെ കാലത്ത് സ്‌നേഹവും സഹാനുഭൂതിയും പ്രചരിപ്പിച്ച് രാഹുല്‍ നടത്തുന്ന ഭാരത് ജോഡോ യാത്ര വലിയ ജനപിന്തുണയോടെ മുന്നേറുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സവര്‍ക്കര്‍ പരാമര്‍ശത്തെ ചൊല്ലി ഇരുകൂട്ടര്‍ക്കുമിടയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌റെ ഭാഗമായിരുന്നു രാഹുലിന്‌റെ സുഖാന്വേഷണമെന്ന് വേണം കരുതാന്‍. രാഹുലിനെ പ്രശംസിച്ചുകൊണ്ടുള്ള സഞ്ജയ് റാവുത്തിന്‌റെ ട്വീറ്റും ഇരുകൂട്ടര്‍ക്കുമിടയില്‍ സമവായം തെളിഞ്ഞതിന്‌റെ സൂചനയാണ്.
ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലെത്തിയതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് എഴുതിയ മാപ്പപേക്ഷ പുറത്തുവിട്ടുകൊണ്ടുള്ള രാഹുലിന്റെ വിവാദ പരാമര്‍ശം. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തുടങ്ങിയവരെ വഞ്ചിച്ചയാളാണ് സവര്‍ക്കറെന്നായിരുന്നു പരാമര്‍ശം. ബ്രിട്ടീഷുകാരുടെ സേവകനാകാന്‍ ആഗ്രഹിക്കുന്നെന്ന് കാണിച്ച് വി ഡി സവര്‍ക്കര്‍ എഴുതിയ കത്തുമായാണ് രാഹുല്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്.
ഇതിന് പിന്നാലെ രാഹുലിന്റെ പരാമര്‍ശം തള്ളി ശിവസേന രംഗത്തെത്തിയിരുന്നു. ശിവസേന സവര്‍ക്കറെ ബഹുമാനിക്കുന്നെന്നും രാഹുലിനോട് ഒരു തരത്തിലും യോജിക്കുന്നില്ലെന്നുമായിരുന്നു ഉദ്ധവ് താക്കറെ പ്രതികരിച്ചത്. സവര്‍ക്കറുടെ വിഷയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രധാനപ്പെട്ടതാണെന്നും ശിവസേന അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണെന്നും സഞ്ജയ് റാവുത്തും പ്രതികരിച്ചിരുന്നു.കോണ്‍ഗ്രസ് ഈ വിഷയം ഉന്നയിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം നിലപാട് എടുത്തിരുന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നേതാവിനെ അപകീര്‍ത്തിപ്പെടുത്തുന്നവരെ ജനം പാഠം പഠിപ്പിക്കുമെന്നാണ് ഷിന്‍ഡെ പക്ഷം സ്വീകരിച്ച നിലപാട്. സവര്‍ക്കറെ അപമാനിച്ചാല്‍ മഹാരാഷ്ട്ര ജനത സഹിക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ പ്രതികരണം.