ഗോധ്ര കലാപം; പ്രതിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ഗോധ്ര കലാപം; പ്രതിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

2004 മുതല്‍ പ്രതി കസ്റ്റഡിയിലാണെന്നും 17 വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഫറൂഖിന് ജാമ്യം അനുവദിച്ചത്
Published on

വർഗീയ കലാപത്തിന് കാരണമായ 2002ലെ ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിലെ പ്രതി ഫറൂഖിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. 17 വർഷമായി ജയിലിൽ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്. ഗോധ്ര ട്രെയിൻ തീവെപ്പ് നടന്ന സമയത്ത് കല്ലെറിഞ്ഞു എന്നുള്ളതാണ് ഫാറൂഖിനെതിരെ ചുമത്തിയ കുറ്റം.

2004 മുതല്‍ പ്രതി കസ്റ്റഡിയിലാണെന്നും 17 വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഫറൂഖിന് ജാമ്യം അനുവദിച്ചത്. കേസിലെ പ്രതികൾ കല്ലെറിയൽ മാത്രമല്ല നടത്തിയതെന്നും ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു.

അദ്ദേഹം 17 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചു എന്ന വസ്തുത പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്

''കത്തിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് യാത്രക്കാർ പുറത്തിറങ്ങാതിരിക്കാനായി മനഃപൂർവം കല്ലെറിഞ്ഞ് യാത്രക്കാരെ പരുക്കേല്‍പ്പിക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് തടസം സൃഷ്ടിക്കുകയും ചെയ്തു. സാധാരണ സാഹചര്യങ്ങളിൽ, കല്ലെറിയുന്നത് ഒരു ചെറിയ കുറ്റകൃത്യമായേക്കാം. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ വ്യത്യസ്തമാണ്''- തുഷാർ മേത്ത പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം 59 പേരെ ജീവനോടെ ചുട്ടുകൊന്നത് ഏറ്റവും ഹീനമായ കുറ്റകൃത്യമാണെന്നും കേസില്‍ അന്തിമ വാദം കേള്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസിൽ ജീവപര്യന്തം തടവിന് വിധിച്ച അബ്ദുൾ റഹ്മാന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോലി, ജെ ബി പർദിവാല എന്നിവർ അടങ്ങിയ ബെഞ്ച് നവംബർ 11ന് ജാമ്യം നീട്ടി കൊടുത്തിരുന്നു. ഭാര്യയ്ക്ക് അസുഖമായതിനാലും രണ്ട് കുട്ടികളും വൈകല്യമുള്ളവർ ആയതിനാലുമാണ് പ്രതിക്ക് അടുത്ത വർഷം മാർച്ച് 31വരെ ജാമ്യം നീട്ടിയത്.

കേസിലെ പ്രതികൾക്ക് ജാമ്യം നൽകുന്നതിൽ ഗുജറാത്ത് സർക്കാർ കോടതിയിൽ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പ്രതികൾക്ക് ജാമ്യം അനുവദിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടായിരുന്നു സർക്കാർ കോടതിയിൽ സ്വീകരിച്ചത്. പ്രതികളിൽ ചിലർ കല്ലെറിയുക മാത്രമാണ് ചെയ്തതെന്നും വർഷങ്ങളോളം ജയിലിൽ കഴിഞ്ഞവരുമാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാനുള്ള നിർദേശം സുപ്രീംകോടതി മുന്നോട്ട് വെച്ചപ്പോഴാണ് സർക്കാർ എതിർപ്പ് അറിയിച്ചത്.

ഗോധ്ര കലാപം; പ്രതിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
ഗോധ്രകലാപം; പ്രതികൾക്ക് ജാമ്യം നൽകുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഗുജറാത്ത് സർക്കാർ

2002 ഫെബ്രുവരി 27നാണ് ഗോധ്ര സ്റ്റേഷന് സമീപം സബർമതി എക്‌സ്പ്രസിന്റെ ബോഗി അഗ്നിക്കിരയാക്കി കൊണ്ട് ആക്രമണം നടക്കുന്നത്. 52ലധികം പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിൽ 31 പ്രതികൾക്ക് ജീവപര്യന്തം അടക്കമുള്ള ശിക്ഷയാണ് കോടതി വിധിച്ചത്. 2011 മാർച്ചിൽ വിചാരണക്കോടതി 31 പേരെ കുറ്റക്കാരായി കണ്ടെത്തുകയും അതിൽ 11 പേർക്ക് വധശിക്ഷയും ബാക്കി 20 പേർക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. മറ്റ് 63 പ്രതികളെ വെറുതെ വിട്ടു. 2017ൽ ഗുജറാത്ത് ഹൈക്കോടതി 11 പേരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയും മറ്റ് 20 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in