വിദേശിയല്ല, ഇന്ത്യക്കാരനെന്ന വിധി റഹീം അലി മാത്രം കേട്ടില്ല; രണ്ടര വര്‍ഷം മുന്‍പത്തെ മരണം കോടതിയും അഭിഭാഷകനും അറിഞ്ഞില്ല
സുപ്രീംകോടതി തിരിച്ചുനൽകിയ പൗരത്വം അനുഭവിക്കുന്നതിന് അസം സ്വദേശി റഹീം അലിക്ക് ഭാഗ്യമുണ്ടായില്ല. 2024 ജൂലൈ 12ന് പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും അതിനും രണ്ടര വർഷം മുൻപ് റഹീം അലിയുടെ ലോകത്തോട് വിട പറഞ്ഞു. സുപ്രീംകോടതിയിൽ കേസ് നടത്തിയ അഭിഭാഷകനോ കോടതിയോ ഒന്നും ഇക്കാര്യം അറിഞ്ഞിരുന്നില്ല. സുപ്രീംകോടതിയുടെ സുപ്രധാന വിധി വലിയ തോതിൽ ചർച്ചയായെങ്കിലും റഹീം അലി ജീവിച്ചിരിപ്പില്ലെന്നത് റിപ്പോർട്ടും ചെയ്യപ്പെട്ടില്ല. 'ദി ഇന്ത്യൻ എക്‌സ്പ്രസ്' ആണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്.
ബംഗ്ലാദേശിൽനിന്ന് അനധികൃതമായി കുടിയേറിയെന്നാരോപിച്ചായിരുന്നു 2004ൽ റഹീം അലിയുടെ പൗരത്വം റദ്ദാക്കപ്പെട്ടത്. എന്നാൽ പോലീസ് നടപടികൾക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയ ജസ്റ്റിസുമാരായ വിക്രം നാഥ്, ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുല്ലാഹ് എന്നിവരുടെ ബെഞ്ച് അദ്ദേഹം ഇന്ത്യൻ പൗരനാണെന്ന് വ്യക്തമാക്കുകയായിരുന്നു. അസമിലെ നാൽബാരി ജില്ലയിലെ കാശിംപൂർ സ്വദേശിയായ റഹീം, 2021 ഡിസംബർ 28നാണ് മരിച്ചത്. അമ്പത്തിയെട്ടാം വയസ്സിലായിരുന്നു അന്ത്യം.
മൂന്ന് ദിവസം മുൻപ്, റഹീം അലിയെ അന്വേഷിച്ച് മാധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ ഗ്രാമത്തിൽ എത്തിയപ്പോഴാണ് പൗരത്വം പുനഃസ്ഥാപിക്കപ്പെട്ട കാര്യങ്ങൾ പോലും കുടുംബം അറിയുന്നത്
സുപ്രീംകോടതിയിൽ റഹീമിനുവേണ്ടി ഹാജരായ അഭിഭാഷകൻ കൗശിക് ചൗധരിക്കുപോലും മരണവിവരം അറിഞ്ഞിരുന്നില്ല. ഒരു കീഴ്‌ക്കോടതി അഭിഭാഷകനായിരുന്നു തനിക്ക് കേസ് കൈമാറിയതെന്നും അതിനാൽ റഹീമിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നുമാണ് കൗശിക് പ്രതികരിച്ചത്.
“മരണവിവരം ശ്രദ്ധയിൽ പെട്ടിരുന്നില്ല. കുടുംബമോ സംസ്ഥാന സർക്കാരോ അറിയിച്ചാൽ മാത്രമേ ഇക്കാര്യങ്ങൾ അറിയാൻ കഴിയുമായിരുന്നുള്ളൂ. പക്ഷേ അതുമുണ്ടായില്ല," അഭിഭാഷകൻ പറഞ്ഞു. അലിയുടെ മരണശേഷം കുടുംബത്തിലെ ആരും അഭിഭാഷകരുമായി സംസാരിച്ചിട്ടില്ലെന്നും അലിയുടെ മകൻ മൊജിബുർ റഹ്മാൻ പറഞ്ഞു.
