'വിദ്യാർത്ഥികളുടെ ചിന്തയ്ക്ക്
വൈകല്യമുണ്ടാകും'  ഡാർവിന്റെ സിദ്ധാന്തം ഒഴിവാക്കരുത് ; എൻസിഇആർടിക്ക്  ശാസ്ത്രജ്ഞരുടെ കത്ത്

'വിദ്യാർത്ഥികളുടെ ചിന്തയ്ക്ക് വൈകല്യമുണ്ടാകും' ഡാർവിന്റെ സിദ്ധാന്തം ഒഴിവാക്കരുത് ; എൻസിഇആർടിക്ക് ശാസ്ത്രജ്ഞരുടെ കത്ത്

സിബിഎസ്ഇയുടെ പത്താം ക്ലാസ് പാഠഭാഗത്തിൽ നിന്നാണ് ഡാർവിന്റെ സിദ്ധാന്തം എൻസിഇആർടി ഒഴിവാക്കിയത്
Updated on
1 min read

ഡാർവിന്റെ പരിണാമ സിദ്ധാന്തം സിലബസിൽ നിന്നും ഒഴിവാക്കിയ എൻസിഇആർടി തീരുമാനത്തിനെതിരെ അധ്യാപകരും ശാസ്ത്രജ്ഞരും രംഗത്ത്. ഡാർവിന്റെ സിദ്ധാന്തം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 1800ലധികം ശാസ്ത്രജ്ഞരും അധ്യാപകരും ഒപ്പുവച്ച കത്ത് എൻസിഇആർടിക്ക് അയച്ചു.മനുഷ്യന്റെ പരിണാമ പ്രക്രിയയെക്കുറിച്ച് മനസിലാക്കാനും ശാസ്ത്രീയ മനോഭാവം കെട്ടിപ്പടുക്കുന്നതിനുമുള്ള വിദ്യാർത്ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നത് വിദ്യാഭ്യാസത്തെ പരിഹസിക്കുന്ന നടപടിയാണെന്നും കത്തിൽ പറയുന്നു.

സിബിഎസ്ഇയുടെ പത്താം ക്ലാസിലെ പാഠഭാഗത്തിൽ നിന്നാണ് ഡാർവിന്റെ സിദ്ധാന്തം എൻസിഇആർടി ഒഴിവാക്കിയത്. തുടർന്ന് ശാസ്ത്രം,സംസ്‌കാരം,ശാസ്ത്രീയ വീക്ഷണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ദേശീയ സന്നദ്ധ സംഘടനയായ ബ്രേക്ക്‌ ത്രൂ സയൻസ് സൊസൈറ്റി രംഗത്തെത്തുകയായിരുന്നു. ശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളിൽ ഒന്നായി കരുതുന്ന ഡാർവിന്റെ തിയറി ഒഴിവാക്കിയാൽ വിദ്യാർത്ഥികളുടെ ചിന്തയ്ക്ക് വൈകല്യം സംഭവിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

മഹാമാരികളുടെ വ്യാപനം, ചില ജീവജാലങ്ങളുടെ വംശനാശം, വൈദ്യശാസ്ത്രം, മരുന്ന് കണ്ടെത്തൽ, പകർച്ചവ്യാധി, പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി, മനഃശാസ്ത്രം, മനുഷ്യപരിണാമം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രകൃതി നിർദ്ധാരണ തത്വങ്ങൾ സഹായിക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. കോവിഡ് മഹാമാരി കാലത്ത് താൽക്കാലിക നടപടിയെന്ന നിലയിലാണ് ചില പാഠഭാഗങ്ങൾ എൻസിഇആർടി ഒഴിവാക്കിയത്. എന്നാൽ സ്കൂൾ വിദ്യാഭ്യാസം ഓഫ്‌ലൈനാക്കിയെങ്കിലും പഴയരീതിലേക്ക് മാറാൻ എൻസിഇആർടി തയ്യാറായില്ലെന്നും ശാസ്ത്രജ്ഞർ ആരോപിക്കുന്നു.

അതേസമയം, പത്താം ക്ലാസിലെ പാഠപുസ്തകത്തിലെ 9-ാം അധ്യായത്തിലെ 'പാരമ്പര്യവും പരിണാമവും' എന്ന തലക്കെട്ടിലുള്ള ഭാഗം 'പൈതൃകം' എന്ന പേരിലേക്ക് എൻസിഇആർടി മാറ്റുകയുണ്ടായി. മനുഷ്യരുടെ ഉത്പത്തി, മോളിക്യുലാർ ഫൈലോജെനെറ്റിക്സ്, പരിണാമവും വർഗ്ഗീകരണവും അടക്കമുള്ള ഭാഗങ്ങളാണ് ചാൾസ് റോബർട്ട് ഡാർവിന്റെ സിദ്ധാന്തത്തില്‍ നിന്നുമൊഴിവാക്കിയത്.

logo
The Fourth
www.thefourthnews.in