പി എച്ച് ഡി പ്രപ്പോസലിൽ ചോംസ്‌കിയെ ഉദ്ധരിച്ചു, ഗവേഷകന് നോട്ടീസ്, അന്വേഷണത്തെ തുടർന്ന് സൂപ്പർവൈസർ രാജിവെച്ചു

പി എച്ച് ഡി പ്രപ്പോസലിൽ ചോംസ്‌കിയെ ഉദ്ധരിച്ചു, ഗവേഷകന് നോട്ടീസ്, അന്വേഷണത്തെ തുടർന്ന് സൂപ്പർവൈസർ രാജിവെച്ചു

സാര്‍ക്ക് രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഏഷ്യന്‍ സര്‍വകലാശാലയുടെതാണ് നടപടി
Updated on
1 min read

കശ്മീരിന്റെ രാഷ്ട്രീയത്തെയും നരവംശത്തെയും കുറിച്ചുള്ള ഗവേഷണത്തിനുള്ള പ്രപ്പോസലിൽ വിഖ്യാത രാഷ്ട്ര മീമാംസകനും ഭാഷാ ശാസ്ത്രജ്ഞനുമായ നോം ചോസ്‌കിയെ ഉദ്ധരിച്ചതിന് ഗവേഷകനും സൂപ്പര്‍വൈസര്‍ക്കുമെതിരെ നടപടി. ന്യൂഡല്‍ഹി ആസ്ഥാനമായ സൗത്ത് ഏഷ്യന്‍ സര്‍വകലാശാലയാണ് ഗവേഷകനും സൂപ്പര്‍വൈസര്‍ക്കുമെതിരെ നടപടിയെടുത്തതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അച്ചടക്ക നടപടി ആരംഭിച്ചതിനെ തുടര്‍ന്ന് ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന സൂപ്പർവൈസർ ശശാങ്ക് പെരേര സര്‍വകലാശാലയില്‍നിന്നും രാജിവെച്ചു. സോഷ്യോളജി പ്രൊഫസറാണ് ശശാങ്ക് പരേര. അതേസമയം, ചോംസ്‌കിയെ ഉദ്ധരിച്ചതില്‍ ഗവേഷകന്‍ സര്‍വകാലാശാലയോട് മാപ്പ് പറഞ്ഞതായും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് പി എച്ച് ഡി നേടിയ ശശാങ്ക് പരേര 2011 മുതല്‍ സൗത്ത് ഏഷ്യന്‍ സര്‍വകലാശാലയില്‍ ജോലി ചെയ്യുകയാണ്. നേരത്തെ കൊളംബോ സര്‍വകലാശാലയിലെ സോഷ്യോളജി വകുപ്പിലായിരുന്നു. സര്‍വകലാശാലയുടെ നടപടിയെക്കുറിച്ച് പ്രതികരിക്കാന്‍ പരേര വിസമ്മതിച്ചു. എന്നാല്‍ ചില വിഷയങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഗവേഷണവുമായി ബന്ധപ്പെട്ട് ആര്‍ക്കും രാജിവെച്ചിട്ടില്ലെന്ന് സർ വകലാശാല വിശദീകരിച്ചു. നവംബറിലാണ് സൂപ്പര്‍വൈസര്‍ അംഗീകരിച്ച ഗവേഷക പ്രബന്ധം വിദ്യാർഥി സോഷ്യല്‍ സയന്‍സ് ഡീനിന് അയച്ചത്.

ഡോ. ശശാങ്ക് പരേര
ഡോ. ശശാങ്ക് പരേര കടപ്പാട്- സൗത്ത് ഏഷ്യന്‍ സര്‍വകലാശാല വെബ് സൈറ്റ്

2022 ല്‍ ചോംസ്‌കിയുടെ വീഡിയോ അഭിമുഖത്തിലെ ആശയമാണ് പ്രബന്ധത്തില്‍ ഉദ്ധരിച്ചത്. നരേന്ദ്ര മോദി ഇന്ത്യയുടെ മതേതര ജനാധിപത്യ സംവിധാനത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന ഭാഗമാണ് പ്രബന്ധത്തില്‍ ഉദ്ധരിച്ചത്. എട്ട് സാര്‍ക്ക് രാജ്യങ്ങള്‍ ചേര്‍ന്ന് രൂപികരിച്ച് സൗത്ത് ഏഷ്യന്‍ സര്‍വകലാശാല വിദേശകാര്യ വകുപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

logo
The Fourth
www.thefourthnews.in