ഒന്നാം റാങ്കോടെ പത്താംക്ലാസ് വിജയം; മുസ്ലിം പെണ്‍കുട്ടിക്ക് അവാര്‍ഡ് നല്‍കാന്‍ വിസമ്മതിച്ച് ഗുജറാത്തിലെ സ്‌കൂള്‍
ഗുജറാത്തില്‍ മുസ്ലിം പെണ്‍കുട്ടിക്ക് വിവേചനം. 77ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഗുജറാത്തിലെ കെ ടി പട്ടേല്‍ സ്മൃതി വിദ്യാലയ സ്കൂളില്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിലാണ് പെണ്‍കുട്ടിക്ക് അപമാനം നേരിട്ടത്. 10,12 ക്ലാസുകളിലെ ഉന്നത വിജയത്തിന് പുരസ്‌കാരം വാങ്ങനായി സ്‌കൂളിലെത്തിയ പെണ്‍കുട്ടിക്ക് പുരസ്‌കാരം നല്‍കാന്‍ സ്‌കൂള്‍ അധികതര്‍ തയാറായില്ല. പത്താം ക്ലാസില്‍ 87 ശതമാനം മാര്‍ക്കോടെ സ്‌കൂളില്‍ തന്നെ ഒന്നാം സ്ഥാനത്തെത്തിയ അര്‍ണാസ് ബാനു എന്ന പെണ്‍കുട്ടിയെയാണ് സ്‌കൂള്‍ അധികൃതര്‍ അപമാനിച്ചത്. ദ ക്വിന്‍റാണ് സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ലുവാന ഗ്രാമത്തിലാണ് സംഭവം. മതാടിസ്ഥാനത്തിലുള്ള വിവേചനമാണ് പെണ്‍കുട്ടി നേരിട്ടതെന്നാണ് ബന്ധുക്കളുടെ ആരോപണം. പുരസ്‌കാരം ഏറ്റുവാങ്ങാനായി എത്തിയ പെണ്‍കുട്ടി കണ്ണീരണിഞ്ഞാണ് വീട്ടിലേക്ക് തിരിച്ചെത്തിയതെന്ന് മാതാപിതാക്കള്‍ പറയുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് സന്‍വര്‍ ഖാന്‍ വിമര്‍ശനമുന്നയിച്ചു.
''മകള്‍ക്ക് ലഭിക്കേണ്ട പുരസ്‌കാരം രണ്ടാം സ്ഥാനം നേടിയ വിദ്യാര്‍ഥിക്ക് ലഭിച്ചുവെന്നാണ് അവള്‍ പറഞ്ഞത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരോടും അധ്യാപകരോടും വിശദീകരണം തേടി. എന്നാല്‍ അവ്യക്തമായ പ്രതികരണമാണ് അവരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. സ്‌കൂള്‍ അധികൃതര്‍ മകള്‍ക്ക് ജനുവരി 26ന് പുരസ്‌കാരം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാലും അവിടെ എന്റെ ചോദ്യം അവശേഷിക്കുകയാണ് എന്തുകൊണ്ട് ഓഗസ്റ്റ് 15 ന് പുരസ്‌കാരം നല്‍കിയില്ല. ഞങ്ങളുടെ കുടുംബം തലമുറകളായി ഒരു വിവേചനവും നേരിടാതെ ഇവിടെ താമസിക്കുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ മകള്‍ക്ക് അര്‍ഹതപ്പെട്ട പുരസ്‌കാരം നിഷേധിക്കപ്പെടുന്നു.'' അദ്ദേഹം ദ ക്വിന്റിനോട് പറഞ്ഞു.
അതേസമയം സ്വാതന്ത്ര ദിനത്തില്‍ നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ പെണ്‍കുട്ടി പങ്കെടുത്തില്ല എന്ന വാദമാണ് സ്‌കൂള്‍ അധികൃതര്‍ നിരത്തുന്നത്. ഗുജറാത്ത് പ്രാദേശിക ചാനലായ വൈബ് ഓഫ് ഇന്ത്യയോടാണ് സ്മൃതി വിദ്യാലയയിലെ പ്രധാന അധ്യാപകന്‍ കെടി പട്ടേല്‍ പ്രതികരിച്ചത്.
ഏത് തരത്തിലുള്ള വിവേചനത്തിനെതിരെയും ഞങ്ങളുടെ സ്‌കൂള്‍ കര്‍ശനമായ നയവുമായാണ് മുന്നോട്ട് പോവുന്നത് അദ്ദേഹം പറഞ്ഞു. ജനുവരി 26 ന് വിദ്യാര്‍ഥിക്ക് അര്‍ഹമായ പുരസ്‌കാരം നല്‍കും. പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചിരുന്ന ദിവസം പെണ്‍കുട്ടി ഹാജരായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. സ്‌കൂളിലെ അധ്യാപകനായ അനില്‍ പട്ടേല്‍ പറഞ്ഞു,
'' ഓഗസ്റ്റ് 15 ലെ പരിപാടി ഞങ്ങളുടെ വിദ്യാര്‍ഥികളുടെ നേട്ടങ്ങള്‍ അംഗീകരിക്കുന്നതിനുള്ള ഒരു ചെറിയ ആഘോഷമായിരുന്നു. അസാധാരണമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നവരെ ഉള്‍പ്പെടുത്തി ജനുവരി 26-ന് ഔപചാരികമായി പാരിതോഷികം നല്‍കും. ഏതെങ്കിലും പരാതികള്‍ പരിഹരിക്കുന്നതിനും ഞങ്ങളുടെ എല്ലാ വിദ്യാര്‍ത്ഥികളുടെയും പരിശ്രമങ്ങളെ അംഗീകരിക്കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.'' പ്രിന്‍സിപാള്‍ പറഞ്ഞു.
പെണ്‍കിട്ടിയുടെ പിതാവ് എന്നാല്‍ സ്‌കൂള്‍ അധികൃതരുടെ വാദം പാടെ തള്ളി. മകള്‍ സ്‌കൂളില്‍ പോയിരുന്നു. സ്‌കൂളില്‍ സിസിടിവി ക്യാമറ സജ്ജീകരിച്ചിട്ടുണ്ട് അത് പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാവും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിവധ മേഖലകളില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. മോദി ഭരിക്കുന്നത് ഇന്ത്യയുടെ അവസ്ഥയെന്നാണ് എഴുത്തുകാരന്‍ സലില്‍ ത്രിപതി എക്‌സില്‍ കുറിച്ചിരിക്കുന്നത്.