കശ്മീർ നിയമസഭയിലെ ലഫ്റ്റനന്റ് ഗവർണറുടെ നാമനിർദേശം: ഹർജികൾ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി

കശ്മീർ നിയമസഭയിലെ ലഫ്റ്റനന്റ് ഗവർണറുടെ നാമനിർദേശം: ഹർജികൾ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി

വിഷയത്തിൽ ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നു സുപ്രീംകോടതി
Updated on
1 min read

ജമ്മു കശ്മീർ നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള ലഫ്റ്റനന്റ് ഗവർണറുടെ അധികാരം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം മൗലികാവകാശം ലംഘിക്കപ്പെട്ടതായി കണക്കാക്കി ഈ വിഷയം പരിഗണിക്കാനാകില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. വിഷയത്തിൽ ഹർജിക്കാർക്കg ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.

വിഷയത്തിൽ അഭിപ്രായപ്രകടനം നടത്താൻ സുപ്രീംകോടതിക്ക് കഴിയില്ലെന്നും അനുച്ഛേദം 226 അനുസരിച്ച് റിട്ട് പെറ്റിഷനുമായി ഹൈക്കോടതിയെ സമീപിക്കാമെന്നുമാണ്‌ ജസ്റ്റിസുമാരായ സജീവ് ഖന്നയും സഞ്ജയ് കുമാറും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞത്.

2019ലെ കശ്മീർ പുനഃസംഘടന നിയമമനുസരിച്ച് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 90 അംഗങ്ങൾക്കുപുറമെ 5 അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം ലെഫ്റ്റനന്റ് ഗവർണർക്കുണ്ട്. ഇത് ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ചാണ് രവീന്ദർ കുമാർ ശർമ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

90 അംഗ നിയമസഭയിലെ ഭൂരിപക്ഷ മുന്നണിയായ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിന് കിട്ടിയത് 48 സീറ്റാണ്. ബാക്കിയുള്ള കക്ഷികളുടെ സീറ്റുകൾ മുഴുവൻ ഒരുമിച്ച് കൂട്ടിയാൽ 42 ആയിരിക്കും. അഞ്ച് പേരെ ലെഫ്റ്റനന്റ് ഗവർണർ നാമനിർദേശം ചെയ്താൽ പ്രതിപക്ഷത്തുള്ളവരുടെ എണ്ണം 47 ആകും. അതുകൊണ്ടുതന്നെ അധികാരത്തിയിലുള്ള ഭൂരിപക്ഷ സർക്കാരിനെ പ്രതിപക്ഷത്തിന് നെളുപ്പം അട്ടിമറിക്കാൻ സാധിക്കും.

2019ൽ നിയമം അവതരിപ്പിക്കുന്ന സമയത്ത് കേവലം രണ്ടുപേരെ നാമനിർദേശം ചെയ്യാമെന്നാണ് ഉണ്ടായിരുന്നതെങ്കിൽ പിന്നീട് 2023ൽ അത് അഞ്ചാക്കി ഉയർത്തി. നാളെ മറ്റൊരു ഭേദഗതിയിലൂടെ അത് പത്താക്കിയാൽ എന്താകും സംഭവിക്കുക എന്നാണ് ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ അഭിഷേഖ് മനു സിങ്‌വി ചോദിക്കുന്നത്.

കശ്മീർ നിയമസഭയിലെ ലഫ്റ്റനന്റ് ഗവർണറുടെ നാമനിർദേശം: ഹർജികൾ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി
ജമ്മു കശ്മീരിൽ രാഷ്‌ട്രപതി ഭരണം പിൻവലിച്ചു; പുതിയ സർക്കാരിന് വഴിയൊരുങ്ങുന്നു

ലഫ്റ്റനന്റ് ഗവർണക്കുള്ള ഈ അധികാരം ഇതുവരെ ഉപയോഗിക്കപ്പെടാത്തതുകൊണ്ടുതന്നെ ആദ്യം ഹൈക്കോടതിയെ സമീപിക്കുന്നതാവും നല്ലതെന്നാണ് ജസ്റ്റിസ് സഞ്ജീവ്‌ ഖന്ന പറഞ്ഞത്. നേരിട്ട് സുപ്രീംകോടതി ഒരു തീരുമാനമെടുക്കുന്നതിനേക്കാൾ അതാകും നന്നാവുക എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഹൈക്കോടതി നിങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ തീർച്ചയായും സുപ്രീംകോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി സംഭവത്തിൽ തീരുമാനമെടുക്കാൻ വൈകുന്ന സാഹചര്യമുണ്ടായാൽ ഹർജിക്കാരന് സുപ്രീംകോടതിയെ സമീപിക്കാമെന്ന് ഒരു വരികൂടി ഉത്തരവിൽ ഉൾപ്പെടുത്തണമെന്ന് അഭിഷേക് സിങ്‌വി ആവശ്യപ്പെട്ടെങ്കിലും ആ നിർദേശം ഉത്തരവിൽ ഉൾപ്പെടുത്താൻ കോടതി തയ്യാറായില്ല. അത്തരത്തിൽ കാലതാമസമുണ്ടാകാൻ പാടില്ലെന്ന് ജസ്റ്റിസ് സഞ്ജിവ് ഖന്ന വാക്കാൽ നിർദേശം നൽകുക മാത്രമാണ് ചെയ്തത്.

logo
The Fourth
www.thefourthnews.in