മൂന്ന് ദിവസം മുൻപ്, റഹീം അലിയെ അന്വേഷിച്ച് മാധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ ഗ്രാമത്തിൽ എത്തിയപ്പോഴാണ് പൗരത്വം പുനഃസ്ഥാപിക്കപ്പെട്ട കാര്യങ്ങൾ പോലും കുടുംബം അറിയുന്നത്. മരണശേഷം പൗരത്വം നൽകിയിട്ട് കാര്യമെന്താണെന്നാണ് കുടുംബം ചോദിക്കുന്നത്. വർഷങ്ങളോളം 'വിദേശി' എന്ന് മുദ്രകുത്തപ്പെട്ട് റഹീം ഇരുട്ടിൽ കഴിയുകയായിരുന്നു.
ആകെയുണ്ടായിരുന്ന നാല് പശുക്കളിൽ മൂന്നെണ്ണത്തിനെയും അഞ്ച് ആടുകളെയും ഭൂമിയും എല്ലാം പണയംവച്ചും വിറ്റുമാണ് പൗരത്വത്തിനുവേണ്ടി റഹീമും കുടുംബവും കേസ് നടത്തിയിരുന്നത്. പക്ഷേ മരണശേഷം പൗരത്വം കിട്ടിയിട്ട് എന്താണ് കാര്യമെന്ന് റഹീമിന്റെ ജീവിതപങ്കാളി ഹാജിറ ബീബി ചോദിക്കുന്നു. “ഇനി എന്താ കാര്യം? വിദേശിയെന്ന കാരണത്താൽ തന്നെ കൊണ്ടുപോകുമോ എന്ന ഭയത്തിലാണ് ജീവിച്ചിരുന്നത്. ആ ഭയം അദ്ദേഹത്തോടൊപ്പം മരിച്ചു," റഹീമിന്റെ ഹാജിറ ബീബി പറയുന്നു.
പൗരത്വം റദ്ദാക്കിയ ഫോറിനേഴ്സ് ട്രിബ്യൂണലിന്റെ വിധി ചോദ്യം ചെയ്ത് റഹീം അലി ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ട്രിബ്യൂണലിന്റെ തീരുമാനം ആദ്യഘട്ടത്തിൽ കോടതി സ്റ്റേ ചെയ്തെങ്കിലും 2015 നവംബറിൽ ഹർജി തള്ളി. തുടർന്ന് റഹീം സുപ്രിംകോടതിയിൽ അപ്പീൽ നൽകി.
റഹീം അലിയുടെ പൗരത്വം റദ്ദാക്കിയത് പുനഃപരിശോധിക്കാൻ ഫോറിനേഴ്‌സ് ട്രിബ്യൂണലിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വിദേശി ആണെന്നായിരുന്നു വീണ്ടും അറിയിച്ചിരുന്നത്. റഹീം ഹാജരാക്കിയ ചില രേഖകളിലെ അക്ഷരവിന്യാസത്തിലെയും തീയതികളിലെയും പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടിു
പൗരത്വം റദ്ദാക്കാനുള്ള ഒൻപതാം വകുപ്പ് ഉപയോഗിച്ച്, ഒരാളുടെ വീടിന്റെ വാതിലിൽ മുട്ടി നിങ്ങൾ ഒരു വിദേശിയാണെന്ന് സംശയിക്കുന്നതായി പറയാൻ അധികൃതർക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെയുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരുകൾക്കു സാധിക്കില്ലെന്ന് കോടതി പറഞ്ഞു. ഒരാൾ കുറ്റാരോപിതനാണെങ്കിൽ അയാൾക്കെതിരെ പോലീസിന്റെ പക്കലുള്ള തെളിവുകളുടെ വിവരങ്ങൾകൂടി നൽകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.