സുപ്രീം കോടതി
സുപ്രീം കോടതി

കൊൽക്കത്ത ഡോക്ടറുടെ ബലാത്സംഗക്കൊലപാതകം: സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും, ഹർജികളുമായി വിവിധ സംഘടനകളും

രാവിലെ പത്തരയ്ക്ക് ആദ്യ കേസായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്
Updated on
1 min read

കൊല്‍ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലയ്ക്ക് ഇരയായ സംഭവത്തില്‍ സ്വമേധയ എടുത്ത കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. രാവിലെ പത്തരയ്ക്ക് ആദ്യ കേസായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭവത്തിന് പിന്നാലെ രാജ്യവ്യാപകമായുള്ള പ്രതിഷേധം തുടരുകയാണ്. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ തലത്തിലും സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും ഡോക്ടർമാരുടെ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഡോക്ടർമാരുടെ സംഘടനകളായ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഓഫ് മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്‌സ് ഓഫ് ഇന്ത്യ (എഫ്എഎംസിഐ), ഫെഡറേഷൻ ഓഫ് റെസിഡന്റ് ഡോക്ടേഴ്‌സ് അസേസിയേഷൻ (ഫോർഡ), അഭിഭാഷകനായ വിശാല്‍ തീവാരി എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

സുപ്രീം കോടതി
ഇടപാടുകൾ അടിമകളോടെന്നപോലെ; 'ജൂനിയർ ആർട്ടിസ്റ്റ് അറേഞ്ച്മെന്റ്' എന്ന പേരിൽ നടക്കുന്നത് പച്ചയായ മാംസക്കച്ചവടമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴി

ആശുപത്രിക്കുള്ളിലെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയിലുള്ള ആശങ്കകളാണ് ഹർജിയില്‍ എഫ്എഎംസിഐ ഉന്നയിച്ചിരിക്കുന്നത്. ആശങ്കകള്‍ പരിഹരിക്കുന്നതിനായി കേന്ദ്രീകൃത നിയമം നടപ്പാക്കണമെന്നും ആവശ്യമുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കുന്നതിനായി രാജ്യത്തുടനീളമുള്ള ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും സുരക്ഷയുറപ്പാക്കാനുള്ള മാർഗനിർദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹർജിയില്‍ പറയുന്നു.

ഓഗസ്റ്റ് ഒൻപതിനായിരുന്നു മെഡിക്കല്‍ കോളേജിലെ സെമിനാർ ഹാളില്‍ ജൂനിയർ ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒരാളെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 13നാണ് കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടത്.

logo
The Fourth
www.thefourthnews.in