സന്‍സദ് ടിവിയുടെ സംപ്രേക്ഷണം പക്ഷപാതപരം; പരാതിയുമായി തൃണമൂല്‍ എംപി
പാർലമെന്റ് സമ്മേളനം സംപ്രേഷണം ചെയ്യുന്നതിൽ സൻസദ് ടിവി പക്ഷപാതം കാട്ടുന്നുവെന്ന പരാതിയുമായി തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ. സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണത്തില്‍ പ്രതിപക്ഷ ബെഞ്ചുകളുടെ ദൃശ്യങ്ങളും ഇടപെടലുകളും കാണിക്കുന്നില്ലെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് സൻസദ് ടിവി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രജിത് പുനാനിക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ പകർപ്പ് സാകേത് ഗോഖലെ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
''കഴിഞ്ഞ 10 ദിവസമായി രാജ്യസഭാ സമ്മേളനത്തിന്റെ തത്സമയ സംപ്രേക്ഷണത്തിൽ സഭയുടെ വലതുവശത്തുള്ള പ്രതിപക്ഷ ബെഞ്ചുകളെ അവഗണിച്ചുകൊണ്ട് ക്യാമറ മിക്കവാറും സർക്കാർ ബെഞ്ചുകളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രതിപക്ഷ ബെഞ്ചുകളിൽ നിന്ന് ഒരു അംഗം സംസാരിക്കുമ്പോൾ പോലും അവരുടെ ഭാഗം കാണിക്കുന്നില്ല. അവരുടെ ദൃശ്യങ്ങള്‍ കാണിക്കില്ല''- പരാതിയില്‍ പറയുന്നു.
ഒരു മാധ്യമ ചാനൽ എന്ന നിലയിൽ സൻസദ് ടിവി പക്ഷാപാതമില്ലാത്ത നിലപാട് സ്വീകരിക്കണമെന്നും സർക്കാർ, പ്രതിപക്ഷ ബെഞ്ചുകൾക്ക് തുല്യമായ കവറേജ് നൽകണമെന്നും അദ്ദേഹം പരാതിയിൽ പറയുന്നു. ആവശ്യമെങ്കിൽ കവറേജിലെ പൊരുത്തക്കേട് തെളിയിക്കുന്ന അനലിറ്റിക്‌സ് നൽകാമെന്നും സാകേത് ഗോഖലെ കൂട്ടിച്ചേർത്തു. പരാതിയിൽ ഉടനടി നടപടി ഉണ്ടാകണമെന്നും അടിയന്തരമായി രേഖാമൂലമുള്ള മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിൽ നടന്ന് പാർലമെന്റിലും ഇതേ നിലപാടാണ് സൻസദ് ടിവി സ്വീകരിച്ചത്. അന്ന് ഇന്ത്യയെ വിദേശത്ത് അപമാനിച്ചതിനു മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷം പ്രതിഷേധം കടുപ്പിച്ചതായിരുന്നു തുടക്കം. തുടർന്ന് സ്തിതിഗതികൾ രൂക്ഷമായതോടെ രാഹുൽ ഗാന്ധിക്ക് പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിച്ചില്ല. ബഹളത്തിനിടെ ലോക്സഭാ നടപടികൾ സൻസദ് ടിവി സംപ്രേഷണം ചെയ്തത് ശബ്ദമില്ലാതെയായിരുന്നു. ‘പ്രധാനമന്ത്രി മോദിയുടെ സുഹൃത്തിനുവേണ്ടി’യാണ് സൻസദ് ടിവി ശബ്ദമില്ലാതെ പ്രതിഷേധം സംപ്രേഷണം ചെയ്തതെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.