'നീതി ലഭ്യമാകില്ല': ജസ്റ്റിസ് എംആർ ഷായെ കേസിന്റെ വാദം കേൾക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് സഞ്ജീവ് ഭട്ടിന്റെ ഹർജി
ജസ്റ്റിസ് എംആർ ഷായെ തൻ്റെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്ര മോദിക്കെതിരെ മൊഴി നൽകിയ വിവാദ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട്. 29 വർഷങ്ങൾക്ക് മുൻപ് നടന്ന പ്രഭുദാസ് വൈഷ്ണനിയുടെ കസ്റ്റഡി മരണ കേസിൽ ജാംനഗർ ജില്ലാ കോടതി സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം ശിക്ഷിച്ചിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിലാണ് സഞ്ജീവ് ഭട്ടിന്റെ ആവശ്യം.
ഗുജറാത്ത് ഹൈക്കോടതിയിൽ എംആർ ഷാ ജഡ്ജിയായിരിക്കെ, ഇതേ കേസിനെ സംബന്ധിക്കുന്ന ഹർജിയില്‍ വിധിപ്രസ്താവം നടത്തിയിരുന്നു. അദ്ദേഹം തന്നെ വീണ്ടും കേസ് പരിഗണിക്കുന്നത് നീതിയുക്തമായിരിക്കില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സഞ്ജീവ് ഭട്ട് വെള്ളിയാഴ്ച അപ്പീൽ നൽകിയത്. എന്നാൽ ഗുജറാത്ത് സർക്കാർ ഇത് കഴിഞ്ഞ ദിവസം തന്നെ എതിർത്തു.
വൈഷ്ണനിയുടെ കസ്റ്റഡി മരണത്തില്‍ ശിക്ഷിച്ചതിനെതിരെ സഞ്ജീവ് ഭട്ട് ഗുജറാത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. മരണത്തിന്റെ യഥാർത്ഥ കാരണം തെളിയിക്കാൻ വൈദ്യ വിദഗ്ധനായ ഡോ എം നാരായണ റെഡ്ഡിയെ വിസ്തരിക്കണമെന്നും അദ്ദേഹം ഇക്കഴിഞ്ഞ ജൂലൈയിൽ ആവശ്യപ്പെട്ടു. എന്നാൽ ഹൈക്കോടതി അപ്പീൽ തള്ളിയതിനെ തുടർന്ന് സെപ്റ്റംബറില്‍ അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചു. ജസ്റ്റിസുമാരായ എംആർ ഷാ, എംഎം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് കേസ് ലിസ്റ്റ് ചെയ്തത്.
നിലവിലെ ഹർജിയുമായി ബന്ധപ്പെട്ട കേസിൽ എംആർ ഷാ മുൻപ് വിധി പറഞ്ഞതാണെന്ന് ഭട്ടിന്റെ അഭിഭാഷകൻ അൽജോ കെ ജോസഫ് സുപ്രീംകോടതി രജിസ്ട്രാർക്ക് നൽകിയ അപ്പീലിൽ പറയുന്നു. അതുകൊണ്ട് തന്നെ അതേ ജഡ്ജി തന്നെ വീണ്ടും വാദം കേട്ടാൽ നീതി ലഭിക്കില്ലെന്നും അദ്ദേഹം പറയുന്നു. 2011ലാണ് എംആർ ഷാ ഗുജറാത്ത് ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നപ്പോൾ തനിക്കെതിരെ കുറ്റങ്ങൾ ചുമത്തരുതെന്ന ഭട്ടിന്റെ അപേക്ഷ അപേക്ഷ അദ്ദേഹം തള്ളിയത്. ജസ്റ്റിസിനെ മാറ്റണമെന്ന ഭട്ടിന്റെ അപേക്ഷയെ ഗുജറാത്ത് സർക്കാർ വാക്കാൽ എതിർത്തു. കൂടാതെ സർക്കാരിന്റെ പ്രതികരണം രേഖാമൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
1990ലെ എൽകെ അദ്വാനിയുടെ രഥയാത്രയെ തുടർന്ന് ജാംനഗർ ജില്ലയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ അറസ്റ്റിലായ 150ഓളം പേരിൽ ഒരാളായിരുന്നു പ്രഭുദാസ് വൈഷ്ണനി. അദ്ദേഹം കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടു. ഇതിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടെങ്കിലും ഹൈക്കോടതിയുടെ സ്റ്റേയെ തുടർന്ന് നിർത്തിവെച്ചിരുന്നു. 2011ലാണ് സ്റ്റേ നീക്കം ചെയ്ത വിചാരണ പുനരാരംഭിച്ചത്. പിന്നീട് 2019 ജൂണിൽ അദ്ദേഹത്തെ ജീവപര്യന്തം ശിക്ഷിച്ചു. ഭട്ടിന്റെയും പ്രവീൺ ഝാലയുടെയും നേതൃത്വത്തിലുള്ള കസ്റ്റഡി പീഡനത്തെ തുടർന്നാണു മരണമെന്നാരോപിച്ച് പ്രഭുദാസിന്റെ സഹോദരൻ അന്നു നൽകിയ കേസിലായിരുന്നു വിധി.