ചൈന ഇന്ത്യയിലേക്ക് പ്രവേശിച്ചത് പോലെ ഞങ്ങൾ കർണാടകയിലേക്ക് കടന്നു കയറും; വിവാദ പ്രസ്താവനയുമായി സഞ്ജയ് റാവുത്ത്
അതിർത്തി പ്രശ്‌നത്തിൽ കർണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കെ, വിവാദ പ്രസ്താവനയുമായി ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) നേതാവ് സഞ്ജയ് റാവുത്ത്. ചൈന ഇന്ത്യയിലേക്ക് പ്രവേശിച്ചത് പോലെ ഞങ്ങള്‍ കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കുമെന്നായിരുന്നു സഞ്ജയ് റാവുത്തിന്റെ പ്രസ്താവന. കർണാടകയിൽ പ്രവേശിക്കാൻ തനിക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.
''ചൈന പ്രവേശിച്ചതുപോലെ ഞങ്ങളും പ്രവേശിക്കും. ഞങ്ങൾക്ക് ആരുടെയും അനുവാദം ആവശ്യമില്ല. ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് ആഗ്രഹമെങ്കിലും കർണാടക മുഖ്യമന്ത്രി തീ കൊളുത്തുകയാണ്. മഹാരാഷ്ട്രയിൽ ദുർബലമായ സർക്കാരാണ് ഉള്ളത്, ഈ വിഷയത്തിൽ അവർ ഒരു നിലപാടും സ്വീകരിക്കുന്നില്ല''-സഞ്ജയ് റാവുത്ത് പറഞ്ഞു.
മഹാരാഷ്ട്ര സംസ്ഥാനം രൂപീകൃതമായത് മുതൽ ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ നിലനിൽക്കുന്ന ബെലഗാവി അതിർത്തി തർക്കം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രൂക്ഷമായിരിക്കുകയാണ്. വിഷയം ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിഷയത്തിൽ ഏകനാഥ് ഷിൻഡെ സർക്കാർ വലിയ രീതിയിലുള്ള വിമർശനമാണ് നേരിടുന്നത്. മഹാരാഷ്ട്ര നിയമസഭയുടെ ശീതകാല സമ്മേളനത്തിലും പ്രതിപക്ഷം വിഷയം ഉന്നയിച്ചിരുന്നു.
അതിനിടെ ബെലഗാവിയുടെ അതിർത്തി പ്രദേശങ്ങളിൽ മഹാരാഷ്ട്ര ഏകീകരണ സമിതിയും (എംഇഎസ്), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അംഗങ്ങളും തിങ്കളാഴ്ച ബെലഗാവിയിലേക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയതിനെത്തുടർന്ന് സംഘർഷാവസ്ഥ നിലനിന്നിരുന്നു. തിലകവാടിയിലെ വാക്‌സിൻ ഡിപ്പോ ഗ്രൗണ്ടിൽ എംഇഎസിന്റെ മഹാമേള നടത്താൻ ബെലഗാവി പോലീസ് അനുമതി നിഷേധിക്കുകയും തിലകവാടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധിത ഉത്തരവ് ഏർപ്പെടുത്തുകയും ചെയ്തു. കർണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് നടക്കാനിരുന്ന എംഇഎസ് കൺവെൻഷൻ നടക്കുന്ന സ്ഥലത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മറാഠി സംസാരിക്കുന്ന കർണാടകയിലെ പ്രദേശങ്ങൾ മഹാരാഷ്ട്രയുടെ ഭാഗമാക്കാനും കന്നഡ സംസാരിക്കുന്ന മഹാരാഷ്ട്രയിലെ പ്രദേശങ്ങൾ കർണാടകയുടെ ഭാഗമാക്കണമെന്നുമാണ് ഇരുവിഭാഗത്തിന്റെയും ആവശ്യം. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുനഃസംഘടനയെത്തുടർന്ന് 1957 മുതലാണ് മഹാരാഷ്ട്ര-കർണാടക അതിർത്തി പ്രശ്നം ആരംഭിക്കുന്നത്. സംസ്ഥാനങ്ങളുടെ അതിർത്തികൾ തീരുമാനിക്കാൻ സുപ്രീം കോടതിക്ക് അധികാരമില്ലെന്നും പാര്ലമെന്റിന് മാത്രമേ അധികാരമുള്ളൂ എന്നുമാണ് കർണാടകയുടെ നിലപാട്. കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഇടപെടാൻ സുപ്രീംകോടതിക്ക് അധികാരമുണ്ടെന്ന് ഭരണഘടനയുടെ 131-ാം അനുച്ഛേദപ്രകാരം മഹാരാഷ്ട്രയും പറയുന്നു.