'കോടതിയിൽ എന്തിനാണ് രഹസ്യം?'; മുദ്രവച്ച കവറിലെ നടപടിക്രമം ജുഡീഷ്യൽ പ്രക്രിയയ്ക്ക് ചേർന്നതല്ലെന്ന് സുപ്രീംകോടതി

'കോടതിയിൽ എന്തിനാണ് രഹസ്യം?'; മുദ്രവച്ച കവറിലെ നടപടിക്രമം ജുഡീഷ്യൽ പ്രക്രിയയ്ക്ക് ചേർന്നതല്ലെന്ന് സുപ്രീംകോടതി

രേഖകൾ സ്വീകരിക്കാൻ വിസമ്മതിച്ച ബെഞ്ച് എതിർപക്ഷവുമായി വിവരങ്ങള്‍ പങ്കിടേണ്ടതുണ്ടെന്നും വ്യക്തമാക്കി
Updated on
1 min read

മുദ്രവച്ച കവറിൽ സമർപ്പിക്കുന്ന രേഖകളോട് അതൃപ്തി വ്യക്തമാക്കി സുപ്രീംകോടതി. പ്രതിരോധ മേഖലയിലെ വിരമിച്ച ഉദ്യോഗസ്ഥർക്കുള്ള ഒരു റാങ്ക് ഒരു പെൻഷൻ (ഒആർഒപി) പദ്ധതി പ്രകാരമുള്ള പെൻഷൻ കുടിശ്ശികയുടെ വിതരണവുമായി ബന്ധപ്പെട്ട കേസിനിടെയായിരുന്നു സുപ്രീംകോടതി നിരീക്ഷണം. കേന്ദ്ര സർക്കാർ മുദ്ര വച്ച് നൽകിയ കവർ സ്വീകരിക്കാൻ വിസമ്മതിച്ചു കൊണ്ടാണ് സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന് മുമ്പാകെയാണ് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി കേന്ദ്ര സർക്കാരിനായി മുദ്രവച്ച കവറില്‍ ഹാജരാക്കിയത്. രേഖകൾ സ്വീകരിക്കാൻ വിസമ്മതിച്ച ബെഞ്ച് എതിർപക്ഷവുമായി വിവരങ്ങള്‍ പങ്കിടേണ്ടതുണ്ടെന്നും വ്യക്തമാക്കി.

കവറിനുള്ളിലെ രേഖ എതിര്‍ഭാഗം അഭിഭാഷകനായ ഹുസേഫ അഹമ്മദിയുമായി (വിരമിച്ച സൈനികരുടെ പ്രതിനിധി) പങ്കിടാൻ ചീഫ് ജസ്റ്റിസ് അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടപ്പോൾ 'തികച്ചും സ്വകാര്യമാണ്' എന്നായിരുന്നു എജിയുടെ മറുപടി. അതോടെ കോടതി ഉത്തരവുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എന്തിനാണ് രഹസ്യ സ്വഭാവം സ്വീകരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. '' സീൽ ചെയ്ത കവറുകളോട് വ്യക്തിപരമായി എനിക്ക് വിമുഖതയുണ്ട്. മറ്റുള്ളവർക്ക് കാണാൻ സാധിക്കാത്ത ചിലത് നമ്മൾ കാണുന്നു. എന്നിട്ട് അവരെ കാണിക്കാതെ നമ്മൾ കേസ് തീരുമാനിക്കുന്നു. അടിസ്ഥാനപരമായി ഇത് ജുഡീഷ്യൽ നടപടിക്രമത്തിന് വിരുദ്ധമാണ്. കോടതിക്കുള്ളിൽ രഹസ്യ സ്വഭാവം പാടില്ല. കോടതി എപ്പോഴും സുതാര്യമായിരിക്കണം'' - ചീഫ് ജസ്റ്റിസ് എജിയോട് പറഞ്ഞു.

എന്നാൽ രഹസ്യ സ്വഭാവമുള്ള ഉള്ളടക്കം ഇതിൽ ഉണ്ടെന്നായിരുന്നു എജിയുടെ മറുപടി. 'സുപ്രീംകോടതിയിൽ തുടരുന്ന മുദ്ര വച്ച കവർ നടപടിക്രമം നമ്മൾ അവസാനിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഹൈക്കോടതികളും ഇത് പിന്തുടരാൻ ആരംഭിക്കും. ഇത് അടിസ്ഥാനപരമായി നീതിന്യായ വ്യവസ്ഥയ്ക്ക് വിരുദ്ധമാണ്'' - ചീഫ് ജസ്റ്റിസ് ആവർത്തിച്ചു.

അടുത്തിടെ അദാനി - ഹിൻഡൻബർഗ് വിഷയത്തിലും, വിദഗ്ധ സമിതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള പേരുകൾ നിർദേശിച്ച് കേന്ദ്രം നൽകിയ മുദ്രവച്ച കവർ സ്വീകരിക്കാന്‍ ചീഫ് ജസ്റിസ് വിസമ്മതിച്ചിരുന്നു.

അതേസമയം 70 വയസ്സിന് മുകളിൽ പ്രായമുള്ള പെൻഷൻകാരുടെ ഒആർഒപി കുടിശ്ശിക ഒന്നോ അതിലധികം തവണകളോ ആയി 2023 ജൂൺ 30നോ അതിനുമുമ്പോ നൽകണമെന്ന് സുപ്രീംകോടതി പറഞ്ഞു. കുടിശ്ശിക വൈകിയതിനാൽ പലിശ അനുവദിക്കണമെന്ന് ആവശ്യം കോടതി നിരസിച്ചു. ഒആർഒപി പദ്ധതി ശരിവച്ചുകൊണ്ട് കുടിശ്ശിക മൂന്ന് മാസത്തിനുള്ളിൽ നൽകണമെന്ന് 2022 മാർച്ച് 16 ന് സുപ്രീംകോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചിരുന്നു. പിന്നീട് 2022 സെപ്റ്റംബറിൽ മൂന്ന് മാസം കൂടി സമയപരിധി നീട്ടി. ഇത് പിന്നീട് 2023 മാർച്ച് 15 വരെയായി വീണ്ടും നീട്ടുകയുമായിരുന്നു.

logo
The Fourth
www.thefourthnews.in