പക്ഷി സുഹൃത്തിനെ കാണാന്‍ ആരിഫ് എത്തി; സന്തോഷംകൊണ്ട് മതിമറന്ന് സാരസ് കൊക്ക്

പക്ഷി സുഹൃത്തിനെ കാണാന്‍ ആരിഫ് എത്തി; സന്തോഷംകൊണ്ട് മതിമറന്ന് സാരസ് കൊക്ക്

1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ മൂന്ന് പ്രകാരം സംരക്ഷിക്കപ്പെടുന്നവയാണ് സാരസ് കൊക്കുകള്‍
Updated on
1 min read

പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ സാരസ് കൊക്കിനെ രക്ഷപ്പെടുത്തി പരിപാലിച്ച യുവാവിനെതിരെ ഉത്തർപ്രദേശില്‍ കേസെടുത്തത് അടുത്തിടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. വന്യജീവി സംരക്ഷണ നിയമം അനുസരിച്ചായിരുന്നു ആരിഫ് ഖാന്‍ ഗുര്‍ജറെന്ന ആള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തത്. പക്ഷിയെ പിടിച്ചെടുത്ത ശേഷം സമസ്പൂര്‍ പക്ഷി സങ്കേതത്തിലേക്ക് മാറ്റിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ആരിഫ്, പക്ഷി സങ്കേതത്തില്‍ കാണാനെത്തിയപ്പോള്‍ സന്തോഷംകൊണ്ട് മതിമറന്ന കൊക്കിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ആരിഫിനെ കണ്ടതും കൊക്ക് കൂടിനകത്ത് ചിറക് വിരിച്ച് ചാടുകയും ഓടി നടക്കുകയും ചെയ്യുന്ന കാഴ്ച ഒരേ സമയം സന്തോഷവും സങ്കടവും നിറഞ്ഞതാണ്. ദീര്‍ഘകാലത്തെ സൗഹൃദത്തിന് ശേഷം വേര്‍പിരിയേണ്ടിവന്ന ഈ സുഹൃത്തുക്കളുടെ കൂടിക്കാഴ്ചയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി പേരാണ് പങ്കുവെച്ചത്.

അമേഠി ജില്ലയിലെ മാണ്ഡ്ഖ ഗ്രാമത്തില്‍ നിന്നാണ് പരുക്കേറ്റ നിലയില്‍ സാരസ് കൊക്കിനെ ആരിഫ് ഖാന്‍ ഗുര്‍ജറിന് ലഭിച്ചത്. പിന്നീടുള്ള പതിമൂന്ന് മാസത്തോളം അദ്ദേഹം പക്ഷിയെ പരിപാലിച്ച് വരികയായിരുന്നു. ഇതിനിടെ പരുക്കുകള്‍ ഭേദമായതോടെ പക്ഷി ആരിഫ് ഖാനോട് ഇണങ്ങുകയും സന്തത സഹചാരിയാകുകയും ചെയ്തു.

പക്ഷി സുഹൃത്തിനെ കാണാന്‍ ആരിഫ് എത്തി; സന്തോഷംകൊണ്ട് മതിമറന്ന് സാരസ് കൊക്ക്
പരുക്കേറ്റ സാരസ് കൊക്കിനെ ഒന്നര വര്‍ഷം സംരക്ഷിച്ചു; സുഖപ്പെട്ടപ്പോള്‍ വനംവകുപ്പ് ഏറ്റെടുത്തു, യുവാവിനെതിരെ കേസ്

വലയില്‍ കുടുങ്ങി കാലൊടിഞ്ഞ നിലയിലായിരുന്നു സാരസ് കൊക്കിനെ ആരിഫിന് കിട്ടിയത്. അദ്ദേഹം പക്ഷിയെ വീട്ടിലെത്തിച്ച് പരിപാലിച്ചു. പരുക്കില്‍ നിന്ന് മുക്തനായെങ്കിലും പക്ഷി കാട്ടിലേയ്ക്ക് പറന്നു പോകാതെ ആരിഫിന്റെ വീട്ടില്‍ തന്നെ തുടരുകയായിരുന്നു.

തണ്ണീര്‍ത്തട മേഖലകളില്‍ സാധാരണയായി കാണപ്പെടുന്നവയാണ് ഉത്തര്‍ പ്രദേശിന്റെ സംസ്ഥാന പക്ഷി പദവിയുള്ള സാരസ് കൊക്കുകള്‍. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ 3 പ്രകാരം സംരക്ഷിക്കപ്പെടുന്നവയുമാണ് ഇവ.

logo
The Fourth
www.thefourthnews.in