സുപ്രീംകോടതിയില്‍ അപൂര്‍വനീക്കം; 
ചീഫ് ജസ്റ്റിസിന്റെ ലിസ്റ്റിംഗ് പരിഷ്കാരത്തെ വിമര്‍ശിച്ച്  ബെഞ്ച്

സുപ്രീംകോടതിയില്‍ അപൂര്‍വനീക്കം; ചീഫ് ജസ്റ്റിസിന്റെ ലിസ്റ്റിംഗ് പരിഷ്കാരത്തെ വിമര്‍ശിച്ച് ബെഞ്ച്

കേസ് പഠിക്കാന്‍ സമയം ലഭിക്കുന്നില്ലെന്ന അതൃപ്തി പ്രകടമാക്കി സുപ്രീംകോടതി ബെഞ്ച്
Updated on
1 min read

ചീഫ് ജസ്റ്റിസ് യു യു ലളിത് കൊണ്ടുവന്ന പുതിയ കേസ് ലിസ്റ്റിംഗ് സംവിധാനത്തെ (കേസുകൾ പരിഗണിക്കുന്ന സമ്പ്രദായം) തുറന്ന് വിമര്‍ശിച്ച് സുപ്രീംകോടതി ബെഞ്ച്. പുതിയ ലിസ്റ്റിംഗ് രീതിയില്‍ കേസുകളുടെ മുന്നൊരുക്കത്തിന് ലഭിക്കുന്ന സമയം പരിമിതമാണെന്ന അതൃപ്തിയാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് ഒ കെ എന്നിവരടങ്ങിയ ബെഞ്ച് പ്രകടമാക്കിയത്. നാഗേഷ് ചൗധരി vs സ്‌റ്റേറ്റ് ഓഫ് ഉത്തര്‍പ്രദേശ് കേസ് പരിഗണിക്കുന്നത് നവംബര്‍ 15ലേയ്ക്ക് മാറ്റിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിധി പറയുന്നതിനിടെയായിരുന്നു പരമാർശം.

കേസ് എന്നത്തേക്ക് മാറ്റിവെയ്ക്കുമെന്ന് പറയാന്‍ ബെഞ്ചിന് കഴിയില്ലെന്ന് ജസ്റ്റിസുമാര്‍ അറിയിച്ചു. കോടതിയുടെ ലിസ്റ്റിംഗ് രീതികള്‍ മാറിയ കാര്യത്തെ കുറിച്ചും ഹര്‍ജിക്കാരുടെ അഭിഭാഷകനോട് ബെഞ്ച് സൂചിപ്പിച്ചു.

മറ്റൊരു ബെഞ്ചും ലിസ്റ്റിംഗിനെതിരായ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസില്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്ന അഭിഭാഷകന്റെ ആവശ്യത്തോട്, വീണ്ടും കേസിനായി മാറ്റിവയ്ക്കാന്‍ സമയമില്ല എന്നായിരുന്നു രണ്ടംഗ ബെഞ്ച് നല്‍കിയ മറുപടി. അവസാന സമയത്താണ് കേസ് ലിസ്റ്റ് ചെയ്യപ്പെട്ടത്. രാത്രി വൈകിയും ഫയല്‍ പഠിച്ചതിന് ശേഷം കേസ് മാറ്റി വയ്ക്കാനാകില്ലെന്ന നിലപാടാണ് ജസ്റ്റിസുമാര്‍ സ്വീകരിച്ചത്.

മുന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ കാലയളവില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ കൃത്യമായ സമയത്ത് പരിഗണിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. കേസ് ലിസ്റ്റിംഗില്‍ അധികം ശ്രദ്ധ ചെലുത്താന്‍ സാധിച്ചില്ലെന്ന് അദ്ദേഹം സ്വയം വിമര്‍ശനപരമായി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസസ് ആയി ചുമതലയേറ്റ യു യു ലളിത് കേസ് ലിസ്റ്റിംഗില്‍ പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നത്. 30 ജസ്റ്റിസുമാര്‍ക്കായി രാവിലേയും ഉച്ചയ്ക്ക് ശേഷവും രണ്ട് വ്യത്യസ്ത ഷിഫ്റ്റാണ് നല്‍കിയിരിക്കുന്നത്.

പുതിയതായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്കായി തിങ്കളാഴ്ചയും വെള്ളിയാഴ്ചയും അനുവദിച്ചു. ഈ ദിവസങ്ങളില്‍ 15 വ്യത്യസ്ത ബെഞ്ചുകളിലായി പുതിയ 60 കേസുകള്‍ ഒരു ദിവസം പരിഗണിക്കുന്ന രീതിയിലാണ് ലിസ്റ്റിംഗിലെ പരിഷ്കാരം.

രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരേയുളള സമയത്ത് മൂന്ന് അംഗ ബെഞ്ച് പ്രധാനപ്പെട്ട നിയമപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പഴയ കേസുകള്‍ പിരിഗണിക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കൂറിനകം 30 കേസുകള്‍ പരിഗണിക്കേണ്ടതായി വരും. ഇങ്ങനെ വരുമ്പോള്‍ ഓരോ കേസിനും പരമാവധി നാല് മിനുട്ട് മാത്രമാണ് പരിഗണിക്കാനായി ലഭിക്കുന്ന സമയം. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 13 മുതല്‍ പരിഗണിക്കേണ്ട കേസുകളുടെ എണ്ണം 30ല്‍ നിന്ന് 20 ആക്കി ചുരുക്കിയിരുന്നു.

logo
The Fourth
www.thefourthnews.in