'ടാക്സിക്കായി 500 രൂപ തരണം', ചീഫ് ജസ്റ്റിസിന്റെ പേരിലും തട്ടിപ്പ്; പരാതിയുമായി സുപ്രീംകോടതി

'ടാക്സിക്കായി 500 രൂപ തരണം', ചീഫ് ജസ്റ്റിസിന്റെ പേരിലും തട്ടിപ്പ്; പരാതിയുമായി സുപ്രീംകോടതി

സമൂഹ മാധ്യമായ എക്സിലൂടെയാണ് ചീഫ് ജസ്റ്റിസിന്റെ പേരിലുണ്ടാക്കിയ അക്കൗണ്ടില്‍ നിന്ന് സന്ദേശം പോയത്
Updated on
1 min read

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി പണം നേടാൻ ശ്രമിച്ച സോഷ്യല്‍ മീഡിയ ഹാൻഡിലിനെതിരെ ഡല്‍ഹി പോലീസില്‍ പരാതി നല്‍കി സുപ്രീംകോടതി. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച സ്ക്രീൻഷോട്ട് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി. സുപ്രീംകോടതിയുടെ സുരക്ഷാവിഭാഗം ചീഫ് ജസ്റ്റിസിന്റെ പരാതി പരിഗണിക്കുകയും സൈബർ ക്രൈം ഡിപ്പാർട്ട്മെന്റില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

സമൂഹ മാധ്യമായ എക്സിലൂടെയാണ് ചീഫ് ജസ്റ്റിസിന്റെ പേരിലുണ്ടാക്കിയ അക്കൗണ്ടില്‍ നിന്ന് സന്ദേശം പോയത്. കൈലാഷ് മേഖ്‌വാള്‍ എന്ന വ്യക്തിക്കാണ് സന്ദേശം ലഭിച്ചത്.

"ഹലൊ, ഞാൻ സിജെആയാണ്. കൊളീജിയത്തിന്റെ അടിയന്തര മീറ്റിങ്ങുണ്ട്. ഞാൻ കോണോട്ട് പ്ലേസില്‍ കുടുങ്ങിക്കിടക്കുകയാണ്. ഒരു വാഹനം ലഭ്യമാകുന്നതിനായി 500 രൂപ അയയ്ക്കാനാകുമോ,'' ഇതായിരുന്നു കൈലാഷിന് ലഭിച്ച സന്ദേശം. സുപ്രീംകോടതിയില്‍ എത്തിയശേഷം പണം തിരികെ നല്‍കാമെന്നും സന്ദേശത്തില്‍ പറയുന്നു. കൂടുതല്‍ ആധികാരികത തോന്നിപ്പിക്കുന്നതിനായി “sent from iPad” എന്നുകൂടി സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

കഴിഞ്ഞ മാർച്ചില്‍ ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി നാല് ലക്ഷം രൂപ തട്ടിയ 42 വയസുകാരനെ അറസ്റ്റ് ചെയ്തിരുന്നു. ആയുബ് ഖാനെന്നാണ് അറസ്റ്റിലായ വ്യക്തിയുടെ പേര്. സുബ്സി മന്ദി പോലീസ് സ്റ്റേഷനിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആയൂബ് ഖാന്റെ വ്യാജതിരിച്ചറിയാല്‍ കാർഡ് പോലീസ് കണ്ടെടുത്തിരുന്നു. സമാനമായ നാല് കേസില്‍ ആയൂബ് ഉള്‍പ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in