യുഎസില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ കുടുംബത്തിനായി തെരച്ചില്‍ ഊര്‍ജിതം; പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ കസ്റ്റഡിയില്‍

യുഎസില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ കുടുംബത്തിനായി തെരച്ചില്‍ ഊര്‍ജിതം; പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ കസ്റ്റഡിയില്‍

പ്രതികളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ച് പോലീസ്
Updated on
1 min read

കാലിഫോര്‍ണിയയിലെ മെഴ്സെഡ് കൗണ്ടിയില്‍ നിന്ന് കാണാതായ ഇന്ത്യന്‍ കുടുംബത്തിനായി തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗമെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായതോടെ ആത്മഹത്യക്ക് ശ്രമിച്ച 48കാരന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അതിനാല്‍ തന്നെ ഇയാളില്‍ നിന്ന് എന്തെങ്കിലും ചോദിച്ചറിയാന്‍ സാധിച്ചിട്ടില്ല.

തിങ്കളാഴ്ചയാണ് പഞ്ചാബ് സ്വദേശികളായ നാലംഗ കുടുംബത്തെ ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്. ജസ്പീത് സിങ് (36), ഭാര്യ ജസ്‌ലിൻ കൗർ (27), ഇവരുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് അരൂഹി ദേരി, ബന്ധു അമന്‍ ദീപ് സിങ് (39) എന്നിവരെയാണ് കാണാതായത്. അമന്‍ ദീപ് സിങിന്റെ കാര്‍ കത്തിക്കരിഞ്ഞ നിലയിലും കണ്ടെത്തിയിരുന്നു.

മെഴ്സെഡ് കൗണ്ടി സൗത്ത് ഹൈവേയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് നാലുപേരെയും തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രം പോലീസ് പുറത്തുവിട്ടു. മാസ്ക് ധരിച്ച മധ്യവയസ്കരാണ് ചിത്രത്തിലുള്ളത്. എന്നാല്‍ ഇവരെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങളൊന്നും ലഭ്യമായിട്ടില്ല. തട്ടിക്കൊണ്ടുപോയവരില്‍ ഒരാളുടെ എടിഎം കഴിഞ്ഞദിവസം ഉപയോഗിച്ചതായും പോലീസിന് വിവരം ലഭിച്ചു.

ഇന്ത്യന്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോകാനുള്ള കാരണം കണ്ടെത്താനാകാത്തതാണ് പോലീസിനേയും കുഴപ്പിക്കുന്നത്. മോചനദ്രവ്യം ആവശ്യപ്പെട്ട് ഇവരുടെ കുടുംബത്തെ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല.

പ്രതികളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്രതികളെന്ന് സംശയിക്കുന്നവരെ കണ്ടാല്‍ അറിയിക്കാനാണ് നിര്‍ദേശം. ആയുധധാരികളായതിനാല്‍ നേരിട്ട് പ്രതികളെ സമീപിക്കാന്‍ ഒരുങ്ങരുതെന്ന് പോലീസ് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

logo
The Fourth
www.thefourthnews.in