ഇ ഡിയുടെ വിശാല അധികാരം: പുനഃപരിശോധനാ ഹർജികളിൽ ഒക്ടോബര്‍ 18 മുതല്‍ സുപ്രീം കോടതി വാദം കേള്‍ക്കും, പ്രത്യേക ബെഞ്ച്

ഇ ഡിയുടെ വിശാല അധികാരം: പുനഃപരിശോധനാ ഹർജികളിൽ ഒക്ടോബര്‍ 18 മുതല്‍ സുപ്രീം കോടതി വാദം കേള്‍ക്കും, പ്രത്യേക ബെഞ്ച്

ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിനാണ് സുപ്രീം കോടതി രൂപം നൽകിയത്
Updated on
2 min read

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമുള്ള കേസുകളിൽ എന്‍ഫോസ്മെന്റ് ഡയറക്ടറേറ്റി (ഇ ഡി)ന്റെ വിപുലമായ അധികാരങ്ങള്‍ ശരിവച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ കേൾക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീം കോടതി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഒക്ടോബര്‍ 18 മുതലാണ് വാദം കേള്‍ക്കുക.

വിജയ് മദൻലാൽ ചൗധരി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ വ്യവസ്ഥകളുടെ ഭരണഘടനാപരമായ സാധുത കഴിഞ്ഞവർഷം സുപ്രീംകോടതി ശരിവച്ചിരുന്നു. ഈ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളാണ് പ്രത്യേക മൂന്നംഗ ബെഞ്ച് പരിഗണിക്കുക. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

ഇ ഡിയുടെ വിശാല അധികാരം: പുനഃപരിശോധനാ ഹർജികളിൽ ഒക്ടോബര്‍ 18 മുതല്‍ സുപ്രീം കോടതി വാദം കേള്‍ക്കും, പ്രത്യേക ബെഞ്ച്
നിജ്ജാറിന്റെ ശരീരത്തില്‍ 34 വെടിയുണ്ടകള്‍, ആക്രമിച്ചത് ആറംഗ സംഘം; സിസിടിവി ദൃശ്യങ്ങള്‍ വിവരിച്ച് വാഷിങ്ടണ്‍ പോസ്റ്റ്

ബിആർഎസ് നേതാവ് കെ കവിതയ്ക്ക് ഇ ഡി സമൻസ് അയച്ചതുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച്, പ്രത്യേക ബെഞ്ചിന്റെ രൂപീകരിക്കുന്ന കാര്യം വ്യക്തമാക്കിയത്. കവിതയെ നവംബർ 20 വരെ ചോദ്യം ചെയ്യുന്നതിന് വിളിച്ചുവരുത്തരുതെന്ന് ഇ ഡിക്ക് സുപ്രീംകോടതി നിർദേശം നൽകി. ഇ ഡി നിരന്തരം ചോദ്യം ചെയ്യുന്നതിനെതിരെയാണ് കവിത സുപ്രീംകോടതിയെ സമീപിച്ചത്.

പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിന് രണ്ട് അധിക വ്യവസ്ഥകൾ ഉൾപ്പെടുത്തിയ പിഎംഎൽഎ നിയമത്തിലെ 45 (1) വകുപ്പ് ജസ്റ്റിസുമാരായ റോഹിന്റൺ നരിമാൻ, സഞ്ജയ് കിഷൻ കൗൾ എന്നിവരടങ്ങിയ ബെഞ്ച് 2017 നവംബറിൽ റദ്ദാക്കിയിരുന്നു. എന്നാൽ ഈ വിധി വിജയ് മദൻലാൽ ചൗധരി കേസിൽ ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് 2022 ജൂലൈയിൽ അസാധുവാക്കുകയായിരുന്നു. ഈ വിധി പുറപ്പെടവിച്ച ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഖാന്‍വില്‍ക്കറും ദിനേശ് മഹേശ്വരിയും വിരമിച്ചു.

ഇ ഡിയുടെ വിശാല അധികാരം: പുനഃപരിശോധനാ ഹർജികളിൽ ഒക്ടോബര്‍ 18 മുതല്‍ സുപ്രീം കോടതി വാദം കേള്‍ക്കും, പ്രത്യേക ബെഞ്ച്
വരുന്നത് കോവിഡിനേക്കാൾ ഭീകരന്‍! 'ഡിസീസ് എക്‌സ്' അഞ്ച് കോടിപ്പേരുടെ ജീവനെടുത്തേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍

വകുപ്പ് 3 (പണം വെളുപ്പിക്കൽ സംബന്ധിച്ച നിർവചനം), 5 (സ്വത്ത് കണ്ടുകെട്ടൽ), 8(4) (കണ്ടുകെട്ടിയ സ്വത്ത് കരസ്ഥപ്പെടുടുത്തൽ), 17 (പരിശോധനയും പിടിച്ചെടുക്കലും) 18 (വ്യക്തികൾക്കായുള്ള തിരച്ചിൽ), 19 (അറസ്റ്റിനുള്ള അധികാരങ്ങൾ), 44 (പ്രത്യേക കോടതി വിചാരണ ചെയ്യാവുന്ന കുറ്റങ്ങൾ), 45 (ജാമ്യം ലഭിക്കുന്നതും ലഭിക്കാത്തതുമായ കുറ്റങ്ങൾ, കോടതി ജാമ്യം അനുവദിക്കുന്നതിനുള്ള ഇരട്ട വ്യവസ്ഥകൾ) 50 (ഇ ഡി ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി) തുടങ്ങിയ പിഎംഎൽഎ നിയമത്തിലെ മറ്റ് നിരവധി വ്യവസ്ഥകളുടെ സാധുതയും ആ വിധിയിൽ കോടതി ശരിവച്ചിരുന്നു.

എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ഇ ഡിയുടെ ആഭ്യന്തര റിപ്പോര്‍ട്ടാണെന്നതിനാൽ അത് അറസ്റ്റ് സമയത്ത് കുറ്റാരോപിതന് നൽകേണ്ടതില്ലെന്ന് 2022-ലെ വിധിയില്‍ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഉൾപ്പെടെ വിധിയിലെ രണ്ട് ഭാഗങ്ങളാണ് പ്രത്യേക ബെഞ്ച് പുനഃപരിശോധിക്കുക.

നേരത്തെ 2022 ഓഗസ്റ്റിൽ പുനഃപരിശോധനാ ഹർജിയിൽ നോട്ടീസ് പുറപ്പെടുവിക്കവേ അന്നത്തെ ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധിയുടെ രണ്ട് വശങ്ങൾ പുനഃപരിശോധിക്കണമെന്ന നിരീക്ഷണം ഉന്നയിച്ചിരുന്നു. കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം വിജയ് മദൻലാൽ വിധിയെ ചോദ്യം ചെയ്ത് നൽകിയ പുനഃപരിശോധനാ ഹർജിയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു.

പിഎംഎൽഎ നിയമത്തിലെ 50, 63 വകുപ്പുകളുടെ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ ജസ്റ്റിസ് കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്ര സർക്കാരിന്റെയും ഇ ഡിയുടെയും പ്രതികരണം തേടുകയുമുണ്ടായി. 2022ലെ വിധിക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. വിധി ദൗര്‍ഭാഗ്യകരമെന്നാണ് സുപ്രീംകോടതി മുൻ ജഡ്ജി റോഹിൻടൺ എഫ് നരിമാൻ വിശേഷിപ്പിപ്പിച്ചത്.

logo
The Fourth
www.thefourthnews.in