പിൻസീറ്റിൽ ഇരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധം; ലംഘിച്ചാല്‍ പിഴയീടാക്കുമെന്ന് കേന്ദ്ര സർക്കാർ

പിൻസീറ്റിൽ ഇരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധം; ലംഘിച്ചാല്‍ പിഴയീടാക്കുമെന്ന് കേന്ദ്ര സർക്കാർ

മൂന്ന് ദിവസത്തിനകം ഉത്തരവ് നടപ്പാക്കും. 2024ഓടെ റോഡപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
Updated on
1 min read

സൈറസ് മിസ്ത്രിയുടെ മരണത്തിന് പിന്നാലെ എല്ലാ കാർ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. കാറിൽ ഇരിക്കുന്ന എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിന്റെ പിന്നിൽ ഇരിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിൻസീറ്റിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും ആളുകൾ അത് പാലിക്കുന്നില്ല. മുൻ സീറ്റിലേത് പോലെ പിൻസീറ്റിൽ ഇരിക്കുന്നവർ ബെൽറ്റ് ധരിച്ചില്ലെങ്കിൽ സൈറൺ ഉണ്ടാകും. പിൻസീറ്റിലിരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കാൻ തയ്യാറായില്ലെങ്കിൽ പിഴ ഈടാക്കും - നിതിൻ ഗഡ്കരി പറഞ്ഞു. 1,000 രൂപയായിരിക്കും ഏറ്റവും കുറഞ്ഞ പിഴ. നിയമം ലംഘിക്കുന്നവർക്കും വീഴ്ച വരുത്തുന്നവർക്കും പിഴ ചുമത്തും. മൂന്ന് ദിവസത്തിനകം ഉത്തരവ് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൈറസ് മിസ്ത്രിയുടെ കാർ
സൈറസ് മിസ്ത്രിയുടെ കാർ

പിഴ ഈടാക്കുക എന്നതല്ല ആളുകളെ ബോധവത്കരിക്കുക എന്നതാണ് ലക്ഷ്യം. കാറുകളിൽ കൂടുതൽ എയർ ബാ​ഗുകൾ ഘടിപ്പിക്കണം. 2024ഓടെ റോഡപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യമെന്നും നിതിൻ ഗഡ്കരി പറഞ്ഞു. നിലവിലെ ചട്ടങ്ങൾ അനുസരിച്ച് ഇന്ത്യയിൽ കാറുകളിൽ മുൻ നിരയിലെ യാത്രക്കാരനും ഡ്രൈവർക്കും എയർബാഗുകൾ നിർബന്ധമാണ്. 2022 ജനുവരി മുതൽ ഓരോ പാസഞ്ചർ കാറിലും 6 എയർബാഗുകൾ സ്ഥാപിക്കുന്നത് സർക്കാർ നിർബന്ധമാക്കിയിരുന്നു. മഹാരാഷ്ട്രയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 59,000ത്തിലധികം ആളുകൾ റോഡപകടങ്ങളിൽ മരിക്കുകയും 80,000 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തുവെന്നാണ് ഹൈവേ പോലീസ് ഇന്ന് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.

logo
The Fourth
www.thefourthnews.in